കുറവിലങ്ങാട് ∙ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു മറ്റൊരു കാറിനു മുകളിൽ പതിച്ചു.
മറിഞ്ഞ കാർ ഓടിച്ചിരുന്ന വയോധികനു നിസ്സാര പരുക്ക്. കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിനു സമീപം വ്യാഴം രാവിലെ എട്ടരയോടെയായിരുന്നു അപകടം.
ദേവമാതാ കോളജ് മൈതാനത്തു നിന്നു പള്ളിയിലെ പാർക്കിങ് സ്ഥലത്തേക്കു പോകുകയായിരുന്ന കാർ റോഡിന്റെ വശത്തെ മതിലിൽ ഇടിച്ച ശേഷം പത്തടിയിലേറെ താഴ്ചയുള്ള പാർക്കിങ് സ്ഥലത്തേക്കു മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ കാർ ഇവിടെ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിന്റെ മുകളിലേക്കാണ് വീണത്.
രണ്ടു വാഹനങ്ങളും ഭാഗികമായി തകർന്നു. പാർക്കിങ് മൈതാനത്തിന്റെ മുകൾ ഭാഗത്താണ് ദേവമാതാ കോളജ് മൈതാനം.
കാർ ഓടിച്ചിരുന്ന കോഴാ മുപ്പാത്തിയിൽ എം.പി.മത്തായിക്ക് (72) നിസ്സാര പരുക്കേറ്റു.
മത്തായിയുടെ ഭാര്യ മേരി, മകൾ ഡോ. ബെറ്റ്സി എന്നിവർ കാറിൽ ഉണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
എട്ടുനോമ്പ് തിരുനാൾ നടക്കുന്ന പള്ളിയിൽ ദർശനത്തിന് എത്തിയവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മേരി, ബെറ്റ്സി എന്നിവരെ വേഗത്തിൽ പുറത്തെടുത്തു.
സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ എം.പി.മത്തായിയെ പുറത്തെടുക്കാൻ അൽപം വൈകി. ഇദ്ദേഹത്തിന്റെ കയ്യിൽ ചെറിയ മുറിവേറ്റിട്ടുണ്ട്.
വാഹനം പതിച്ച കാറിനുള്ളിൽ ആരും ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. ഈ കാറിന്റെ പിൻവശത്തെ സീറ്റിന്റെ മുകൾഭാഗം പൂർണമായി തകർന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]