ലക്കിടി ∙ വികസനത്തിന്റെ കാര്യത്തിൽ വയനാടിനോടു പിണറായി സർക്കാർ കാണിക്കുന്നതു നിഷേധാത്മക നടപടികളാണെന്നു സജീവ് ജോസഫ് എംഎൽഎ. ചുരം റോഡിൽ സുരക്ഷിത യാത്രയ്ക്ക് സൗകര്യമൊരുക്കുക, ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ചുരം ബൈപാസ് റോഡ് ഉടൻ ടെൻഡർ ചെയ്യുക, പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡ് യാഥാർഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുരം കവാടത്തിനു സമീപം നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വയനാട്ടിലെ ജനങ്ങളുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന വിഷയമാണു ചുരത്തിലെ യാത്രാ പ്രശ്നം.
സഞ്ചാര സ്വാതന്ത്ര്യമോ, മതിയായ ചികിത്സാ സൗകര്യമോ ഇവിടെയില്ല. കൂട്ടിലടയ്ക്കപ്പെട്ട
സാഹചര്യമാണ്. ഇക്കഴിഞ്ഞ 26നു ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ വഴി അടഞ്ഞ അവസ്ഥയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിലെല്ലാം സമയബന്ധിതമായ നടപടികൾ സ്വീകരിക്കുന്നതിലും അധികൃതർ പരാജയപ്പെട്ടു.
വയനാട് മെഡിക്കൽ കോളജ്, എയർ സ്ട്രിപ്പ്, നഞ്ചൻകോട്–വയനാട്– നിലമ്പൂർ റെയിൽപാത, റോഡ് വികസനം ഉൾപ്പെടെ എല്ലാ സാധ്യതകളും അവസരങ്ങളും ഈ സർക്കാർ പിടിപ്പുകേട് കൊണ്ട് ഇല്ലാതാക്കി.തുരങ്കപാതയ്ക്ക് എതിരല്ല, എന്നാൽ അതു പ്രാവർത്തികമാകുന്നതു വരെ ഇപ്പോഴത്തെ ഗതാഗത പ്രശ്നം വയനാട്ടുകാർ അനുഭവിക്കണമെന്നു പറയുന്നതു ശരിയല്ല. അതുകൊണ്ട് ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപാസ് എത്രയും വേഗം യാഥാർഥ്യമാക്കണം.
യുഡിഎഫ് അധികാരത്തിലെത്തിയാൽ ഈ ബദൽപാതകളെല്ലാം യാഥാർഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ അധ്യക്ഷത വഹിച്ചു. പി.കെ.
ജയലക്ഷ്മി, കെ.എൽ.പൗലോസ്, പി.പി.ആലി, ടി.ജെ.ഐസക്, എൻ.കെ.വർഗീസ്, എം.എ.ജോസഫ്, ഒ.വി.അപ്പച്ചൻ, എം.ജി.ബിജു, ബിനു തോമസ്, ചിന്നമ്മ ജോസ്, ചന്ദ്രിക കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]