സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവരുടെ നെഞ്ചിൽ ഇടിത്തീയായി വില റെക്കോർഡ് തകർത്തു വൻ മുന്നേറ്റത്തിൽ. കേരളത്തിൽ ഇന്നു ഗ്രാമിന് 20 രൂപ വർധിച്ച് 9,725 രൂപയും പവന് 160 രൂപ ഉയർന്ന് 77,800 രൂപയുമായി.
ഇന്നലെ കുറിച്ച ഗ്രാമിന് 9,705 രൂപയും പവന് 77,640 രൂപയും എന്ന റെക്കോർഡ് ഇനി പഴങ്കഥ. കഴിഞ്ഞ 6 ദിവസത്തിനിടെ മാത്രം ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയും കൂടി.
3% ജിഎസ്ടിയും 53.10 രൂപ ഹോൾമാർക്ക് ഫീസും 3 മുതൽ 35 ശതമാനം വരെയൊക്കെ നീളുന്ന പണിക്കൂലിയും ചേരുമ്പോൾ വിലവർധനയുടെ ഭാരം ഇതിലുമേറെ.
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണത്തിന്റെ കത്തിക്കയറ്റം. ഔൺസിന് 3,474 ഡോളറിൽ നിന്ന് സർവകാല ഉയരമായ 3,505 ഡോളറിൽ എത്തിയവില ഇപ്പോൾ വ്യാപാരം ചെയ്യുന്നത് നേരിയ ഇറക്കവുമായി 3,495 ഡോളറിൽ.
യുഎസ് പ്രസിഡന്റ് ട്രംപ് താരിഫ് പോരിനിനിറങ്ങുംമുൻപ്, ഏപ്രിലിൽ കുറിച്ച 3,500 ഡോളർ എന്ന റെക്കോർഡാണ് തിരുത്തിയത്. അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈ മാസം ചേരുന്ന പണനയ നിർണയ യോഗത്തിൽ അടിസ്ഥാന പിലശനിരക്ക് കുറയ്ക്കുമെന്ന സൂചന നൽകിയിട്ടുണ്ട്.
പലിശനിരക്ക് കുറയുന്നത് ഡോളറിനും ബോണ്ടിനും ക്ഷീണമാകും; ഇത് മുതലെടുത്ത് സ്വർണവില കൂടുതൽ കുതിക്കുകയും ചെയ്യും.
ഫലത്തിൽ, കേരളത്തിൽ സ്വർണവില വരുംദിവസങ്ങളിലും മുന്നേറാനുള്ള സാധ്യതയാണ് നിരീക്ഷകർ കാണുന്നത്.
രാജ്യാന്തരവില റെക്കോർഡിൽ നിന്ന് നേരിയതോതിൽ താഴ്ന്നിറങ്ങുകയും കഴിഞ്ഞ ദിവസങ്ങളിൽ ഡോളറിനെതിരെ എക്കാലത്തെയും താഴ്ചയിലേക്കു വീണ ഇന്ത്യൻ രൂപ ഇന്ന് നേരിയ നേട്ടം കൈവരിക്കുകയും ചെയ്തതാണ്, കേരളത്തിൽ സ്വർണവിലയുടെ വൻ വർധനയ്ക്ക് ഇന്നു തടയിട്ടത്. അല്ലായിരുന്നെങ്കിൽ പവൻവില ഇന്നുതന്നെ 78,000 രൂപയെന്ന നാഴികക്കല്ല് ഭേദിക്കുമായിരുന്നു.
രൂപ ഇന്ന് 5 പൈസ നേട്ടവുമായി 86.04ൽ എത്തിയിട്ടുണ്ട്.
∙ അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ഗവർണർ ലീസ കുക്കിനെ പുറത്താക്കിയ ട്രംപിന്റെ നടപടിയും സ്വർണവിലയുടെ മുന്നേറ്റത്തിനൊരു കാരണമാണ്.
∙ കേന്ദ്രബാങ്കിന്റെ പ്രവർത്തന സ്വാതന്ത്ര്യത്തിൽ ട്രംപ് കൈകടത്തുകയാണെന്ന വിമർശനം ആഗോളതലത്തിൽ നിന്നുതന്നെ ഉയർന്നിട്ടുമുണ്ട്. ഫെഡറൽ റിസർവിന്റെ വിശ്വാസ്യതയെ ഇതു ബാധിക്കുമെന്ന വിലയിരുത്തൽ അമേരിക്കന് സമ്പദ്വ്യവസ്ഥയെയും ഉലയ്ക്കുന്നതാണ് സ്വർണത്തിന്റെ സ്വീകാര്യത കൂട്ടുന്നതും വിലയെ മേലോട്ട് നയിക്കുന്നതും.
വെള്ളിക്കും 18 കാരറ്റിനും പുതിയ ‘ആകാശം’
സംസ്ഥാനത്ത് ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് ഇന്ന് 15 രൂപ വർധിച്ച് 8,045 രൂപയായി.
ഇന്നലെയാണ് വില ചരിത്രത്തിൽ ആദ്യമായി 8,000 രൂപ കടന്നത്. അതേസമയം, മറ്റൊരു വിഭാഗം വ്യാപാരികൾ നൽകിയ വില ഗ്രാമിന് 15 രൂപ ഉയർത്തി 7,985 രൂപയാണ്.
വെള്ളി വില ചില ജ്വല്ലറികളിൽ ഗ്രാമിന് ഒരു രൂപ ഉയർന്ന് പുത്തൻ ഉയരമായ 134 രൂപയിലെത്തി. മറ്റു ജ്വല്ലറികൾ നൽകിയ വില ഒരു രൂപ കൂട്ടി 131 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(
Disclaimer:
ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക
)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]