ചക്കിട്ടപാറ ∙ നാലു പതിറ്റാണ്ടു മുൻപ് സർക്കാർ തുടക്കമിട്ട, വയനാട് ബദൽപാതയായ പൂഴിത്തോട്– പടിഞ്ഞാറത്തറ റോഡ് ഇന്നും സ്വപ്നമായി അവശേഷിക്കുന്നു. ബദൽപാതയുടെ സർവേ നടപടികൾ പൂർത്തീകരിച്ച് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനു പ്രോജക്ട് സമർപ്പിക്കാത്തതാണു പ്രധാന തടസ്സം.
കൂടാതെ പൂഴിത്തോട്ടുനിന്നു പടിഞ്ഞാറത്തറ വരെ 27.225 കിലോമീറ്റർ റോഡിൽ 9 കിലോമീറ്റർ വനഭൂമിക്കു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുമില്ല.
സംസ്ഥാന സർക്കാർ വയനാട്ടിലേക്കുള്ള ബദൽ റോഡുകളുടെ വിശദമായ പദ്ധതി കേന്ദ്രത്തിനു സമർപ്പിച്ചാൽ വനഭൂമി റോഡ് വികസനത്തിനു അനുവദിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ പറയുന്നു. 2024 മാർച്ചിൽ പൂഴിത്തോട് മുതൽ പടിഞ്ഞാറത്തറ വരെ ബദൽ റോഡിന്റെ സാധ്യത പഠനത്തിന് സംസ്ഥാന സർക്കാർ 1.50 കോടി അനുവദിച്ചത് ജനങ്ങളുടെ പ്രതീക്ഷ വർധിപ്പിച്ചിരുന്നു. വയനാട് ജില്ലയിൽ ജിപിഎസ് സർവേ മാസങ്ങൾക്ക് മുൻപ് പൂർത്തിയായി.
കോഴിക്കോട് ജില്ലയിൽ സർവേക്ക് കാലതാമസം നേരിട്ടതും പൂഴിത്തോട് മുതൽ കരിങ്കണ്ണി വരെ 9 കിലോമീറ്റർ പഠനത്തിനും സർവേ നടപടികൾക്കും വനം വകുപ്പിന്റെ അനുമതി ലഭിക്കാൻ വൈകിയതും പ്രശ്നമായി.
സാധ്യതാ പഠനം പ്രവൃത്തി ഏറ്റെടുത്തത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ്. വനം വകുപ്പ് അനുവദിച്ച കാലാവധി സെപ്റ്റംബർ 18ന് അവസാനിക്കും.
കാലാവധി അവസാനിച്ചാൽ വീണ്ടും അനുമതിക്ക് മാസങ്ങൾ കാത്തിരിക്കേണ്ടി വരും. വർഷങ്ങൾക്ക് മുൻപ് ഏക്കറുകണക്കിനു ഭൂമി സൗജന്യമായി വിട്ടു നൽകിയ ഭൂവുടമകളെ സർക്കാർ വഞ്ചിച്ചതായി ആക്ഷേപമുയർന്നിരുന്നു.
കോഴിക്കോട് ജില്ലയിൽ 33, വയനാട് ജില്ലയിൽ 150 കുടുംബങ്ങളാണ് ഭൂമി നൽകിയത്. റോഡിന്റെ 52 ഏക്കർ വനഭൂമിക്കു പകരം 104 ഏക്കർ റവന്യു ഭൂമിയും വർഷങ്ങൾക്ക് മുൻപ് വിട്ടു നൽകിയതാണ്.
1985ൽ ബദൽ റോഡിന് ശ്രമം തുടങ്ങി
വയനാട്ടിലേക്കുള്ള ബദൽ റോഡ് എന്ന ആശയത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ 1985ൽ ആരംഭിച്ചു.
1990ൽ ഇൻവെസ്റ്റിഗേഷൻ നടപടികൾ തുടങ്ങുകയും ചെയ്തു. 1994ൽ 1.28 കോടി രൂപ അനുവദിച്ച് മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ ബദൽ റോഡിന്റെ ശിലയിട്ടു.
1995ൽ സംസ്ഥാന ബജറ്റിൽ ഒരു കോടി രൂപ അനുവദിച്ചെങ്കിലും വനം വകുപ്പിന്റെ എതിർപ്പിനെ തുടർന്ന് പ്രവൃത്തി മുടങ്ങി. 2016ൽ റോഡിനു വേണ്ടി നാട്ടുകാർ പ്രക്ഷോഭ പരിപാടികൾ ആരംഭിച്ചു. കർമസമിതിയുടെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ ടൗണിൽ നടത്തുന്ന റിലേ സത്യഗ്രഹം 971 ദിവസം പിന്നിട്ടിരിക്കുകയാണ്.
70% പണി പൂർത്തീകരിച്ച, ബാണാസുര സാഗർ, പെരുവണ്ണാമൂഴി, കക്കയം ടൂറിസ്റ്റ് കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് ടൂറിസം രംഗത്ത് വൻ മുന്നേറ്റത്തിനും ഇത് കാരണമാകും. 9 കിലോമീറ്റർ വനപാതയിൽ മേൽപാലം സ്ഥാപിച്ചാൽ വനം വകുപ്പിന്റെ അനുമതി ലഭിക്കാൻ എളുപ്പമാകും.
പൂഴിത്തോട് ടൗൺ മുതൽ പനയ്ക്കംകടവ് വരെ 2 കിലോമീറ്റർ ടാറിങ് പൂർത്തീകരിച്ചതാണ്. പനയ്ക്കംകടവ് മുതൽ കരിങ്കണ്ണി വരെ 5 കിലോമീറ്റർ മൺപാതയിൽ നാട്ടുകാർ ഭൂമി വിട്ടുനൽകിയതിനാൽ പാത നിർമിക്കാൻ പ്രശ്നമില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]