ആഭ്യന്തര വകുപ്പിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ടാബന്ധത്തെക്കുറിച്ച് വളരെ മുൻപ് വെളിപ്പെടുത്തൽ നടത്തിയ പൊലീസുകാരനാണ് ഉമേഷ് വള്ളിക്കുന്ന്. എന്നാൽ ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കു കത്തയച്ചതിന്ന് പിന്നാലെ കോഴിക്കോട് സ്വദേശിയും പത്തനംതിട്ട
ആറന്മുള സ്റ്റേഷനിലെ സീനിയർ സിപിഒയുമായിരുന്ന അദ്ദേഹം സസ്പെൻഡ് ചെയ്യപ്പെട്ടു. കുന്നംകുളം ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്ത് പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമർദനത്തിന് ഇരയാക്കപ്പെട്ട
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഉമേഷ് മുൻപ് ഉന്നയിച്ച ആരോപണങ്ങൾ കൂടുതൽ പ്രസക്തമാവുകയാണ്. “പൊലീസുകാർ ചെയ്യുന്ന നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഒന്നു മാത്രമാണ് കസ്റ്റഡി മർദ്ദനം.
ഞാൻ ഫറോക്ക് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സമയത്ത് അവിടെത്തെ സബ് ഇൻസ്പെക്ടർ പ്രതിയെ മുകൾ നിലയിലെ റസ്റ്റ് റൂമിൽ വെച്ച് തല്ലുന്നത് കണ്ടിട്ടുണ്ട്. സിസിടിവി ഉണ്ടെന്നന്നറിഞ്ഞിട്ടും അവർക്ക് സുജിത്തിനെ മർദിക്കാനുള്ള ധൈര്യം, അവരുടെ പൊലിസ് യൂണിഫോമാണ്.
അവർക്ക് പിന്നിൽ വലിയ രാഷ്ട്രീയ ശക്തികളുണ്ട് എന്നതാണ് വാസ്തവം. അത്ര വലുതാണ് പൊലിസിലെ മാഫിയ.
” മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പൊലീസ് കുറ്റകൃത്യങ്ങളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തുന്നു ഉമേഷ് വള്ളിക്കുന്ന് .
പൊലീസിനകത്ത് ഗുണ്ടാസംഘങ്ങളുണ്ടെന്നതിന്റെ തെളിവല്ലേ ഈ സംഭവം?
തീർച്ചയായും. പൊലീസ് സ്റ്റേഷനുകളിൽ നടക്കുന്ന കസ്റ്റഡി മർദ്ദനങ്ങളുടെ ഒരു ഇരയാണ് വി എസ് സുജിത്ത്. ഞാൻ പത്തനംതിട്ട ആറന്മുള സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴാണ് പൊലീസിൽ ഗുണ്ടാസംഘളുണ്ടെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.
അന്ന് നൽകിയ പരാതിയിൽ യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ല. പകരം എന്നെ പിരിച്ചുവിടുകയാണ് ചെയ്തത്.
പിന്നീട് പൊലീസുകാരിലെ പല ഉന്നതർക്കും ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധം വെളിപ്പെട്ടു. ഐപിഎസ് പദവിയിൽ ഇരിക്കുന്നവർ മുതൽ ഏറ്റവും താഴെക്കിടയിൽ ഉള്ള പൊലീസുകാർ വരെ പലതരത്തിലുള്ള ക്രൈമുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
അത്തരത്തിൽ പൊലീസുകാർ ചെയ്യുന്ന നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഒന്നു മാത്രമാണ് കസ്റ്റഡി മർദ്ദനം. മേലുദ്യോഗസ്ഥരെ പ്രീതിപ്പെടുത്തി ജോലിയെടുക്കാനാണ് പല പൊലീസുകാരും ശ്രമിക്കുന്നത്.
അതുകൊണ്ട് തന്റെ സ്റ്റേഷനിൽ നിയമവിരുദ്ധമായ കാര്യങ്ങൾ നടക്കുമ്പോൾ പ്രതികരിക്കാൻ പോലും അവർ തയ്യാറാവുന്നില്ല. അനധികൃതമായ കസ്റ്റഡി പാടില്ലെന്നോ, ബലപ്രയോഗം നടത്താൻ പാടില്ലെന്നോ പറയാൻ അവർ തയ്യാറാവുന്നില്ല.
അതുകൊണ്ട് തന്നെ രാജാവിനേക്കാൾ വലിയ രാജഭക്തികാണിച്ച് അവർ ഈ ക്രൈമുകൾക്ക് കൂട്ട് നിൽക്കുകയാണ്.
സിസിടിവിയുടെ മുന്നിൽവച്ച് സുജിത്തിനെ മർദിക്കാനുള്ള ധൈര്യമെന്തായിരിക്കും ?
സിസിടിവി ഉണ്ടെന്നറിഞ്ഞിട്ടും സുജിത്തിനെ മർദിക്കാനുള്ള ധൈര്യം അവരുടെ പൊലീസ് യൂണിഫോമാണ്. അവർക്ക് പിന്നിൽ വലിയ രാഷ്രീയ ശക്തികളുണ്ട് എന്നതാണ് വാസ്തവം.
അല്ലാതെ അവർക്ക് ഇത്ര ധൈര്യം ഉണ്ടാവില്ല. പൊലീസുകാർക്ക് രാഷ്ട്രീയം പാടില്ലെന്നാണ്, പക്ഷേ പൊലീസുകാർക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, രാഷ്ട്രീയ നേതാക്കളുടെ സ്വാധീനമുണ്ട്. 2003 തുടക്കത്തിലാണ് സ്റ്റേഷനുകളിൽ ക്യാമറ സ്ഥാപിക്കുന്നത്.
സ്റ്റേഷനിൽ നടക്കുന്ന കാര്യങ്ങൾ റെക്കോഡ് ചെയ്യപ്പെടും എന്നുറപ്പുണ്ടായിട്ടും ക്യമറക്കുമുന്നിൽ വച്ച് സുജിത്തിനെ മർദിച്ചെങ്കിൽ ഈ ദൃശ്യങ്ങൾ ആർക്കും കൊടുക്കേണ്ടതില്ല , അനായാസം നശിപ്പിച്ചുകളയാം എന്ന ധാരണ ഉള്ളതുകൊണ്ടാണ്, ആ ഉറപ്പുള്ളത് കൊണ്ടാണ്. വിവരവകാശ പ്രകാരം ഒരു മാസത്തിനുള്ളിൽ ലഭിക്കേണ്ട
വിഷ്വൽസ് സുജിത്തിന് ലഭിച്ചത് രണ്ട് വർഷത്തിന് ശേഷമാണ്. ഇത്രയും വൈകിയിട്ടും ഈ വിഷ്വൽസ് നശിപ്പിക്കപെടാതിരിക്കാനുള്ള കാരണം ഹൈകോടതിയിൽ നിന്നും ഉത്തരവ് വാങ്ങിയതു കൊണ്ടാണ്.
അല്ലാത്തപക്ഷം അന്നേ ദിവസം സിസിടിവി വർക്ക് ചെയ്യുന്നുണ്ടായിരുന്നില്ല, വിഷ്വൽസ് നശിച്ചുപോയി തുടങ്ങിയ കള്ളങ്ങൾ ആ പൊലീസുകാർ പറയുമായിരുന്നു. സുജിത്തും വർഗീസ് ചൊവ്വന്നൂരും ബുദ്ധിപൂർവം പോരാടിയത് കൊണ്ടാണ് ഈ തെളിവുകൾ സംരക്ഷിക്കപ്പെട്ടത്.
താങ്കൾ സർവീസിലുണ്ടായിരുന്ന സമയത്ത് ആരെങ്കിലും കസ്റ്റഡിയിൽ വച്ച് അക്രമിക്കപ്പെട്ടിട്ടുണ്ടോ ?
ഞാൻ സോഷ്യൽ മീഡിയയിൽ സജീവമാണെന്ന് ഇവർക്ക് അറിയുന്നത് കൊണ്ട് തന്നെ എന്റെ മുന്നിൽ വച്ച് ആളുകളെ മർദിക്കാറില്ല.
ഞാൻ ഫറോക്ക് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സമയത്ത് അവിടെത്തെ സബ് ഇൻസ്പെക്ടർ പ്രതിയെ മുകൾ നിലയിലെ റസ്റ്റ് റൂമിൽ വെച്ച് തല്ലുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഞാൻ മുറിയിലേക്ക് ചെന്നപ്പോൾ പെട്ടെന്ന് നിർത്തി.
ഒത്തുതീർപ്പിനായി സുജിത്തിനെ സമീപിച്ചവർ വലിയ തുക വാഗ്ദാനം ചെയ്തു.
താങ്കൾക്ക് ഇതുപോലുള്ള വാഗ്ദാനങ്ങളോ ഭീഷണികളോ കിട്ടിയിട്ടുണ്ടോ ?
ഐജിയായി വിരമിച്ച ഒരാളുടെ നിയമവിരുദ്ധ പ്രവർത്തങ്ങൾക്കെതിരെ ഞാൻ പ്രതികരിച്ചപ്പോൾ പല തരത്തിലുള്ള ഭീഷണികളും ഒത്തുതീർപ്പിനുള്ള ക്ഷണങ്ങളും കിട്ടിയിട്ടുണ്ട്. റിട്ടയേർഡ് ആവാനായ സമയത്ത് അദ്ദേഹത്തിൻെറ ഇമേജിനെ ബാധിക്കുന്ന ഇത്തരം പ്രവർത്തികൾ എന്റെ ഭാഗത്ത് നിന്നുണ്ടാവരുതെന്ന് താക്കീതുകൾ കിട്ടിയിട്ടുണ്ട്.
പൊലീസ് സേനയ്ക്കകത്ത് നിന്നായിരുന്നു ഇതെല്ലാം. പക്ഷേ എനിക്ക് സൗകര്യമില്ല, എനിക്ക് ഉണ്ടാവുന്ന നഷ്ടം ഞാൻ സഹിച്ചോളാം എന്നാണ് പറഞ്ഞത്.
സസ്പെൻഷന് ശേഷം എനിക്ക് ഉണ്ടായ സാമ്പത്തിക നഷ്ടം നികത്തിത്തരാമെന്ന വാഗ്ദാനങ്ങൾ വരെ ഉണ്ടായിരുന്നു. ഇതിനൊന്നും ഞാൻ വഴങ്ങിയില്ല.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]