മറയൂർ∙ കാന്തല്ലൂർ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായി തുടരുന്നു. ഇന്നലെ പുലർച്ചെ മൂന്നുമണിക്ക് കാന്തല്ലൂർ പ്രതീഷ് നടത്തുന്ന റിസോർട്ടിൽ കയറിയ രണ്ട് കാട്ടാനകൾ ഒട്ടേറെ നാശനഷ്ടം വരുത്തി.
കമ്പിവേലി തകർക്കുകയും കോമ്പൗണ്ടിലെ വാഴക്കൃഷി പൂർണമായും നശിപ്പിക്കുകയും ചെയ്തു. പത്തു വർഷത്തോളമായി പ്രതീഷ് ലീസിന് എടുത്ത് നടത്തുന്ന നെസ്റ്റ് കോട്ടേജ് വളപ്പിലാണ് ആനകൾ കയറി നാശം വിതച്ചത്. അഞ്ചാം തവണയാണ് കാട്ടാനകൾ റിസോർട്ട് വളപ്പിനുള്ളിൽ കയറുന്നത്.
പ്രദേശത്ത് കഴിഞ്ഞവർഷം കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുകയും മനുഷ്യർക്കു നേരെ ആക്രമണം നടത്തുകയും ചെയ്തതിനെ തുടർന്ന് ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ശക്തമായ പ്രതിഷേധത്തിനൊടുവിൽ കാട്ടാനകളെ വനത്തിലേക്കു തുരത്തിയിരുന്നു.
എന്നാൽ കഴിഞ്ഞയാഴ്ച മുതൽ വീണ്ടും പ്രദേശത്ത് കാട്ടാനകൾ എത്തി ശല്യം തുടങ്ങി. ഇവയെ വനമേഖലയിലേക്കു തുരത്തി ജനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കിയില്ലെങ്കിൽ വീണ്ടും പ്രതിഷേധം ഉണ്ടാകുമെന്ന് കർഷകർ പറഞ്ഞു.
കാട്ടാനകൾ റിസോർട്ടിനുള്ളിൽ കയറിയതായി വിവരമറിയിച്ചെങ്കിലും വനംവകുപ്പ് ജീവനക്കാർ എത്തിയത് രാവിലെ ആറു മണിക്കാണെന്ന് റിസോർട്ട് ഉടമ പറഞ്ഞു. ചിന്നാർ വന്യജീവി സങ്കേതത്തിൽ നിന്നും ജനവാസ മേഖലയിൽ എത്തുന്ന കാട്ടാനകൾ വനാതിർത്തിയോട് ചേർന്നു കിടക്കുന്ന പാമ്പൻപാറ, പുതുവെട്ട്, പെരടിപള്ളം, വേട്ടക്കാരൻ കോവിൽ, ശിവൻപന്തി വഴിയാണ് ഗ്രാമങ്ങളിലേക്ക് കടക്കുന്നത്.
ഈ പാതയിലെ വനപാലകർ നിരീക്ഷണം ശക്തമാക്കി ഇവയെ തടഞ്ഞ് കാട്ടിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]