എടക്കാട് ∙ ആറുവരി ദേശീയപാത നിർമാണത്തിനു വേണ്ടി നടാൽ മുതൽ എടക്കാട് വരെയുള്ള പഴയ ദേശീയപാത അടച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസുകൾ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് തുടരുന്നു. കണ്ണൂരിൽ നിന്ന് ചാല വഴി തലശ്ശേരിയിലേക്ക് പോകുന്ന ദീർഘദൂര ബസുകളും ഇന്നു മുതൽ കണ്ണൂരിനും തലശ്ശേരിക്കും ഇടയിൽ ഓടില്ലെന്ന് കഴിഞ്ഞദിവസം ബസ് ഉടമകളും ജീവനക്കാരും പ്രഖ്യാപിച്ചിരുന്നു.
കണ്ണൂരിൽ നിന്ന് തോട്ടട വഴി കിഴുന്നയിലേക്കു പോകുന്ന ബസുകളും ഓട്ടം നിർത്തും.
അതിനിടെ സ്വകാര്യ ബസ് പണിമുടക്കുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം ഇന്നു വൈകിട്ട് 3 ന് ബസ് ഉടമകളെയും ജീവനക്കാരെയും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോ–ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.
റൂട്ടിൽ സ്വകാര്യ ബസുകൾ നടത്തുന്ന സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ യാത്രക്കാർ വലയുകയാണ്. ഓണ ദിനങ്ങളിൽ ബസ് ഓടാത്തത് യാത്രക്കാരെയും റൂട്ടിലെ വ്യാപാരികളെയും ഏറെ വിഷമത്തിലാക്കിയിട്ടുണ്ട്.
സമരം കണക്കിലെടുത്ത് കെഎസ്ആർടിസി ബസുകൾ ഓടുന്നുണ്ടെങ്കിലും എണ്ണത്തിൽ കുറവായതിനാൽ യാത്രാ ക്ലേശം പരിഹരിക്കാനാവുന്നില്ല. ഓടുന്ന കെഎസ്ആർടിസി ബസുകളിൽ തിരക്ക് കാരണം കാലുകുത്താൻ ഇടമില്ലാത്ത അവസ്ഥയാണ്. നടാൽ–എടക്കാട് പഴയ ദേശീയപാത അടച്ചതിനെ തുടർന്ന് തിരിച്ച് വിട്ട
വഴിയിലൂടെ ഓടാനാവില്ലെന്നു പറഞ്ഞാണ് ബസ് ഉടമസ്ഥ സംഘവും ജീവനക്കാരും ഓട്ടം നിർത്തി വച്ചുള്ള സമരം പ്രഖ്യാപിച്ചത്.
തോട്ടട വഴി തലശ്ശേരിക്കുള്ള യാത്ര ക്ലേശകരം;രണ്ട് റൂട്ടുകളുടെ പ്രസക്തി കുറയുന്നു
എടക്കാട് ∙ ദേശീയപാത നിർമാണത്തിലെ നിലവിലെ പ്ലാൻ അനുസരിച്ച് പാതയുടെ നിർമാണം പൂർത്തിയാകുമ്പോൾ കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ടിൽ ഉണ്ടാകാൻ പോകുന്ന യാത്രാക്ലേശം രണ്ട് പ്രധാന റൂട്ടുകളുടെ പ്രസക്തി ഇല്ലാതാക്കിയേക്കുമെന്ന് ആശങ്ക.
കണ്ണൂർ കോർപറേഷനിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പത്തിലധികം ഡിവിഷനുകളുടെയും രണ്ട് പഞ്ചായത്തുകളുടെയും സാമീപ്യത്തിലൂടെ കടന്നുപോകുന്ന പഴയ ദേശീയപാതയെ വാഹനങ്ങളും യാത്രക്കാരും ഉപേക്ഷിക്കുമെന്നതാണ് ആദ്യത്തെ ആശങ്ക. കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിക്ക് കീഴിലുള്ള കണ്ണൂർ ആശുപത്രി–ആയിക്കര–സിറ്റി–കുറുവ–തോട്ടട
ബൈപാസിന്റെ പ്രയോജനം കുറയുമെന്നാണ് മറ്റൊരു ആശങ്ക.
ആറുവരി ദേശീയപാത നിർമാണം പൂർത്തിയാകുമ്പോൾ കണ്ണൂർ നഗരത്തിൽ നിന്ന് തോട്ടട പഴയ ദേശീയപാത വഴി പോകുന്ന ബസുകൾക്കും മറ്റ് വലിയ വാഹനങ്ങൾക്കും നടാൽ റെയിൽവേ ഗേറ്റ് കടന്നാൽ വീണ്ടും കണ്ണൂർ ഭാഗത്തുള്ള ചാല അമ്പലം സ്റ്റോപ്പിലേക്ക് മൂന്നര കിലോ മീറ്റർ തിരിച്ചോടണം. അവിടെയുള്ള അടിപ്പാതയിലൂടെ തലശ്ശേരി ഭാഗത്തേക്കുള്ള സർവീസ് റോഡിലേക്ക് പ്രവേശിച്ച് വീണ്ടും മൂന്നരക്കിലോമീറ്റർ ഓടി നടാലിൽ എത്തിവേണം തലശ്ശേരിയിലേക്ക് പോകാൻ.
ഇത്തരത്തിൽ 7 കിലോമീറ്റർ അധിക ദൂരം വരുമ്പോൾ യാത്രക്കാർ തലശ്ശേരിയിലേക്ക് ചാല വഴിയുള്ള റൂട്ടിനെ ആശ്രയിക്കും. ഇതോടെ തോട്ടട
വഴി ഓടുന്ന ബസുകളിൽ യാത്രക്കാർ കുറയും. ഇത് റൂട്ടിൽ ബസുകൾ കുറയാൻ കാരണമാകുമെന്നും പാതയിലെ ടൗണുകളെയും വ്യാപാരസ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നുമാണ് ആശങ്ക.
കണ്ണൂരിൽ നിന്ന് താഴെചൊവ്വ വരെ നഗര ദേശീയപാതയിൽ മുഴുവൻ സമയവും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിൽ പെടാതെ തലശ്ശേരി ഭാഗത്തേക്ക് പോകുക എന്ന ലക്ഷ്യത്തോടെയാണ് കണ്ണൂർ ആശുപത്രി–ആയിക്കര–സിറ്റി–കുറുവ–തോട്ടട
റോഡ് വികസിപ്പിച്ചത്. ഈ ബൈപാസ് റോഡ് ചേരുന്നത് തോട്ടടയിലാണ്.
ഈ ബൈപാസ് വഴി വരുന്ന വാഹനങ്ങൾ തോട്ടടയിൽ നിന്ന് നടാലിലെത്തി വീണ്ടും തോട്ടടയ്ക്ക് സമീപത്തുള്ള ചാലയിലേക്ക് തിരിച്ചോടി വേണം തലശ്ശേരിയിലേക്ക് പോകാൻ. നിലവിലുള്ളതിനേക്കാൾ 7 കിലോമീറ്റർ അധിക ദൂരം ഓടേണ്ട
സാഹചര്യത്തിൽ ഈ ബൈപാസിന്റെ പ്രയോജനം കുറയും. ഈ ബൈപാസിന്റെ നവീകരണത്തിനുള്ള ഫണ്ട് കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി ഭാഗമായി നീക്കി വച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ശരിയായ പഠനം നടത്തി മേഖലയിലെ റോഡ് ഗതാഗത മേഖലയിൽ ഉണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ആത്മാർഥമായ ശ്രമം വേണമെന്ന് ജനം ആവശ്യപ്പെടുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]