ഇരിട്ടി ∙ ഓണാഘോഷത്തിരക്കിൽ നഗരം ഗതാഗതക്കുരുക്കിൽ പെടാതിരിക്കാൻ പൊലീസ് രംഗത്ത്. 25 പൊലീസുകാരും 4 മൊബൈൽ പട്രോളിങ് ടീമുകളും ആണ് ഇന്നലെ മുതൽ നഗരത്തിൽ പ്രവർത്തിച്ചത്.
അനധികൃതമായും മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടം ഉണ്ടാക്കുന്ന വിധവും പാർക്ക് ചെയ്ത 40 വാഹനങ്ങൾക്കെതിരെ ഇന്നലെ പിഴ ചുമത്തി. 600 ഓളം വാഹനങ്ങൾ ഇന്നലെ ട്രാഫിക് നിയമം ലംഘിച്ച സാഹചര്യത്തിൽ കണ്ടെത്തിയെങ്കിലും ഓണം ആണെന്ന പരിഗണന നൽകി താക്കീത് നൽകി വിട്ടയച്ചു.
ഉത്രാടദിനമായ ഇന്ന് നഗരത്തിൽ കനത്ത തിരക്കാണ് പ്രതീക്ഷിക്കുന്നത്.
കടകളിലേക്കു സാധനങ്ങൾ വാങ്ങാൻ എത്തുന്നവരും ഓണം ആഘോഷിക്കാൻ വിദേശത്ത് ഉൾപ്പെടെയുള്ള ജോലി സ്ഥലങ്ങളിൽ നിന്നു നാട്ടിൽ എത്തിയവരുമായി ആയിരക്കണക്കിനാളുകളാണ് ടൗണിൽ എത്തുന്നത്. സ്വകാര്യ വാഹന പാർക്കിങ്ങിന് ആവശ്യമായ സ്ഥലങ്ങൾ ഇല്ലെന്ന ന്യൂനതകൾക്ക് പുറമേ ഉള്ള സ്ഥലങ്ങൾ കൂടി ഉപയോഗിക്കാതെ നഗരത്തിൽ പൊതുനിരത്തിൽ തന്നെ വാഹനങ്ങൾ തലങ്ങും വിലങ്ങും ഇടുന്നതാണു കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
നോ പാർക്കിങ് സ്ഥലങ്ങൾ, നടപ്പാത, ബസ് വേ എന്നിവിടങ്ങളിൽ ഉൾപ്പെടെ അനധികൃതമായി സ്വകാര്യ വാഹനങ്ങൾ നിർത്തിയിടുകയാണ്.
ബസ് സ്റ്റാൻഡ് വൺവേ റോഡിൽ ഇരുവശത്തും വാഹന പാർക്കിങ്ങിന് അനുമതിയില്ല. ഇവിടെ റോഡിന് വീതി ഉള്ളതിനാൽ ഒരു വശത്ത് പാർക്ക് ചെയ്യുന്നതു പൊലീസ് തടസ്സപ്പെടുത്താറുമില്ല.
എന്നാലിപ്പോൾ ഇരുവശത്തും വാഹനങ്ങൾ നിർത്തിയിടുകയാണ്. പഴയ പാലം പ്രദേശത്തേക്കും പേ പാർക്കിങ് കേന്ദ്രങ്ങളിലേക്കും അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന എല്ലാ വിധ വാഹനങ്ങളും വൺവേ റോഡ് വഴി ആയതിനാൽ ഇരുവശത്തും അനധികൃത പാർക്കിങ് കൂടി ആകുന്നതോടെ ബസുകൾ കുരുക്കിൽ പെടുകയാണ്.
ഇരിട്ടി പാലം മുതൽ കീഴൂർ വരെ കൂടുതൽ ഗതാഗത തിരക്കനുഭവപ്പെടുന്ന മേഖല എന്നു കണക്കിലെടുത്താണ് കൂടുതൽ പൊലീസുകാരെ ട്രാഫിക് ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുള്ളത്.
ഇന്നലെ മേലേ സ്റ്റാൻഡ്, പഴയ സ്റ്റാൻഡ്, ബസ് സ്റ്റാൻഡ് വൺവേ റോഡ്, സിറ്റി സെന്റർ, പഴയ പോസ്റ്റ് ഓഫിസ് പരിസരം, പയഞ്ചേരിമുക്ക് എന്നിവിടങ്ങളിൽ നിന്നാണു ഗതാഗത തടസ്സം സൃഷ്ടിച്ചു പാർക്ക് ചെയ്ത വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്. പരിശോധനകൾക്ക് എസ്ഐമാരായ ടി.ജി.അശോകൻ, റെജി സ്കറിയ, സിവിൽ പൊലീസ് ഓഫിസർമാരായ അബ്ദുൽ നവാസ്, കെ.പി.സി.പ്രിയേഷ് എന്നിവർ നേതൃത്വം നൽകി.
നഗരത്തിലെ ഗതാഗതക്കുരുക്കിൽ പെട്ട് ഓണാഘോഷത്തിന്റെ നിറം മങ്ങാതിരിക്കാൻ സുരക്ഷിത യാത്ര ഒരുക്കാനുള്ള പൊലീസ് നടപടികളോടു സഹകരിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത നടപടി സ്വീകരിക്കേണ്ടി വരുമെന്നും ഇരിട്ടി എസ്എച്ച്ഒ എ.ഉണ്ണിക്കൃഷ്ണൻ മുന്നറിയിപ്പ് നൽകി.
പേ പാർക്കിങ് കേന്ദ്രങ്ങൾ; ഉപയോഗിക്കാൻ മടി
ഇരിട്ടി പഴയ പാലം റോഡിലും പഴയ ബസ് സ്റ്റാൻഡിലെ നഗരസഭ ഓപ്പൺ ഓഡിറ്റോറിയത്തിലും നേരംപോക്ക് റോഡിലും ഉൾപ്പെടെ പേ പാർക്കിങ് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും ‘ഫീസ്’ നൽകാൻ മടി ആയതിനാൽ മിക്കവർക്കും ഇതുപയോഗിക്കാൻ താൽപര്യം ഇല്ല. വാഹന ഉടമകളുടെ ഈ നിലപാടാണ് നഗരത്തെ കൂടുതൽ ട്രാഫിക് കുരുക്കിലാക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]