തിരുവനന്തപുരം: സപ്ലൈകോയിൽ ഇന്നലെ മാത്രം വിറ്റഴിച്ചത് 21 കോടിയിലധികം രൂപയുടെ ഉൽപ്പന്നങ്ങൾ. ഓണക്കാലത്ത് സപ്ലൈകോയുടെ വില്പന ഇതു വരെ 300 കോടി കടന്നു.
300 കോടി വില്പനയാണ് ഓണക്കാലത്ത് സപ്ലൈകോ ആകെ പ്രതീക്ഷിച്ചിരുന്നത്. ഇതുവരെ നടന്നത് 319.3 കോടി രൂപയുടെ വില്പനയെന്നും സർക്കാർ കണക്കുകൾ.
49 ലക്ഷത്തോളം ഉപഭോക്താക്കൾ സപ്ലൈകോയിൽ എത്തി. കേരളത്തിലെ 3.33 കോടി ജനങ്ങളിൽ രണ്ട് കോടി പേർക്കെങ്കിലും സർക്കാരിന്റെ വിപണിയിടപെടലിന്റെ നേരിട്ടുള്ള പ്രയോജനം ലഭിച്ചതായി പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു.
ഓഗസ്റ്റിൽ സർവ്വകാല റെക്കോർഡുകൾ തകർക്കുന്ന രീതിയിലുള്ള വിൽപനയാണ് സപ്ലൈകോ ഔട്ട് ലെറ്റുകൾ വഴി നടന്നത്. സപ്ലൈകോയെ ജനങ്ങൾ ഏറ്റെടുക്കുന്ന സ്ഥതിയാണുള്ളത്.
കഴിഞ്ഞ ഒരു മാസത്തെ സപ്ലൈകോയുടെ വിറ്റുവരവിൽ പൊതുജനങ്ങൾ സപ്ലൈകോയിൽ അർപ്പിക്കുന്ന വിശ്വാസം പ്രകടമാണ്. ഓഗസ്റ്റ് 31 വരെയുള്ള വിറ്റുവരവ് 297.3 കോടി രൂപയാണ്.
ഓഗസ്റ്റ് 11, 12 തീയതികളിൽ പ്രതിദിന വിറ്റുവരവ് പത്തു കോടി കവിഞ്ഞു. 27ന് സപ്ലൈകോയുടെ ചരിത്രത്തിലെ തന്നെ റെക്കോർഡ് വിറ്റുവരവായ 15.7 കോടിയിലെത്തി (ഇതിനു മുമ്പുള്ള പ്രതിദിന വിറ്റുവരവ് 15.37 കോടിയായിരുന്നു).
ഓഗസ്റ്റ് 30 ന് വീണ്ടും റെക്കോർഡ് മുന്നേറ്റം നടത്തി 19.4 കോടി രൂപയായി. കഴിഞ്ഞ ഓണത്തിന് 183 കോടിയുടെ വിൽപനയാണ് നടന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒരു റേഷൻ കാർഡിന് 8 കിലോ ഗ്രാം അരിയാണ് സബ്ലിഡി നിരക്കിൽ സപ്ലൈകോ വില്പനശാലകളിലൂടെ വിതരണം ചെയ്തിരുന്നത്. ഓണക്കാലത്ത് ഇതിനുപുറമേ കാർഡൊന്നിന് 20 കിലോ പച്ചരി/പുഴുക്കലരി 25 രൂപ നിരക്കിൽ സ്പെഷ്യൽ അരിയായി ലഭ്യമാക്കുന്നു.
92.8 ലക്ഷം കിലോ ഗ്രാം അരി ഈ മാസം വിൽപന നടത്തി. മറ്റ് പ്രമുഖ റീറ്റെയ്ൽ വ്യാപാര ശൃംഖലകളോട് കിട
പിടിക്കുന്ന വിധത്തിൽ ബ്രാൻഡഡ് എഫ്.എം.സി.ജി ഉത്പന്നങ്ങളുടെ ഒരു വൻനിര തന്നെ ഇത്തവണ സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 250 ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകളും, വിലക്കുറവും ഓണത്തിന് പ്രത്യേകമായി നൽകുന്നുണ്ട്.
സപ്ലൈകോ പുറത്തിറക്കിയ ഓണം ഗിഫ്റ്റ് പദ്ധതിക്കും വലിയ പ്രതികരണമാണുള്ളതെന്ന് മന്ത്രി പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]