യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്കുമേൽ ഉൾപ്പെടെ പ്രഖ്യാപിച്ച തീരുവകൾ നിയമവിരുദ്ധവും ഇല്ലാത്ത അധികാരപ്രയോഗവുമാണെന്ന് വിധിച്ച അപ്പീൽ കോടതിയുടെ നടപടിയിൽ അങ്കലാപ്പിലായി ട്രംപ് ഭരണകൂടം. വിധി ഒക്ടോബർ 14വരെ സ്റ്റേ ചെയ്ത കോടതി, സുപ്രീംകോടതിയെ സമീപിക്കാനുള്ള അവസരവും ട്രംപിന് നൽകിയിട്ടുണ്ട്.
എങ്കിലും, സുപ്രീം കോടതിയിലും കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയാണെന്ന ആശങ്കയിലാണ് ട്രംപ്.
തീരുവകൾക്കെതിരാണ് സുപ്രീം കോടതിയുടെ വിധിയുമെങ്കിൽ അത് അമേരിക്കയെ തകർക്കുമെന്നും കാത്തിരിക്കുന്നത് ‘വൻ ദുരന്തം’ ആയിരിക്കുമെന്നും പറഞ്ഞ ട്രംപ്, അമേരിക്ക മൂന്നാംലോക രാജ്യമായി മാറുമെന്നും അഭിപ്രായപ്പെട്ടിരുന്നു. അപ്പീൽ കോടതിയുടെ വിധി അമേരിക്കയ്ക്ക് രാജ്യാന്തര തലത്തിൽ അഭിമാനക്ഷതമുണ്ടാക്കിയെന്നായിരുന്നു ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് അഭിപ്രായപ്പെട്ടത്.
ചൈനയിൽ നിന്നും മറ്റും വലിയതോതിൽ എത്തുന്ന ഫെന്റനിലിന്റെ (വീര്യംകൂടിയ വേദനസംഹാരി) ദുരുപയോഗം മൂലം യുഎസിൽ പതിനായിരക്കണക്കിന് മരണങ്ങളാണ് ഓരോ വർഷവും സംഭവിക്കുന്നതെന്നു പറഞ്ഞ ബെസ്സന്റ്, അത് ദേശീയ അടിയന്തരാവസ്ഥയ്ക്ക് തുല്യമല്ലേയെന്നും ഇറക്കുമതി തടയേണ്ടതല്ലേ എന്നും ചോദിച്ചു.
അതേസമയം, സുപ്രീം കോടയിലും തോറ്റാൽ ‘പ്ലാൻ ബി’ പ്രയോഗിക്കാനുള്ള നീക്കത്തിലാണ് ട്രംപ് എന്ന് ബെസ്സന്റ് സൂചന നൽകി. 1977ലെ ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് പ്രകാരം ട്രംപ് പ്രഖ്യാപിച്ച ഭൂരിഭാഗം തീരുവകളും നിയമവിരുദ്ധവും അധികാരലംഘനവുമാണെന്നായിരുന്നു അപ്പീൽ കോടതിയുടെയും വിധി.
നേരത്തേ, കീഴ്ക്കോടതിയും ഇതേ വിധിയാണ് പറഞ്ഞത്.
പ്ലാൻ ബിയുമായി ട്രംപ്
തീരുവയുദ്ധത്തിൽ കോടതിയിലും തോറ്റാൽ, 1930ലെ സ്മൂട്-ഹോലി താരിഫ് ആക്ട് പ്രയോഗിക്കാനുള്ള നീക്കത്തിലാണ് ട്രംപ്. മറ്റു രാജ്യങ്ങൾക്കുമേൽ 5 മാസത്തേക്ക് 50% തീരുവ പ്രഖ്യാപിക്കാൻ യുഎസ് പ്രസിഡന്റിന് അധികാരം നൽകുന്ന ചട്ടമാണിത്.
∙ അപ്പീൽ കോടതിയുടെ വിധി സുപ്രീം കോടതിയും ശരിവച്ചാൽ ട്രംപിന് ഇന്ത്യയ്ക്കുമേൽ ഉൾപ്പെടെ പ്രഖ്യാപിച്ച തീരുവ 15 ശതമാനത്തിലേക്ക് താഴ്ത്തേണ്ടിവരും.
∙ ഇന്ത്യയ്ക്ക് തൽക്കാലം ഇളവ് നൽകാൻ ട്രംപ് ഉദ്ദേശിക്കുന്നില്ല.
ഈ സാഹചര്യത്തിൽ കൂടിയാണ് പ്ലാൻ ബിയിലേക്കുള്ള നീക്കം.
∙ അമേരിക്കൻ ഉൽപന്നങ്ങൾക്ക് തീരുവ പൂർണമായി ഒഴിവാക്കാമെന്ന് ഇന്ത്യ സമ്മതിച്ചിരുന്നുവെന്ന് പറഞ്ഞ ട്രംപ്, ഇനി വൈകിപ്പോയെന്നും ഇന്ത്യയുമായുള്ള വ്യാപാരം ഏകപക്ഷീയ ദുരന്തമായിരുന്നെന്നും അഭിപ്രായപ്പെട്ടു.
∙ ഇന്ത്യയും ചൈനയും പുട്ടിന്റെ ‘യുദ്ധ മെഷീനുകൾക്ക്’ ഇന്ധനം പകരുന്നുവെന്ന് യുഎസ് വീണ്ടും ആവർത്തിച്ചു. എന്നാൽ, ചൈനയ്ക്കെതിരായ നടപടികളിന്മേൽ മൗനം തുടരുകയുമാണ്.
പുട്ടിനെ വെറുതേ വിടില്ല; പക്ഷേ…
യുക്രെയ്നെതിരായ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസിന്റെ ശ്രമങ്ങളിൽനിന്ന് ‘വ്യതിചലിക്കുന്ന’ പ്രസിഡന്റ് പുട്ടിനെ കൂടുതൽ സമ്മർദത്തിലാക്കുമെന്ന് തുടരെ ആവർത്തിക്കുന്ന ട്രംപ്, പക്ഷേ നടപടികൾ എടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
റഷ്യയ്ക്കുമേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പാണ് ട്രംപ് നൽകുന്നത്. ഇപ്പോഴേ കടുത്ത ഉപരോധങ്ങളും എണ്ണ വിൽപനയിൽ നിന്നുള്ള വരുമാനയിടിവും മൂലം റഷ്യയുടെ സാമ്പത്തികസ്ഥിതി മോശമാണ്.
കൂടുതൽ ഉപരോധം ഏർപ്പെടുത്തിയാൽ റഷ്യയ്ക്കത് താങ്ങാനുമാവില്ല. റഷ്യയ്ക്കുമേൽ ട്രംപ് കൂടുതൽ നടപടി എടുക്കുന്നത് വൈകാൻ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്.
1) റഷ്യയെ കൂടുതൽ പ്രകോപിപ്പിച്ചാൽ യുക്രെയ്നെതിരായ യുദ്ധം നീളും.
ഇത് ‘സമാധാന ദൂതൻ’ എന്ന പെരുമ നേടാനുള്ള ട്രംപിന്റെ ആഗ്രഹത്തിന് തിരിച്ചടിയാകും. 2) റഷ്യ ചൈനയുമായും ഇന്ത്യയുമായും കൂടുതൽ അടുക്കും.
ഇടിഞ്ഞ് യുഎസ് ഓഹരി, സമ്മിശ്രം ഏഷ്യ
താരിഫ് വിഷയത്തിൽ ട്രംപ് ഭരണകൂടത്തിന് അപ്പീൽ കോടതിയിൽ നിന്നേറ്റ ആഘാതം യുഎസ് ഓഹരി വിപണികളെയും തളർത്തി.
തീരുവച്ചർച്ചകളിൽ യുഎസിന്റെ മുൻതൂക്കം നഷ്ടപ്പെടുന്നതും തീരുവയിന്മേൽ സമവായത്തിന് കാലതാമസമെടുക്കുമെന്ന വിലയിരുത്തലുമാണ് പ്രധാന തിരിച്ചടി. കഴിഞ്ഞ വ്യാപാര സെഷനിൽ 0.20% മുതൽ 1.15% വരെ നഷ്ടത്തിലാണ് യുഎസ് ഓഹരികളുണ്ടായിരുന്നത്.
എന്നാൽ, ഫ്യൂച്ചേഴ്സ് വിപണി നേട്ടത്തിലായിട്ടുണ്ട്.
ഡൗ, നാസ്ഡാക്, എസ് ആൻഡ് പി500 ഫ്യൂച്ചേഴ്സ് എന്നിവ 0.13% വരെയാണ് ഉയർന്നത്. താരിഫ്, ചൈനയിൽ നടന്ന എസ്സിഒ ഉച്ചകോടി എന്നിവയുടെ പശ്ചാത്തലത്തിൽ ഏഷ്യൻ ഓഹരി വിപണികൾ സമ്മിശ്ര പ്രകടനമാണ് നടത്തുന്നത്.
ജാപ്പനീസ് നിക്കേയ് 0.23% ഉയർന്നു. ചൈയിൽ ഷാങ്ഹായ് 0.22% നഷ്ടത്തിലായി.
ഹോങ്കോങ് സൂചിക 0.18% കയറി.
ഗിഫ്റ്റ് നിഫ്റ്റി പോസിറ്റീവ്
ട്രംപ് പ്രഖ്യാപിച്ച 50% ‘ഇടിത്തീരുവ’യുടെ ആഘാതം നിഴലിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ ഓഹരി വിപണികൾ ഇന്ത്യയുടെ കഴിഞ്ഞപാദത്തിലെ മികച്ച ജിഡിപിക്കുതിപ്പിന്റെ കരുത്തിൽ ഇന്നലെ വൻ നേട്ടം കുറിച്ചിരുന്നു. നിഫ്റ്റി 198 പോയിന്റ് (+0.81%) ഉയർന്ന് 24,625ലും സെൻസെക്സ് 554 പോയിന്റ് (+0.70%) നേട്ടവുമായി 80,364ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്നു രാവില ഗിഫ്റ്റ് നിഫ്റ്റി 25 പോയിന്റ് കയറിയത്, സെൻസെക്സും നിഫ്റ്റിയും ഇന്നും നേട്ടത്തിന്റെ പാതയിലായിരിക്കുമെന്ന് സൂചിപ്പിക്കുന്നു.
∙ ഓഗസ്റ്റിലെ വാഹന വിൽപനക്കണക്കുകൾ ഇന്നലെ മുതൽ പുറത്തുവന്നു തുടങ്ങി. വിൽപനവളർച്ചയുടെ വേഗം കുറഞ്ഞുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതും.
വാഹന ഓഹരികളുടെ ഇന്നത്തെ പ്രകടനത്തെ ഇതു സ്വാധീനിക്കും.
∙ ജിഎസ്ടി വരുമാനവും കഴിഞ്ഞമാസം മുൻമാസത്തെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും 1.8 ലക്ഷം കോടിക്ക് മുകളിൽ തുടർന്നുവെന്നത് ആശ്വാസമാണ്.
കത്തിക്കയറി സ്വർണവും എണ്ണവും
യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് ശമനമില്ലാത്തത് രാജ്യാന്തര ക്രൂഡ് ഓയിൽ വിലയെ മുന്നോട്ട് നയിക്കുന്നു. ബ്രെന്റ് വില ബാരലിന് 0.56% ഉയർന്ന് 68.53 ഡോളറിൽ എത്തി.
ഉപഭോഗത്തിനുള്ള 85-90% ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് എണ്ണവില വർധന വലിയ തിരിച്ചടിയാണ്. ഡബ്ല്യുടിഐ ക്രൂഡ് വില കൂടിയത് 1.61% ഉയർന്ന് 65.04 ഡോളറിലേക്ക്.
രാജ്യാന്തര സ്വർണവില കുതിച്ചുകയറ്റം തുടരുന്നു.
നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് ഔൺസിന് 45 ഡോളർ വർധിച്ച് 3,493 ഡോളറിൽ. ഒരുഘട്ടത്തിൽ വില 3,505 ഡോളർ വരെയുമെത്തി.
കേരളത്തിൽ ഇന്നും വില വൻതോതിൽ കൂടുമെന്നും റെക്കോർഡ് പുതുക്കുമെന്നും ഇതു വ്യക്തമാക്കുന്നു. ഇന്നലെ ഗ്രാമിന് 85 രൂപ കൂടി വില സർവകാല ഉയരമായ 9,705 രൂപയിലും പവന് 680 രൂപ ഉയർന്ന് 77,640 രൂപയിലും എത്തിയിരുന്നു.
ഇന്നുവില 78,000 ഭേദിച്ചേക്കാം.
∙ രൂപ ഇന്നലെ ഒരു പൈസ താഴ്ന്ന് ഡോളറിനെതിരെ റെക്കോർഡ് ക്ലോസിങ് നിലവാരമായ 88.10ൽ എത്തി. യുഎസ് ഡോളർ ഇൻഡക്സ് ഇപ്പോൾ സമ്മർദത്തിലാണെന്നത് രൂപയ്ക്ക് നേട്ടമായേക്കാം.
എന്നാൽ, ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപം കൊഴിയുന്നത് സമ്മർദവുമാണ്. വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്നലെയും 1,429 കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ് വിറ്റൊഴിഞ്ഞത്.
2025ൽ ഇതുവരെ അവർ പിൻവലിച്ചത് 2 ലക്ഷം കോടിയിൽപ്പരം രൂപയുടെ നിക്ഷേപമാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]