റാന്നി ∙ പൈപ്പ് പൊട്ടി വെള്ളം കുത്തിയൊലിച്ച് പുനലൂർ–മൂവാറ്റുപുഴ പാത തകർന്നു. റാന്നി കുത്തുകല്ലുങ്കൽപടിക്കും മന്ദിരം ജംക്ഷനും മധ്യേ പാതയുടെ മധ്യ ഭാഗമാണു തകർന്നത്.
ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെയാണു സംഭവം. സ്വകാര്യ മൊബൈൽ കമ്പനിയുടെ കേബിൾ സ്ഥാപിക്കുന്നതിന് പൈപ്പിടുന്ന പണികൾ ഇവിടെ നടക്കുന്നുണ്ട്. 50 മീറ്ററോളം ദൂരത്തിൽ പാതയുടെ വശത്ത് കുഴിയെടുത്ത ശേഷം മുൻപിട്ടിട്ടുള്ള ചാലിലൂടെ പൈപ്പ് കയറ്റിയിടുകയാണ്. പൈപ്പ് പൊട്ടിയ ഭാഗത്തു കഴിഞ്ഞ ദിവസം കേബിളിന്റെ പൈപ്പിട്ടിരുന്നു.
ഇന്നലെ ഇതിനു 5 മീറ്റർ അകലെ കുഴിയെടുത്താണ് പൈപ്പ് ഇട്ടത്. ഇതിനിടെയാണ് ശബ്ദത്തോടെ പാതയുടെ മധ്യ ഭാഗത്തെ ബിഎം ബിസി ടാറിങ് തകർന്നത്. 5 മീറ്ററോളം നീളത്തിൽ മധ്യ ഭാഗം പൊട്ടിയടർന്നിരിക്കുകയാണ്.
പിന്നാലെ പാതയുടെ വശത്തു നിന്നു പൈപ്പിലൂടെ വൻതോതിൽ വെള്ളം കുറുകെ ഒഴുകി. സംഭവം അറിഞ്ഞ് ജല അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
അവരുടെ നിർദേശ പ്രകാരം പൈപ്പിലൂടെ വെള്ളം തുറന്നു വിടുന്നതു നിർത്തി. കെഎസ്ടിപി എൻജിനീയർമാരും സ്ഥലത്തെത്തി പരിശോധന നടത്തി.
തകർന്ന ഭാഗം ഉടനെ പുനരുദ്ധരിക്കുമെന്ന് അവർ അറിയിച്ചു.
ഇവിടെ പാതയുടെ മധ്യ ഭാഗത്തു കൂടി കുറുകെ പൈപ്പുകൾ സ്ഥാപിച്ചിട്ടില്ലെന്നു ജല അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. വശത്തു കൂടിയാണ് റാന്നി മേജർ ജല വിതരണ പദ്ധതിയുടെ പൈപ്പിട്ടിട്ടുള്ളത്.
മന്ദിരം പള്ളിപടി സംഭരണിയിലേക്കുള്ള പ്രധാന പൈപ്പാണിത്. കോന്നി–പ്ലാച്ചേരി പാത നവീകരിച്ചപ്പോൾ വളവുകൾ ഒഴിവാക്കി കുത്തുകല്ലുങ്കൽപടി–മന്ദിരം വരെ പുതിയ പാത നിർമിച്ചിരുന്നു. ഇത്തരത്തിൽ മണ്ണും പാറമക്കുമിട്ട് പാത നിർമിച്ച ഭാഗമാണ് ടാറിങ് ഉൾപ്പെടെ തകർന്നത്.
പൊട്ടിയ പൈപ്പിൽ നിന്നുള്ള വെള്ളം ടാറിങ്ങിനടിയിലൂടെ കുത്തിയൊഴുകിയതാകാം നാശത്തിനു കാരണമെന്ന് കരുതുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]