ഓച്ചിറ∙ ഉത്രാട ദിനത്തിൽ നടന്ന അപകടത്തിൽ ഞെട്ടി വലിയകുളങ്ങര ഗ്രാമം.
ദേശീയപാതയുടെ വികസന പ്രവർത്തനം ആരംഭിച്ചതു മുതൽ ഏറ്റവും കൂടുതൽ അപകടം നടന്ന സ്ഥലമാണ് വലിയകുളങ്ങര. നാട്ടുവാതുക്കൽ ചന്തയ്ക്ക് സമീപം വ്യാഴം രാവിലെ 6.10ന് ആണ് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്.
ചുറ്റും പുക നിറഞ്ഞ നിലയിൽ രണ്ടു വാഹനങ്ങളാണ് നാട്ടുകാർ ആദ്യം കാണുന്നത്. ഓച്ചിറ പഞ്ചായത്തിലെ ഹരിത കർമ സേന അംഗങ്ങളും ആന്റേഴ്സൻ എഡ്വേഡ് എന്ന മാധ്യമ പ്രവർത്തകനുമാണ് സംഭവസ്ഥലത്തേക്ക് ആദ്യം എത്തിയത്.
ബസിന്റെ അടിയിൽ ഇടിച്ചുകയറിയ കാറും റോഡിലേക്ക് തെറിച്ചു വീണു കിടക്കുന്ന കുട്ടിയുമാണ് ആദ്യം ഇവരുടെ ശ്രദ്ധയിൽപെട്ടത്. ഓച്ചിറ പഞ്ചായത്ത് മുൻ പ്രസിഡന്റ് രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാരെത്തി ബസിന്റെ ഡോർ പുറത്തുനിന്നു തുറന്ന് പരുക്കേറ്റ യാത്രക്കാരെയും വാനിലെ യാത്രക്കാരെയും അതു വഴി വന്ന കാറുകളിൽ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കാറിന്റെ മുൻ സീറ്റിൽ ഇടതു ഭാഗത്തിരുന്ന ബിന്ധ്യ സൂസൻ പ്രിൻസിനെ വലിയ പരുക്കില്ലാതെ പുറത്തെടുത്തു.
ഇവരുടെ മകൻ അതുൽ ജീപ്പിൽ നിന്നു തെറിച്ച് വീണു തൽക്ഷണം മരിച്ചു. മക്കളായ അൽക്കയെയും ഐശ്വര്യയെയും നാട്ടുകാർ പുറത്തെടുത്ത് ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
അപ്പോഴും ഡ്രൈവർ സീറ്റിലിരുന്ന പ്രിൻസിനെ പുറത്തെടുക്കാൻ സാധിച്ചില്ല. വേഗത്തിൽ സ്ഥലത്തെത്തിയ ഓച്ചിറ പൊലീസും ഫയർ ഫോഴ്സും ഒരു മണിക്കൂറോളം യന്ത്രങ്ങളുടെ സഹായത്തോടെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് പ്രിൻസിന്റെ മൃതദേഹം പുറത്തെടുത്തത്.
അപ്പോഴേക്കും സി.ആർ.മഹേഷ് എംഎൽഎ, സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായൺ എന്നിവർ സ്ഥലത്തെത്തി.
ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി ഡിവൈഡറുകൾ സ്ഥാപിക്കുന്നതും പ്രദേശത്ത് മതിയായ അപകട സൂചന ബോർഡുകളും റിഫ്ലക്ടർ ബോർഡുകളും ഇല്ലാത്തതും റോഡിൽ വെളിച്ചമില്ലാത്തതും കാരണം അപകടം വർധിക്കുന്നതായി നാട്ടുകാർ പറയുന്നു.
ഒരു മാസം മുൻപ് ഇവിടെ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ചുകയറിയും ഓട്ടോറിക്ഷയിൽ ബസിടിച്ചും അപകടമുണ്ടായിട്ടുണ്ട്.
അപകടത്തിൽ പരുക്കേറ്റ കെഎസ്ആർടിസി ബസിലെ യാത്രക്കാർ
ബസ് ഡ്രൈവർ എം.അനസ് (39), കണ്ടക്ടർ തഴവ ഓംകാരത്തിൽ ചന്ദ്രലേഖ (34), ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമാരായ പാവുമ്പ ലക്ഷ്മി വിലാസത്തിൽ ദീപ്തി (37), വവ്വാക്കാവ് അശോക ഭവനത്തിൽ ഷൈനി (36), കരുനാഗപ്പള്ളി സ്വദേശി റിഹാന (30), പുതിയകാവ് സ്വദേശി നസീമ (45), മണപ്പള്ളി സ്വദേശി റോഷ്ന (32), മറ്റു യാത്രക്കാരായ ചങ്ങൻകുളങ്ങര സ്വദേശി മാലി (38) മകൾ മീനാക്ഷി (14), ചങ്ങൻകുളങ്ങര കോട്ടക്കുഴിയിൽ സലിജ (50), കല്ലേലിഭാഗം കൊച്ചുതറയിൽ പ്രതീന (54) മകൻ അഭിനവ് (13), ചങ്ങൻകുളങ്ങര ചന്തു ഭവനത്തിൽ ശ്രീദേവിയമ്മ (57), വവ്വാക്കാവ് നീലികുളം കളത്തൂർ കിഴക്കതിൽ റഷീദ് (64), ഭാര്യ ഫാരീഷ (42), മകൻ റഷീദ് (21), സ്മിത (48), വാസുദേവൻ (62), രജനി (40), രാജീവ് (57), സജി (50), മൊയ്തീൻ ബാബു (75) . ഇതിൽ 13 പേർ പ്രാഥമിക ചികിത്സ കഴിഞ്ഞു വീടുകളിലേക്കു മടങ്ങി.
“കൊച്ചിയിലേക്ക് ബൈക്കിൽ പോകുമ്പോഴാണ് മുന്നിൽ സഞ്ചരിച്ച കെഎസ്ആർടിസി ബസ് അപകടത്തിൽപെട്ടത് കാണുന്നത്.
പിന്നീട് അപകട സ്ഥലത്ത് ഓടിയെത്തി പരുക്കേറ്റവരെ വാഹനങ്ങളിൽ കയറ്റി ആശുപത്രിയിലേക്കു മാറ്റി.
അപ്പോഴാണ് കാറിനുള്ളിൽ ഒരാൾ കുരുങ്ങി കിടക്കുന്നത് കണ്ടത്. പിന്നീട് പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് കാറിൽ കുരുങ്ങിയ പ്രിൻസിനെ പുറത്തെടുക്കാൻ ഒരു മണിക്കൂറോളം ശ്രമിക്കുകയായിരുന്നു.”
ആന്റേഴ്സൻ എഡ്വേഡ്
ഓച്ചിറയിൽ വാനും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അച്ഛനും 2 മക്കളും മരിച്ചു
ഓച്ചിറ ∙ ദേശീയപാതയിൽ ഓച്ചിറ വലിയകുളങ്ങരയിൽ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് വാനിൽ സഞ്ചരിച്ച അച്ഛനും രണ്ടു മക്കളും മരിച്ചു.
അമ്മയ്ക്കും ഒരു മകൾക്കും പരുക്കേറ്റു. കെഎസ്ആർടിസി ബസ് ഡ്രൈവർ, വനിതാ കണ്ടക്ടർ, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമാർ ഉൾപ്പെടെ ബസിലുണ്ടായിരുന്ന 19 പേർക്കും പരുക്ക്.
തേവലക്കര പടിഞ്ഞാറ്റക്കര പൈപ്പ് ജംക്ഷനു സമീപം പ്രിൻസ് വില്ലയിൽ (ഇടത്തുണ്ടിൽ ) തോമസ് ലൂക്കോസ് –മറിയാമ്മ ദമ്പതികളുടെ മകൻ പ്രിൻസ് തോമസ് (44) മക്കളായ അതുൽ പ്രിൻസ് (14), അൽക്ക സാറ പ്രിൻസ് (6) എന്നിവരാണ് മരിച്ചത്. പ്രിൻസിനൊടൊപ്പം വാഹനത്തിലുണ്ടായിരുന്ന ഭാര്യ ബിന്ധ്യ സൂസൻ പ്രിൻസ് (34), മൂത്ത മകൾ ഐശ്വര്യ മെർലിൻ പ്രിൻസ് (17) എന്നിവർക്കാണ് പരുക്ക്.
“ഓച്ചിറ പഞ്ചായത്തിലെ ഹരിത കർമ സേന അംഗമായ കൊറ്റമ്പള്ളി സ്വദേശി അംബികയും സഹപ്രവർത്തകരും ജോലി ചെയ്യുന്നതിനു സ്കൂട്ടറിൽ ഓച്ചിറയിലേക്ക് പോകുമ്പോഴാണ് വലിയകുളങ്ങരയിലെ അപകടം കാണുന്നത്.
പുക ഉയരുന്നത് കണ്ടപ്പോൾ വാഹനങ്ങൾ തീ പിടിച്ചതാണെന്നാണു ആദ്യം കരുതിയത്. സ്കൂട്ടർ റോഡിന്റെ സൈഡിൽ വച്ച ശേഷം അപകട
സ്ഥലത്തേക്ക് ഓടി എത്തിയപ്പോൾ കണ്ട കാഴ്ച ഒരിക്കലും മറക്കാൻ സാധിക്കില്ല രക്ഷിക്കണേ എന്ന നിലവിളി ഇപ്പോഴും അംബികയുടെ കാതിൽ മുഴങ്ങുന്നു.
ആദ്യം പകച്ചു നിന്ന അംബിക പിന്നീട് നിലവിളിച്ച് നാട്ടുകാരെ വിളിക്കുകയും അപ്പോഴേക്കും കൂടെയുള്ളവർ പഞ്ചായത്ത് ഭാരവാഹികളെ വിളിച്ചറിയിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തിയതോടെ കൂടുതൽ ധൈര്യം സംഭരിച്ച് പരുക്കേറ്റവരെ വാഹനങ്ങളിൽ കയറ്റി.”
അംബിക, ഹരിത കർമ സേന അംഗം
കല്ലേലിഭാഗം കൈരളി ഫിനാൻസ്, മാരാരിത്തോട്ടം കൈരളി മെഡിക്കൽഷോപ്പ് എന്നിവയുടെ ഉടമയാണ് പ്രിൻസ്.
അതുൽ കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര ജെഎഫ്കെഎം വിഎച്ച്എസ്എസ് 9–ാം ക്ലാസ് വിദ്യാർഥിയും അൽക്ക തേവലക്കര സ്ട്രാറ്റ്ഫോഡ് പബ്ലിക് സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയുമാണ്. വ്യാഴം രാവിലെ 6.10നു വലിയകുളങ്ങര നാട്ടുവാതുക്കൽ ചന്ത ജംക്ഷനിലായിരുന്നു അപകടം.
എതിർ ദിശയിൽ വന്ന കെഎസ്ആർടിസി ബസിലേക്കു വാഹനം ഇടിച്ചു കയറുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
വാനിനുള്ളിൽ കുരുങ്ങിക്കിടന്ന പ്രിൻസിന്റെ മൃതദേഹം അഗ്നിശമനസേന എത്തിയാണു പുറത്തെടുത്തത്. അതുലും അൽക്കയും സംഭവ സ്ഥലത്തു തന്നെ മരിച്ചു.
ഇടിയുടെ ആഘാതത്തിൽ അതുൽ റോഡിലേക്കു തെറിച്ചു വീണു. ഒന്നര മാസം മുൻപ് വാങ്ങിയ വാഹനം പൂർണമായും കെഎസ്ആർടിസി ഭാഗികമായും തകർന്നു.
ഇടിയുടെ ആഘാതത്തിൽ ബസിന്റെ ഡോർ ലോക്ക് വീണു. നാട്ടുകാരെത്തിയാണു പുറത്തു നിന്നു ഡോർ തുറന്നു ബസിലുണ്ടായിരുന്ന ജീവനക്കാർ ഉൾപ്പെടെ 26 പേരെ പുറത്തിറക്കിയത്.
ബസിനുള്ളിൽ പൂർണമായി പുക നിറഞ്ഞു.
“അപകടത്തിൽ പരുക്കേറ്റു ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ബസ് കണ്ടക്ടർ ചന്ദ്രലേഖയ്ക്ക് താൻ ഇപ്പോഴും ജീവിച്ചിരുക്കുന്നതായി വിശ്വാസം വരുന്നില്ല. അപകടം നടക്കുമ്പോൾ ചങ്ങൻകുളങ്ങരയിൽ നിന്നു ബസിൽ കയറിയ അഞ്ചു പേർക്ക് ടിക്കറ്റ് നൽകുന്നതിനായി ബസിന്റെ മുൻ ഭാഗത്തേക്ക് വരികയായിരുന്നു.
അപ്പോഴാണ് ഉഗ്രമായ ശബ്ദത്തോടെ ബസ് തലകീഴായി മറിയുന്നതു പോലെ തോന്നിയത്. ബസിൽ നിന്നു മുന്നോട്ട് തെറിച്ച ചന്ദ്രലേഖ ബസിന്റെ മുന്നിലെ കമ്പിയിൽ തട്ടി ബസിനുള്ളിൽ വീഴുകയായിരുന്നു.
അപ്പോഴേക്കും ബസിനുള്ളിലെ യാത്രക്കാർ നിലവിളിക്കുകയും ബസിന്റെ ഡോർ സ്വയം ലോക്ക്് ആകുകയും ബസിനുള്ളിൽ പൂർണമായി പുക ഉയരുകയും ചെയ്തു. നാട്ടുകാർ എത്തിയാണ് എല്ലാവരെയും പുറത്തെടുത്തത്.
പത്ത് വർഷമായി ജോലി ചെയ്യുന്ന ചന്ദ്രലേഖയുടെ ആദ്യ അനുഭവമാണ്. അപകടത്തിൽ മുഖത്തും നെറ്റിയിലും പരുക്കുണ്ട്.”
ചന്ദ്രലേഖ, കെഎസ്ആർടിസി കണ്ടക്ടർ
ബിന്ധ്യയുടെ സഹോദരന്റെ മകനെ കാനഡയിലേക്കു യാത്രയാക്കാൻ കൊച്ചി വിമാനത്താവളത്തിൽ പോയി മടങ്ങുകയായിരുന്നു പ്രിൻസും കുടുംബവും.
ബുധൻ രാത്രി നെടുമ്പാശേരിയിലേക്കു പോയ ഇവർ പുലർച്ചെയോടെയാണു മടങ്ങിയത്. സാരമായി പരുക്കേറ്റ ഐശ്വര്യ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ബിന്ധ്യ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
കെഎസ്ആർടിസി ഡ്രൈവർ കരുനാഗപ്പള്ളി സ്വദേശി അനസ് (32), വനിതാ കണ്ടക്ടർ തഴവ സ്വദേശി ചന്ദ്രലേഖ (34) എന്നിവരും പരുക്കേറ്റ മറ്റു യാത്രക്കാരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
പരുക്കേറ്റവരിൽ 5 പേർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സുമാരാണ്. ഇവരിൽ സാരമായി പരുക്കേറ്റ നഴ്സ് റിഹാനയെ (34) ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
പ്രിൻസിന്റെയും കുട്ടികളുടെയും മൃതദേഹങ്ങൾ പോസ്റ്റു മോർട്ടത്തിനു ശേഷം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട് തേവലക്കര മർത്തമറിയം ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]