ബോയ്സ് ടൗൺ ∙ കണ്ണൂർ വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ ബോയ്സ് ടൗൺ ചുരം റോഡിലെ ടാറിങ് പൂർണമായി തകർന്നതോടെ ചുരം വഴിയുള്ള യാത്ര ദുരിതപൂർണമായി. കനത്ത മഴയിൽ കോഴിക്കോട് ജില്ലകളിൽ നിന്ന് വയനാട്ടിലേക്കുള്ള ചുരം റോഡുകളിൽ യാത്രാ പ്രതിസന്ധി തുടരുന്നതിനാൽ വയനാട്ടിലേക്കും തിരിച്ചും ഉളള യാത്രക്കാർ ഇപ്പോൾ കണ്ണൂർ ജില്ലയിൽ നിന്നുള്ള രണ്ട് ചുരം റോഡുകളെയാണ് കൂടുതലായും ആശ്രയിക്കുന്നത്.
ഇതിൽ കൊട്ടിയൂർ ബോയ്സ് ടൗൺ റോഡാണ് ടാറിങ് തകർന്ന് പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. ഇന്റർ ലോക്ക് ചെയ്ത ഭാഗം മാത്രമാണ് ഇപ്പോൾ പൊളിയാതെ ബാക്കിയുള്ളത്.
ചെകുത്താൻ തോടിന് സമീപത്തായി റോഡിന് നടുവിൽ വലിയ കുഴി തന്നെയാണ് രൂപപ്പെട്ടിട്ടുള്ളത്.
ഇതിൽ ചാടുന്ന വാഹനങ്ങൾ മറിയുമോ എന്ന ആശങ്കയാണ് യാത്രക്കാർക്ക് ഉള്ളത്. കനത്ത മഴ പെയ്യുന്നതിനാൽ മണ്ണിടിച്ചിലിന് സാധ്യതയും നില നിൽക്കുന്നുണ്ട്.
വേഗത്തിൽ ചുരമിറങ്ങാം എന്ന താൽപര്യത്തോടെ ഈ റോഡിലൂടെ കടന്നുപോകുന്ന യാത്രക്കാരാണ് പലപ്പോഴും കുടുങ്ങുന്നത്. ഭാരം കയറ്റിയ വണ്ടികൾ വഴിയിലെ കുഴികളിൽ കുടുങ്ങി ഗതാഗത കുരുക്കും പതിവാകുന്നു.
കനത്ത മഴ പെയ്യുമ്പോൾ പാറയും മറ്റും ഇളകി വീഴുമോ എന്ന ഭയത്തിൽ യാത്രക്കാർ പേര്യ ചുരം വഴി പോകാനാണ് ശ്രമിക്കുന്നത്.
കോടയും മഴയും ഉള്ളപ്പോൾ കുഴികൾ കാണാൻ കഴിയാതെ വരികയും വാഹനങ്ങൾ വളവിലും ചുരത്തിലും വശം കൊടുക്കുമ്പോൾ ഇത്തരം കുഴികളിൽ വീണ് അപകടങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വയനാട്ടിലേക്കു നിർമിക്കുന്ന നാല് വരി പാതയുടെ ഭാഗമായി കണക്കാക്കുന്ന ഈ റോഡിന്റെ അമ്പായത്തോട് മുതൽ ചുരത്തിലെ ദുർഘട
പ്രദേശം വരെ രണ്ട് വരി പാതയായിട്ടാണ് നിർമിക്കുന്നത്. 12 മീറ്ററാണ് ഇവിടെ വീതി നിശ്ചയിച്ചിട്ടുള്ളത്.
ചുരത്തിൽ ലഭ്യമാകുന്ന പരമാവധി വീതിയിൽ റോഡ് നിർമിക്കും. 41.44 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]