കൊല്ലം ∙ കസവുസാരിയും സെറ്റുമുണ്ടും കസവ് ഷർട്ടുമെല്ലാം ഉടുത്ത്, കണ്ടാൽ മലയാളികൾ പോലും തോറ്റുപോകുന്ന മലയാളത്തനിമയിൽ ഓണമാഘോഷിച്ചു ജെമിനി സർക്കസിലെ പ്രതിഭകൾ. മെയ്വഴക്കം കൊണ്ട് അദ്ഭുതപ്പെടുത്തുന്ന കസർത്തുകൾ നടത്തുന്ന താരങ്ങൾ മലയാളി വേഷത്തിലാണ് ഓണപ്പൂക്കളവും കളികളുമായി മലയാള നാടിന്റെ ദേശീയോത്സവത്തിൽ പങ്കാളികളായത്.
മലയാളം ഒന്നുമറിയില്ലെങ്കിലും ഓണം എല്ലാവർക്കും സുപരിചിതം. എല്ലാ ഓണക്കാലത്തും കേരളത്തിലെ ഏതെങ്കിലും ഇടങ്ങളിലെ സർക്കസ് കൂടാരങ്ങളിൽ ഇവർ ഓണമാഘോഷിക്കാറുണ്ട്.
സർക്കസ് തമ്പിൽ ആശ്ചര്യം നിറയ്ക്കുന്ന താരങ്ങൾ മുഴുവൻ കേരളത്തിന് പുറത്തു നിന്നുള്ളവരാണ്.
ആഫ്രിക്കയിൽ നിന്നെത്തിയ പ്രതിഭകൾ മുണ്ടും നേരിയതും ധരിച്ചാണ് പരിപാടിക്കെത്തിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കസവ് സാരിയും മുണ്ടും വെള്ള ഷർട്ടുമിട്ടെത്തി.
സർക്കസ് കൂടാരത്തിന് മുന്നിൽ തന്നെ വലിയൊരു ഓണപ്പൂക്കളം ഒരുക്കിയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. പിന്നെ ഓണച്ചേലിൽ പൂക്കളത്തിന് മുന്നിൽ നിന്ന് ചിത്രങ്ങളും വിഡിയോകളും പകർത്തി.
സർക്കസ് കൂടാരത്തിലെ കുട്ടികളും വെള്ള നിറത്തിലുള്ള ഉടുപ്പുകൾ ഇട്ട് പരിപാടിയുടെ ഭാഗമായി. തിരുവോണ നാളായ ഇന്ന് സർക്കസിൽ ഓണസദ്യയും വിളമ്പും.
ആശ്രാമം മൈതാനത്ത് നടക്കുന്ന ജെമിനി സർക്കസ് വ്യത്യസ്ത തരം സാഹസിക കാഴ്ചകളൊരുക്കി ജനങ്ങളുടെ ഹൃദയം കീഴടക്കി പ്രദർശനം തുടരുകയാണ്.
നൂറുകണക്കിനു പേർക്കിരിക്കാവുന്ന കൂടാരത്തിൽ ദിവസവും ഉച്ചയ്ക്ക് 1, വൈകിട്ട് 4, രാത്രി 7 എന്നീ സമയങ്ങളിലാണു പ്രദർശനം. 150, 200, 250, 350 എന്നിങ്ങനെയാണു ടിക്കറ്റ് നിരക്ക്.
ആഫ്രിക്കയിലെയും താൻസാനിയയിലെയും കലാകാരന്മാരാണു സർക്കസിന്റെ പ്രധാന ആകർഷണം. ഇതിന് പുറമേ മറ്റും വിദേശ രാജ്യങ്ങളിലെയും മറ്റു സംസ്ഥാനങ്ങളിലെയും നൂറിൽപരം കലാകാരന്മാരാണ് 2 മണിക്കൂറോളം നീളുന്ന സർക്കസ് പ്രകടനങ്ങളിൽ അണിനിരക്കുന്നത്.
കുട്ടികൾക്കായി വന്യജീവികളുടെ റോബോട്ടിക് സെൽഫി പോയിന്റുകളും കൂടാരത്തിൽ ഒരുക്കിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]