ആലപ്പുഴ∙ ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളി ഓണക്കാലത്തായതു പരസ്യ വരുമാനത്തെ തുണച്ചു. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിക്കുള്ള വരുമാനം കൂടിയതിനു പുറമേ വൻ ബ്രാൻഡുകൾ വള്ളങ്ങളെയും സ്പോൺസർ ചെയ്യാനെത്തി.
കറി പൗഡർ, തേയില തുടങ്ങിയ ഉൽപന്നങ്ങൾ ഉൾപ്പെടെ വൻ ബ്രാൻഡുകളാണു പ്രമുഖ വള്ളങ്ങളുടെ സ്പോൺസർമാരായത്. പതിവിൽ നിന്നു വ്യത്യസ്തമായി ചില ചുണ്ടൻ വള്ളങ്ങളിൽ അമരത്തിന്റെ ഭാഗത്തു കൂടുതൽ പരസ്യ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നു.
ഓണാവധി തുടങ്ങിയ ദിവസമാണു വള്ളംകളി എന്നതിനാൽ കൂടുതൽ ആളുകൾ വള്ളംകളി കാണാനെത്തി എന്നാണു വിലയിരുത്തൽ. ഗാലറികളിൽ മുൻ വർഷത്തെക്കാൾ തിരക്ക് അനുഭവപ്പെട്ടു.
ഇതു സ്പോൺസർമാരിൽ താൽപര്യം കൂട്ടിയതായാണു വിവരം. അടുത്ത വർഷങ്ങളിലും കൂടുതൽ സ്പോൺസർഷിപ് എത്തിയേക്കും.
ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം നെഹ്റു ട്രോഫി വള്ളംകളി ഏതാനും ദിവസങ്ങൾ മാത്രം മുൻപു മാറ്റിവയ്ക്കേണ്ടി വന്നിരുന്നു.
ഇതു പരസ്യ വരുമാനത്തിൽ ഉൾപ്പെടെ കുറവുണ്ടാക്കി. ഓഗസ്റ്റ് രണ്ടാം ശനി എന്ന പതിവു തീയതിയിൽ നിന്നു മാറി വള്ളംകളി നടത്തിയ ഈ വർഷം കൂടുതൽ പരസ്യക്കാരെത്തിയതിനെ ശുഭസൂചനയായാണു സംഘാടകർ കാണുന്നത്.
പരസ്യവരുമാനം രണ്ടരക്കോടി
നെഹ്റു ട്രോഫി വള്ളംകളിക്കു പരസ്യയിനത്തിൽ നിന്നു മാത്രം രണ്ടരക്കോടിയോളം രൂപ വരുമാനം ലഭിച്ചെന്നാണു വിലയിരുത്തൽ. ഇതിനൊപ്പം ടിക്കറ്റ് വിൽപനയും സംസ്ഥാന സർക്കാരിൽ നിന്നുള്ള ഒരു കോടി രൂപ ഗ്രാന്റും കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയത്തിൽ നിന്നുള്ള 50 ലക്ഷം രൂപയും കൂടിയാകുമ്പോൾ ആകെ വരുമാനം 5 കോടി കടക്കുമെന്നാണു പ്രതീക്ഷ. 3.78 കോടി രൂപ വരുമാനവും ചെലവുമാണു ബജറ്റിൽ പ്രതീക്ഷിച്ചിരുന്നത്.
അധികമായി ലഭിച്ച തുക എങ്ങനെ വിനിയോഗിക്കുമെന്നും നിക്ഷേപിക്കുമെന്നും സംബന്ധിച്ച് ആലോചനകൾ തുടങ്ങിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]