ആലപ്പുഴ∙ ഓരോ വർഷവും നെഹ്റു ട്രോഫി വള്ളംകളിക്കു ശേഷമുള്ള പുന്നമട ശുചീകരണം വലിയ അധ്വാനമാണ്.
ഇത്തവണ പക്ഷേ മാലിന്യത്തിന്റെ അളവ് വലിയ തോതിൽ കുറഞ്ഞു. ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കിയതും വള്ളംകളി പ്രേമികൾ അതിനോടു പൂർണമായി സഹകരിച്ചതും ഇതിനു കാരണമാണ്.
കഴിഞ്ഞ വർഷം 3 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യം മാത്രം പുന്നമടയിൽ നിന്നു ശേഖരിച്ചിരുന്നു. ഇത്തവണ ആ സ്ഥാനത്ത് 1200 കിലോഗ്രാം മാത്രമാണ് ആകെ ലഭിച്ച മാലിന്യം.
നെഹ്റു പവിലിയനിലും ഫിനിഷിങ് പോയിന്റിലും നിന്നായി രണ്ടര ലോഡ് മാലിന്യം മാത്രമേ നീക്കാൻ ഉണ്ടായിരുന്നുള്ളൂ. മാലിന്യത്തിലെ പ്ലാസ്റ്റിക് വേർതിരിച്ചു ഹരിതകർമസേനയെ ഏൽപിക്കും.
ജൈവ മാലിന്യം തുമ്പൂർമുഴി കംപോസ്റ്റ് യൂണിറ്റുകളിലേക്കു നൽകും.നെഹ്റു പവിലിയനിൽ പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെ പരമാവധി ഒഴിവാക്കിയിരുന്നു. അതിഥികൾക്കു ഗ്ലാസ് കുപ്പികളിലാണു വെള്ളം നൽകിയത്. വാട്ടർ കിയോസ്കുകളും സ്ഥാപിച്ചിരുന്നു.
വള്ളംകളി കാണാൻ എത്തിയവരുടെ പക്കലുള്ള പ്ലാസ്റ്റിക് കുപ്പികളിലും ഭക്ഷണപ്പൊതികളിലും 20 രൂപ ഫീസ് വാങ്ങി സ്റ്റിക്കർ പതിച്ചാണു കടത്തിവിട്ടത്.
മുൻ വർഷങ്ങളിലേതിനെക്കാൾ ഉയർന്ന ഫീസ് വാങ്ങിയതിനാൽ മിക്കവരും കുപ്പികൾ തിരിച്ചെത്തിച്ചു. ഇത്തരത്തിൽ മാത്രം 800 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം സംഭരിച്ചു. തുണികൊണ്ടുള്ള ബാനറുകൾ കൂടുതലായി ഉപയോഗിച്ചതും മാലിന്യത്തിന്റെ അളവു കുറച്ചു.500ലേറെ ഗ്രീൻ വൊളന്റിയർമാരാണു ഹരിത പ്രോട്ടോക്കോൾ ഉറപ്പാക്കുന്നതിനും ശുചീകരണത്തിനുമായി പ്രവർത്തിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]