മലയാളിയുടെ ആത്മാവിൽ തൊട്ടെടുത്ത പൂക്കളുടെ ഫ്രെയിമുകളിലൊന്നാണ് സൂര്യകാന്തികൾ. കേരളത്തിൽ അപൂർവമായ സൂര്യകാന്തി കൃഷിയുടെ വസന്തമാണ് കഴക്കൂട്ടം തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് വളപ്പിലെ ആറേക്കർ സ്ഥലത്ത് കരകുളം സ്വദേശി എസ്.വി.സുജിത് നിർമിച്ചത്.
പൂഴി മണലിൽ വളർന്ന സൂര്യകാന്തികളുടെ ഹൈവോൾട്ടേജ് പുഞ്ചിരി സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്. ഒന്നും രണ്ടുമല്ല, മുപ്പതിനായിരത്തോളം സൂര്യകാന്തികളാണ് ഇവിടെ വിസ്മയത്തിന്റെ മഞ്ഞപ്പട്ട് നിവർത്തുന്നത്.
സൂര്യകാന്തിയോ, ക്ലച്ച് പിടിക്കുമോ?
‘പിന്തിരിപ്പൻമാരുടെ’ വേരുകളുറത്ത ശേഷമാണ് സുജിത് സൂര്യകാന്തി കൃഷിക്കിറങ്ങിയത്.
‘ഇൗ സംഗതി ഇവിടെ ഓടില്ല. സൂര്യകാന്തി കൃഷി പൂഴി മണ്ണിൽ വേരു പിടിക്കില്ല.
വെറുതെ കാശു കളയല്ലേ…’– സൂര്യകാന്തിപ്പാടമെന്ന സ്വപ്നം കരിക്കാനിറങ്ങിയ ഇൗ വാക്കുകൾ വെല്ലുവിളിയായി എടുക്കാനായിരുന്നു സുജിത്തിന്റെ തീരുമാനം.
മണ്ണിന്റെ ശാസ്ത്രമറിഞ്ഞ് കൃഷിയിറക്കാനായിരുന്നു കോർപറേറ്റ് മേഖലയിൽ നിന്ന് മുഴുവൻ സമയ കർഷകനായി മാറിയ സുജിത്, കൃഷിയിൽ പരീക്ഷണങ്ങളേറെ നടത്തി, സൂര്യകാന്തികളെ സ്വപ്നം കണ്ടുറങ്ങി, സൂര്യകാന്തി കൃഷിയെക്കുറിച്ച് വായിച്ചു, പഠിച്ചു, പലരോടും അഭിപ്രായം ആരാഞ്ഞു. തുടർന്നാണ്, പാട്ടത്തിനെടുത്ത 20 ഏക്കർ സ്ഥലത്തെ, 6 ഏക്കറിൽ ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് സൂര്യകാന്തി കൃഷിയിറക്കിയത്.
പൂഴി മണലിൽ 40ൽപ്പരം പച്ചക്കറികൾ, കൃഷി വകുപ്പിന്റെയും കേരള കാർഷിക സർവകലാശാലയുടെയും സഹായത്താൽ കൃഷി ചെയ്തതിന്റെ 8 വർഷത്തെ അനുഭവ പരിചയത്താലാണ് സൂര്യകാന്തി കൃഷി ചെയ്യാനിറങ്ങിയത്.
55–ാം ദിവസം; സൂര്യനുദിച്ചു
പൂഴിമണലിൽ കൃഷിയിറക്കുന്നതായിരുന്നു ആദ്യ വെല്ലുവിളി. ജൈവവളങ്ങൾ ചേർത്ത് നൂതന സാങ്കേതിക വിദ്യകളായ തുള്ളിനന (ഡ്രിപ് ഇറിഗേഷൻ), കൃത്യതാ കൃഷി(ഓപ്പൺ പ്രിസഷൻ ഫാമിങ്)എന്നിവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി.
നന്നായി നിലമൊരുക്കിയ ശേഷം കുഴിയെടുത്ത് കോഴി വളവും ആട്ടിൻകാഷ്ഠവും ചകിരിച്ചോറും വെർമി കംപോസ്റ്റും അടിവളമായി ചേർക്കണം. യന്ത്രത്തിന്റെ സഹായത്താലാണ് വരമ്പുകൾ തീർത്ത് ജലസേചന സൗകര്യമൊരുക്കി ഇതിനു മുകളിൽ മൾചിങ് ഷീറ്റ് വിരിച്ചു.
ചെടികൾ തമ്മിൽ 30 സെന്റീമീറ്റർ അകലമുണ്ട്. തുടർന്ന് വിത്തുകൾ തടത്തിലിട്ടു.
‘കൃത്യതാ കൃഷി’ രീതിയിലാണ് തൈകൾ നട്ടത്.
ആന്ധ്ര, ബെംഗളൂരു, തെങ്കാശി എന്നിവിടങ്ങളിൽ നിന്നാണ് വിത്തുകൾ എത്തിച്ചത് ഇടവേളകളിൽ മുടങ്ങാതെ കൃഷിയിടം നനച്ചു, വളമിട്ടു. മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു.
വെള്ളായണി കാർഷിക കോളജിലെ ഫ്ലോറികൾചർ വിഭാഗത്തിലെ ശാസ്ത്രജ്ഞരുടെ സഹായത്താൽ കീടനിയന്ത്രണ സംവിധാനം ഏർപ്പെടുത്തി. 55–ാം ദിവസം സൂര്യകാന്തികൾ പൂവിട്ടു.
സൂര്യകാന്തി പൂക്കൾ നിറഞ്ഞതോടെ ഇവിടെ സൂര്യകാന്തി ഫെസ്റ്റും (ആരവം 2025) രണ്ടു ദിവസം മുൻപ് ആരംഭിച്ചു. സെപ്റ്റംബർ 15 വരെയാണിത്.
സൂര്യകാന്തിപ്പൂക്കൾക്കു പുറമേ ഇരുപതിനായിരം ജമന്തി ചെടികളും ഈ പൂപ്പാടത്തിൽ വർണവിസ്മയങ്ങളുടെ കൺകുളിർമ തീർക്കുന്നു. ആഫ്രിക്കൻ ജമന്തിക്കു പുറമേ ‘വിവിഐപിയായ’ ഫ്രഞ്ച് ജമന്തിയും കൂട്ടത്തിലുണ്ട്.
ഫാം ഇന്റേൺഷിപ് പദ്ധതി
മുപ്പതിലധികം പച്ചക്കറി വിളകളാണ് ‘സേഫ് ടു ഈറ്റ്’ എന്ന വിഷരഹിത ഉൽപന്നങ്ങളാക്കി പൂക്കൾക്കൊപ്പം സുജിത് വിപണിയിലെത്തിക്കുന്നത്.
സെന്റ് സേവ്യേഴ്സ് കോളജുമായുള്ള ധാരണ പ്രകാരം ഫാം ഇന്റേൺഷിപ് പദ്ധതിക്കും തുടക്കമിട്ടിട്ടുണ്ട്. ആർട്സ് ആൻഡ് സയൻസ് വിഷയങ്ങളിലെ കുട്ടികൾക്കായി നാടൻ ഫാമും ഇവിടെ സജ്ജമാക്കി.
6 വിദ്യാർഥികൾ ഇവിടെ ഇന്റേൺഷിപ് ചെയ്യുന്നുണ്ട്. ഇവർക്ക് പ്രതിഫലവും നൽകുന്നുണ്ട്.
റിസ്ക് എടുക്കുകയും, കൃഷിയെ പ്രഫഷനൽ രീതിയോടെ സമീപിക്കുകയും ചെയ്താൽ മണ്ണിനെ പൊന്നാക്കാമെന്ന് സുജിത്ത് പറയുന്നു.ടെക്നോപാർക്കിലെ സോഫ്റ്റ് വെയർ എൻജിനീയറായ കെ.എസ്.സുജിത, മൂന്നാം ക്ലാസ് വിദ്യാർഥി മകൻ ആരവ്, ഇരട്ടക്കുട്ടികളായ ആറു മാസം പ്രായമുള്ള ആവണി, അർണവ് എന്നിവരടങ്ങുന്നതാണ് സുജിത്തിന്റെ കുടുംബം.
കൃഷികാര്യങ്ങളിൽ സുജിതയും ആരവും സജീവമാണ്. കൃഷി വകുപ്പിന്റെ മികച്ച പച്ചക്കറി കർഷകനുള്ള ഹരിതമിത്ര അവാർഡ് 2022ൽ സുജിത്തിന് ലഭിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]