യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വീണ്ടും ഒളിയമ്പെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം ‘സാമ്പത്തിക സ്വാർത്ഥത’ മൂലമുള്ള വെല്ലുവിളികൾ നേരിടുകയാണെന്നും ഈ സാഹചര്യത്തിലും ഇന്ത്യ ഇക്കഴിഞ്ഞ ഏപ്രിൽ-ജൂൺ പാദത്തിൽ 7.8% ജിഡിപി വളർച്ച നേടിയെന്നും മോദി പറഞ്ഞു.
ഏവരും പ്രതീക്ഷിച്ചതിനേക്കാൾ മികച്ച നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ സെമികോൺ ഇന്ത്യ 2025 പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.
ഇന്ത്യയ്ക്കുമേൽ ട്രംപ് 50% ഇറക്കുമതി തീരുവ പ്രഖ്യാപിക്കുകയും കൂടുതൽ പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പ്രതികരണം.
ലോകം ഇന്ത്യയെ വിശ്വസിക്കുന്നുവെന്നും ഇന്ത്യയിലാണ് ലോകത്തിന്റെ ‘സെമികണ്ടക്ടർ ഭാവി’യെന്നും മോദി പറഞ്ഞു. നമുക്കൊപ്പം മുന്നോട്ടുപോകാനാണ് ഇപ്പോൾ ലോകത്തിന്റെ താൽപര്യം.
ഇവിടെ നിർമിക്കുന്ന കുഞ്ഞൻ ചിപ് (സെമികണ്ടക്ടർ) ലോകത്ത് വലിയ മാറ്റത്തിന്റെ ചാലകശക്തിയാവും. ക്രൂഡ് ഓയിലിനെ പലരും കറുത്ത സ്വർണം എന്ന് വിളിക്കാറുണ്ട്.
ചിപ്പുകൾ ഡിജിറ്റൽ വജ്രങ്ങളാണെന്നും മോദി പറഞ്ഞു.
വെറുതേ ചിപ് നിർമിക്കുകയല്ല; ഇന്ത്യയെ ലോകതലത്തിൽതന്നെ മത്സരിക്കാനാകുംവിധം വളർത്തും, സ്വയംപര്യാപ്തമാക്കും (ആത്മനിർഭർ) – മോദി പറഞ്ഞു. ‘‘നമ്മൾ യാത്ര മെല്ലെ തുടങ്ങിയെന്നേയുള്ളൂ, എന്നാൽ, ഇനി നമ്മളെ തടുക്കാൻ ഒന്നിനും കഴിയില്ല’’, മോദി വ്യക്തമാക്കി.
നിലവിൽ 600 ബില്യൻ ഡോളറിന്റേതാണ് ലോകത്തെ ചിപ് വിപണിമൂല്യം. അതു വൈകാതെ ഒരു ട്രില്യൻ ഡോളറാകും.
ഇന്ത്യയ്ക്കായിരിക്കും അതിൽ വലിയ പങ്കെന്നും മോദി പറഞ്ഞു. കേവലം മെയ്ഡ് ഇൻ ഇന്ത്യ എന്നതിനപ്പുറം, ‘ഇന്ത്യയിൽ രൂപകൽപന, ഇന്ത്യയിൽ നിർമാണം, ഇന്ത്യയെ വിശ്വാസം’ എന്ന് ലോകം പറയുമെന്നും മോദി അഭിപ്രായപ്പെട്ടു.
2023ലാണ് ഇന്ത്യയിലെ ആദ്യ സെമികണ്ടക്ടർ പ്ലാനിന് അനുമതി ലഭിച്ചത്.
ഇതിനകം ഒന്നരലക്ഷം കോടിയുടെ 10 പ്ലാന്റുകൾക്ക് അനുമതി നൽകി. ലോകത്തിന് ഇന്ത്യയോടുള്ള മതിപ്പ് ഏറുന്നതിന് തെളിവാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ നിർമിച്ച ആദ്യ ചിപ്പ് ചടങ്ങിൽ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഐഎസ്ആർഒ നിർമിച്ച വിക്രം 32-ബിറ്റ് പ്രോസസർ ആണിത്.
ഇന്ത്യയുടെ സെമികണ്ടക്ടർ വിപണി
2023ലെ കണക്കുപ്രകാരം 38 ബില്യനാണ് ഇന്ത്യൻ സെമികണ്ടക്ടർ വിപണിയുടെ മൂല്യം.
2024-25ൽ ഇത് 40-50 ബില്യനായെന്ന് കരുതുന്നു. 2030ഓടെ ഇരട്ടിച്ച് 100-110 ബില്യനാകുമെന്നാണ് വിലയിരുത്തൽ.
ലോകത്ത് സെമികണ്ടക്ടർ നിർമാണത്തിൽ 60 ശതമാനവും ഇപ്പോൾ തായ്വാനിലാണ്. യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യൂറോപ്യൻ യൂണിയൻ എന്നിവയും ആഭ്യന്തരതലത്തിൽ ചിപ് നിർമാണം പ്രോത്സാഹിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]