ബാങ്കിൽ കൊടുത്ത ചെക്ക് പാസാകാൻ പിറ്റേദിവസവും അതിന്റെ അടുത്ത ദിവസത്തേക്കുമൊക്കെ നീങ്ങുന്നത് പലരെയും അലോസരപ്പെടുത്താറുണ്ട്, പ്രത്യേകിച്ച് കച്ചവട മേഖലയിലുള്ളവരെ.
ചെക്ക് ക്ലിയർ ചെയ്തു കിട്ടാൻ വൈകുന്നത് സാമ്പത്തികഞെരുക്കം കൂടിയാണ് പലർക്കും സൃഷ്ടിക്കുന്നത്. എന്നാൽ, ഇനി ടെൻഷൻ വേണ്ട.
ചെക്ക് ക്ലിയറിങ്ങിനു പുതിയ നിർദേശം മുന്നോട്ടുവച്ചിരിക്കുകയാണ് റിസർവ് ബാങ്ക്.
ബാങ്കിലേൽപ്പിക്കുന്ന ചെക്ക് അന്നേദിവസം വൈകിട്ട് 7ന് മുൻപ് ക്ലിയർ ചെയ്തിക്കണം; ഇതാണ് നിർദേശം. ഒക്ടോബർ 4 മുതലാണ് നിർദേശം പ്രാബല്യത്തിലാവുക.
നിലവിലെ രീതി ഇങ്ങനെ
നിലവിൽ ചെക്ക് പ്രോസസിങ് (സിടിഎസ്) നടക്കുന്നത് ബാച്ച് ക്ലിയറിങ് രീതിയിലാണ്.
അതായത്, ഇടപാടുകാരിൽ നിന്ന് ലഭിച്ച ചെക്കുകൾ ബാങ്ക് ബന്ധപ്പെട്ട അതത് ബാങ്കുകളിലേക്ക് അയക്കും.
അവിടെയും അതിന്റെ നടപടിക്രമങ്ങളും പരിശോധനകളും പൂർത്തിയാകുമ്പോഴാണ് ചെക്ക് പാസാവുകയോ മടങ്ങുകയോ ചെയ്യുക. ഇതിന് നിലവിൽ ഒന്നുമുതൽ രണ്ടുദിവസം വരെയെടുക്കാറുണ്ട്.
മാറ്റം ഇങ്ങനെ
ഒക്ടോബർ 4 മുതൽ ചെക്ക് ക്ലിയറൻസ് രീതി മാറും.
ഒരു ബാങ്കിൽ നിന്ന് മറ്റൊന്നിലേക്ക് ചെക്ക് അതേപടി അയക്കുന്ന സമ്പ്രദായം അവസാനിക്കും. പകരം, ചെക്കിന്റെ ഡിജിറ്റൽ ഇമേജായിരിക്കും ഒപ്പം മറ്റ് വിവരങ്ങളും ചേർത്ത് കൈമാറുക.
ഇരു ബാങ്കുകളും ഇവിടെ മണിക്കൂറുകൾക്കുള്ളിൽ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കും. അതായത്, അന്നേദിവസം തന്നെ ചെക്ക് പാസാകും.
അല്ലെങ്കിൽ മടങ്ങിയെന്ന അറിയിപ്പ് ഇടപാടുകാരന് ലഭിക്കും. ദിവസങ്ങളുടെ കാത്തിരിപ്പ് ഒഴിവാകും.
∙ രണ്ട് ഘട്ടങ്ങളിലായാണ് പുതിയ രീതിയിൽ ചെക്കുകൾ കൈകാര്യം ചെയ്യുക.
∙ ഒന്ന്, രാവിലെ 10 മുതൽ കൈവിട്ട് 4 വരെ ചെക്ക് സമർപ്പിക്കാവുന്ന സമയമാണ്.
∙ രാവിലെ 10ന് തന്നെ തുടങ്ങി വൈകിട്ട് 7 വരെ നീളുന്ന കൺഫർമേഷൻ സെഷനാണ് മറ്റൊന്ന്.
വൈകിട്ട് 7നകം ബാങ്കുകൾ ചെക്കുകൾ വിലയിരുത്തി തുടർതീരുമാനമെടുക്കും.
∙ 2026 ജനുവരി മുതൽ നടപടികൾ കൂടുതൽ വേഗത്തിലാക്കും. ചെക്ക് സമർപ്പിച്ച് 3 മണിക്കൂറിനകം പാസായോ മടങ്ങിയോ എന്നത് സംബന്ധിച്ച് ഇടപാടുകാരന് വിവരം നൽകണം.
ഉദാഹരണത്തിന് ഉച്ചയ്ക്ക് 12ന് നിങ്ങൾ ചെക്ക് ബാങ്കിൽ ഏൽപ്പിച്ചെന്ന് കരുതുക, വൈകിട്ട് 3നകം ബാങ്കിൽ നിന്ന് മറുപടി ലഭിക്കും.
ഇനി സമയപരിധി ലംഘിച്ചാലോ..?
രണ്ടു ഘട്ടങ്ങളായാണ് പുതുക്കിയ ചെക്ക് ക്ലിയറിങ് രീതി ബാങ്കുകൾ നടപ്പാക്കുക. ഒന്ന്, ഒക്ടോബർ 4ന് ആരംഭിക്കുന്നതും മറ്റൊന്ന് 2026 ജനുവരിയിൽ ആരംഭിക്കുന്നതും.
ഒക്ടോബർ 4ന് തുടങ്ങുന്ന ആദ്യഘട്ട പ്രകാരം അന്നേദിവസം വൈകിട്ട് 7ന് മുൻപ് ചെക്ക് പാസായോ മടങ്ങിയോ എന്ന് ഉപഭോക്താവിനെ അറിയിക്കുകയും പാസായാൽ പണം അക്കൗണ്ടിൽ ലഭ്യമാക്കുകയും വേണം.
2026 ജനുവരി മുതലാണെങ്കിൽ ചെക്ക് സമർപ്പിച്ച് 3 മണിക്കൂറിനകം ഈ നടപടികൾ ബാങ്ക് പൂർത്തിയാക്കിയിരിക്കണം.
∙ രണ്ടുഘട്ടങ്ങളിലും ഈ സമയപരിധി പാലിക്കാൻ ബാങ്കിന് കഴിഞ്ഞില്ലെങ്കിൽ ചെക്ക് ഓട്ടോമാറ്റിക്കായി പാസായതായി കണക്കാക്കും. പണം ഇടപാടുകാരന്റെ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കുകയും ചെയ്യും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]