ചാലക്കുടി ∙ ഓണത്തിരക്കു മുറുകുന്നതിനിടെ ദേശീയപാതയിൽ ഗതാഗതക്കുരുക്കു വീണ്ടും രൂക്ഷമായി. ഇന്നലെ മുരിങ്ങൂരിലും ചിറങ്ങരയിലും വാഹനങ്ങൾ നിരത്തിൽ കാത്തു കിടക്കേണ്ടി വന്നു.
ഏതാനും ദിവസം മുൻപു സർവീസ് റോഡുകൾ ടാറിങ് നടത്തിയതോടെ കുരുക്കിന് താൽക്കാലിക അയവുവന്നെങ്കിലും ഇന്നലെ കുരുക്ക് യാത്രക്കാരെ വലച്ചു. മുൻ ദിവസങ്ങളിലും ഇടവിട്ടിടവിട്ടു ഗതാഗതക്കുരുക്കുണ്ടായി.
ചിറങ്ങരയിൽ ടാറിങ് നടത്തിയ ഭാഗത്തു പല തവണകളായി കുഴികൾ വീണ്ടും രൂപപ്പെട്ടിരുന്നു. അവ ടാറിങ് മിശ്രിതം ഉപയോഗിച്ചു കരാർ കമ്പനിയുടെ തൊഴിലാളികൾ അടച്ചിരുന്നു.
ചിറങ്ങരയിലെ ടാറിങ്ങിന്റെ ഗുണനിലവാരക്കുറവ് അറ്റകുറ്റപ്പണിയുടെ ഘട്ടത്തിൽ തന്നെ പരാതിക്കിടയാക്കിയിരുന്നു.
മുരിങ്ങൂരിലും ടാറിട്ട ഭാഗങ്ങളിൽ കുഴികൾ തെളിയുമോയെന്നു കാത്തിരുന്നു കാണണം. തൃശൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങളുടെ നിര ഇന്നലെ സന്ധ്യയ്ക്കു പൊങ്ങം വരെ നീണ്ടു.
മഴ കൂടുതൽ ശക്തമായാൽ കുഴികളും കുരുക്കും വീണ്ടും കൂടാം.ഏതെങ്കിലും പോയിന്റിൽ കുരുക്ക് അര മണിക്കൂർ കൂടിയാൽ വാഹനങ്ങൾ കർശനമായി തടഞ്ഞു വഴി തിരിച്ചു വിടുന്നതാണ് ഇപ്പോഴത്തെ പ്രധാന ക്രമീകരണം. തൃശൂർ ഭാഗത്തേക്കുള്ള ഭാരവാഹനങ്ങൾ ഇടപ്പള്ളി, ആലുവ, അത്താണി, പൊങ്ങം എന്നിവിടങ്ങളിൽ സമാന്തര പാതകളിലേക്കു തിരിച്ചു വിടുന്നുണ്ട്.
എറണാകുളം ഭാഗത്തേക്കുള്ള ഭാരവാഹനങ്ങൾ തിരക്കു മുറുകുന്ന സമയങ്ങളിൽ തൃശൂരിൽ നിന്നു തന്നെ എൻഎച്ച് 66 ലേക്കു തിരിച്ചു വിടുന്നു.
കൊടകരയിൽ നിന്ന് ആളൂർ, മാള വഴിയും മുരിങ്ങൂരിൽ നിന്ന് മേലൂർ, കോനൂർ വഴിയും തിരിച്ചു വിടുന്നുണ്ട്. കൂടാതെ ആറ്റപ്പാടം, കട്ടപ്പുറം, അന്നനാട്, കാടുകുറ്റി റോഡുകളെയും വാഹനങ്ങൾ സമാന്തര യാത്രയ്ക്ക് ആശ്രയിക്കുന്നു.
60 പൊലീസ് ഉദ്യോഗസ്ഥർ വിവിധ കേന്ദ്രങ്ങളിൽ ഗതാഗത നിയന്ത്രണത്തിനുണ്ട്. ടാറിങ് നടത്തിയതോടെ പാതയിലെ കുണ്ടും കുഴിയും ഒഴിവായതാണു കഴിഞ്ഞ ദിവസങ്ങളിലും കുരുക്കിനു നേരിയ അയവുണ്ടാകാൻ ഒരു കാരണം. കൂടാതെ പൊലീസിന്റെ മേൽനോട്ടത്തിൽ പല വഴിക്കു വാഹനങ്ങളെ തിരിച്ചു വിടുന്നതും ദേശീയപാതയിലെ ഗതാഗതക്കുരുക്കിന്റെ കാഠിന്യം കുറച്ചിരുന്നു.
5 മണിക്കൂർ വരെ നീണ്ട
കുരുക്ക് അര മണിക്കൂറും ഒരു മണിക്കൂറുമായി കുറഞ്ഞതാണു ആശ്വാസമെങ്കിലും മഴ കനക്കുകയും വാഹനങ്ങളുടെ ഒഴുക്കു കൂടുകയും ചെയ്താൽ കണക്കുകൂട്ടലുകൾ പാളും. സുപ്രീം കോടതിയുടെ രൂക്ഷ വിമർശനത്തിനു ശേഷം സർവീസ് റോഡ് ടാറിങ് നടത്തി തകരാർ പരിഹരിച്ചതും പൊലീസ് ഗതാഗത നിയന്ത്രണം കൂട്ടിയതുമാണ് ഇപ്പോഴത്തെ രക്ഷയ്ക്ക് കാരണം. ദിവസം ഏകദേശം 75000 വാഹനങ്ങളാണ് ദേശീയപാതയിൽ അങ്കമാലി – മണ്ണുത്തി ഭാഗത്ത് കടന്നു പോകുന്നത്.
കേരളത്തിലെ ഏറ്റവും തിരക്കേറിയ ട്രാഫിക് കോറിഡോറാണ് ഈ മേഖല. സുപ്രീം കോടതി ടോൾ പിരിക്കൽ നിർത്തിവച്ചു കുരുക്കഴിക്കാൻ നിർദേശിച്ചിരുന്നു.
കേസ് അടുത്ത ഒൻപതിന് വീണ്ടും പരിഗണിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]