ഷിംല: ഹിമാചൽ പ്രദേശിലുണ്ടായ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ മലയാളികളടക്കമുള്ള വിനോദസഞ്ചാരികൾ സുരക്ഷിതർ. മലയാളികൾ അടങ്ങിയ സംഘം സുരക്ഷിതരാണെന്നും മറ്റു ബുദ്ധിമുട്ടുകൾ നിലവിലില്ലെന്നും കിനൗർ ജില്ല ഭരണകൂടം വ്യക്തമാക്കി.
റോഡ് മാർഗമുള്ള ഗതാഗതം തടസപ്പെട്ടതാണ് വിനോദസഞ്ചാരികൾ കൽപ്പയിൽ കുടുങ്ങാൻ കാരണമെന്നാണ് ജില്ല ഭരണകൂടം അറിയിച്ചത്. റോഡ് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ച് വിനോദസഞ്ചാരികളെ തിരികെയെത്തിക്കാനുള്ള നടപടികൾ ഭരണകൂടം സ്വീകരിക്കുമെന്നും വ്യക്തമാക്കി.
ഇവരെ ഷിംലയിൽ എത്തിക്കാനുള്ള നടപടികൾ ഊർജ്ജിതമാണെന്നും അധികൃതർ അറിയിച്ചു. നാളെ ഉച്ചയോടെ റോഡ് ഗതാഗതം പുനസ്ഥാപിക്കാൻ ആകുമെന്ന് ബി ആർ ഓ അറിയിച്ചതായി കേന്ദ്ര മന്ത്രി ജോർജ് കുര്യന്റെ ഓഫീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് ഇവരുടെ യാത്ര കല്പയിൽ വച്ച് തടസ്സപ്പെട്ടത്. സംഘാംഗങ്ങൾ ഹോട്ടലിൽ സുരക്ഷിതരാണെന്നും നിലവിൽ മറ്റു ബുദ്ധിമുട്ടുകൾ ഇല്ലെന്നും ജില്ലാ ഭരണകൂടം വിശദീകരിച്ചിട്ടുണ്ട്.
സംഘത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിലൂടെ അറിഞ്ഞ കെ സി വേണുഗോപാൽ എം പി ഹിമാചൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖുവുമായി സംസാരിച്ചു. എല്ലാവരും സുരക്ഷിതരാണെന്നും ആശങ്ക വേണ്ടെന്നും കെ സി വേണുഗോപാൽ അറിയിച്ചു.
അതേസമയം പഞ്ചാബിലും ജമ്മുകശ്മീരിലും മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. 40 വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രളയക്കെടുതിയാണ് പഞ്ചാബ് നേരിടുന്നത്.
9 ജില്ലകളിലായി 1018 ഗ്രാമങ്ങളെ പ്രളയം ബാധിച്ചു. ഒന്നര ലക്ഷം ഏക്കർ കൃഷിഭൂമി നശിച്ചു.
കരസേനയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അതേസമയം മിന്നൽ പ്രളയത്തെ തുടർന്ന് കൽപ്പയിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖുവിനോട് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു.
മിന്നൽ പ്രളയത്തെ തുടർന്ന് കൽപ്പ എന്ന സ്ഥലത്താണ് മലയാളികൾ കുടുങ്ങി കിടക്കുന്നത്. ഇവരെ രക്ഷിക്കുന്നതിനുള്ള സത്വര ഇടപ്പെടൽ ഉണ്ടാവണമെന്ന് ഹിമാചൽ സർക്കാരിനോട് അഭ്യർഥിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഹിമാചൽ സർക്കാരിലെ സർക്കാർ ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തിവരുന്നുണ്ട്. കുടുങ്ങി കിടക്കുന്നവരുടെ സുരക്ഷയും സുഗമമായ മടങ്ങിവരവും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ഹിമാചൽ സർക്കാരിനോട് അഭ്യർത്ഥിച്ചു.
മിന്നൽ പ്രളയം ഉണ്ടായ ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് കേരളത്തിൻ്റെ ഐക്യദാർഢ്യവും മുഖ്യമന്ത്രി അറിയിച്ചു. 25 പേരടങ്ങുന്ന സംഘമാണ് കൽപ്പ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. സ്പിറ്റിയിൽ നിന്ന് കൽപ്പയിലേക്ക് എത്തിയ സംഘമാണ് ഷിംലയിൽ എത്താനാകാതെ രണ്ട് ദിവസമായി ഇവിടെ കുടുങ്ങിക്കിടക്കുന്നത്.
ആഗസ്റ്റ് 25നാണ് ഇവർ ദില്ലിയിൽ നിന്നും യാത്ര തിരിച്ചത്. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയെ തുടര്‍ന്ന് മൂന്ന് ദേശീയപാതകള്‍ ഉള്‍പ്പെടെ 822 റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്.
ബിലാസ്പുർ, സോലൻ, സിർമോർ എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]