കേരളത്തിന്റെ ഏറ്റവും വലിയ ‘ഷോപ്പിങ് മാമാങ്കം’ കൂടിയായ ഓണത്തിന്, ഇക്കുറിയും സ്വർണാഭരണ വിൽപന വൻ ഉഷാർ. ചിങ്ങം പിറന്ന്, വിവാഹ സീസണും വിരുന്നെത്തിയതോടെ ആഭരണശാലകളിലെല്ലാം കൂടുതൽ തിരക്കായി.
2023ലെ ഓണക്കാലത്ത് അത്തം മുതൽ 10 ദിവസത്തിനിടെ കേരളത്തിൽ 5,000 കോടി രൂപയുടെ സ്വർണവിൽപന നടന്നുവെന്നായിരുന്നു അനൗദ്യോഗിക കണക്കുകൾ. കഴിഞ്ഞവർഷം അത് 7,000 കോടിയിലെത്തി.
ഇക്കുറി പ്രതീക്ഷ 8,000 കോടിയുടെ വിറ്റുവരവ്.
സ്വർണവില റെക്കോർഡ് തകർത്ത് തേരോട്ടം നടത്തുന്നത് വിറ്റഴിയുന്ന അളവിനെ ബാധിക്കുന്നുണ്ടെങ്കിലും ഉപഭോക്താക്കൾ വിപണിയിൽ നിന്ന് വിട്ടുനിൽക്കുന്നില്ലെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) ചെയർമാനും ഭീമ ഗ്രൂപ്പ് ചെയർമാനുമായ ഡോ.ബി. ഗോവിന്ദൻ ‘മനോരമ ഓൺലൈനിനോട്’ പറഞ്ഞു.
വിവാഹ പാർട്ടികൾക്ക് പുറമെ ഓണത്തിന് സമ്മാനങ്ങളായി നൽകാൻ കമ്മൽ, മോതിരം, വള, മൂക്കുത്തി തുടങ്ങിയ ആഭരണങ്ങൾ വാങ്ങുന്നവരും ധാരാളം.
സ്വർണത്തെ മികച്ച നിക്ഷേപമായി കാണുന്നവരുടെ എണ്ണം ഉയർന്നതും വിൽപന കൂടാനുള്ള കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. .
വിലയിൽ സ്ഥിരതയില്ലാത്തത് ഉപഭോക്താക്കളെ അലട്ടുന്നുണ്ടെങ്കിലും വിപണിയിൽ അതു പ്രകടമല്ലെന്ന് എകെജിഎസ്എംഎ കെ.
സുരേന്ദ്രൻ വിഭാഗം ജനറൽ സെക്രട്ടറി എസ്. അബ്ദുൽ നാസറും പറഞ്ഞു.
കഴിഞ്ഞ ഒരുവർഷത്തിനിടെ പവന് 20,000 രൂപയിലധികമാണ് വർധിച്ചത്. ഇത് സ്വർണം വാങ്ങൽഅളവ് കുറയാൻ ഇടയാക്കിയിട്ടുമുണ്ട്.
നേരത്തേ പവൻ, ഗ്രാം എന്നിങ്ങനെ പറഞ്ഞാണ് ഉപഭോക്താക്കൾ സ്വർണാഭരണം വാങ്ങിയിരുന്നതെങ്കിൽ നിലവിൽ അത് തുക പറഞ്ഞുകൊണ്ടായി എന്നുമാത്രം.
ഒരു ലക്ഷം രൂപയുടെ സ്വർണം, 10 ലക്ഷം രൂപയുടെ സ്വർണം എന്നിങ്ങനെയാണ് ഇപ്പോൾ മിക്ക ഉപഭോക്താക്കളും സ്വർണാഭരണം വാങ്ങുന്നത്. നേരത്തേയത് ഒരു പവൻ, രണ്ടു പവൻ, 5 പവൻ എന്നിങ്ങനെയായിരുന്നു.
വില കൂടിനിൽക്കുന്നതിനാൽ എക്സ്ചേഞ്ചാണ് കൂടുതലെന്നും അദ്ദേഹം പറഞ്ഞു. ഒരുദിവസത്തെ മൊത്തം വിൽപനയിൽ 60 ശതമാനമെങ്കിലും എക്സ്ചേഞ്ചാണ്.
നിലവിൽ കൈവശമുള്ള പഴയ ആഭരണങ്ങൾ മാറ്റി പുത്തൻ ട്രെൻഡി ഡിസൈനുകളിലുള്ള ആഭരണങ്ങൾ സ്വന്തമാക്കാനാണ് കൂടുതൽ ഉപഭോക്താക്കളും എത്തുന്നത്.
വജ്രത്തിനും വലിയ ഡിമാൻഡ്
കഴിഞ്ഞ രണ്ടുവർഷമായി കേരളത്തിലും വജ്രാഭരണങ്ങൾക്ക് ഡിമാൻഡ് ഏറുകയാണെന്ന് ഡോ.ബി. ഗോവിന്ദൻ പറഞ്ഞു.
പൊതുവേ മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളായിരുന്നു ഡയമണ്ട് ആഭരണങ്ങളോട് കൂടുതൽ താൽപര്യം കാട്ടിയിരുന്നത്. ഇപ്പോൾ കേരളത്തിലും ഓരോ വർഷവും വിൽപനയും കൂടുന്നു.
രണ്ടുവർഷം മുൻപ് കേരളത്തിലെ മൊത്തം ആഭരണ വിൽപനയിൽ 5 ശതമാനത്തിലും താഴെയായിരുന്നു ഡയമണ്ട് ആഭരണങ്ങളുടെ വിഹിതം. ഇപ്പോൾ അത് 10% വരെയായി.
വജ്രത്തിൽ തീർത്ത മൂക്കുത്തി, കമ്മൽ, മോതിരം എന്നിവയ്ക്കാണ് ഡിമാൻഡ് കൂടുതൽ.
ജിഎസ്ടിയും കുറഞ്ഞാൽ വൻ നേട്ടം
ദീപാവലിയോടെ ജിഎസ്ടി നിരക്കുകൾ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. സ്വർണത്തിന് നേരത്തേ 5 ശതമാനമായിരുന്ന ജിഎസ്ടി പിന്നീട് 3 ശതമാനത്തിലേക്ക് കുറച്ചിരുന്നു.
നിലവിൽതന്നെ, സ്വർണത്തിന്റെ ജിഎസ്ടി കുറഞ്ഞുനിൽക്കുന്നതിനാൽ ഇനിയും കുറയ്ക്കാൻ സാധ്യത വിരളം. എങ്കിലും, വില കത്തിക്കയറി റെക്കോർഡുകൾ തകർത്തുമുന്നേറുന്നത് സാധാരണക്കാർക്ക് തിരിച്ചടിയാകുന്നുവെന്ന വിലയിരുത്തൽ ശക്തമാണ്.
ഇതിനുപരിഹാരമെന്നോണം ജിഎസ്ടി 1-2 ശതമാനത്തിലേക്ക് താഴ്ത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. അതിനു കേന്ദ്രവും ജിഎസ്ടി കൗൺസിലും പച്ചക്കൊടി വീശിയാൽ ഉപഭോക്താക്കൾക്കും വിപണിക്കും അതു വലിയ നേട്ടമാകും.
കേരളവും സ്വർണവും
ഇന്ത്യയിൽ ആളോഹരി സ്വർണ ഉപഭോഗത്തിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനമാണ് കേരളം.
പ്രതിവർഷം ശരാശരി ഒരുലക്ഷം കോടി രൂപയുടെ സ്വർണാഭരണ വിൽപന കേരളത്തിൽ നടക്കുന്നുണ്ട്. 2021-22ൽ വിറ്റുവരവ് 1.05 ലക്ഷം കോടി രൂപയായിരുന്നു.
ഓരോ വർഷവും 10-15 ശതമാനമാണ് സംയോജിത വളർച്ച (സിഎജിആർ). നിലവിൽ വിറ്റുവരവ് 1.3 ലക്ഷം കോടി രൂപയായിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിലയിരുത്തൽ.
ഒരുദിവസം ശരാശരി 250 കോടി രൂപയുടെ സ്വർണ ആഭരണങ്ങളാണ് കേരളത്തിൽ വിറ്റഴിയുന്നത്.
ആഭരണം എന്നതിന് പുറമേ വിശ്വസനീയ സമ്പാദ്യവുമായി മലയാളികൾ സ്വർണത്തെ കാണുന്നുണ്ട്. അടിയന്തര സാമ്പത്തികാവശ്യം നിറവേറ്റാൻ സ്വർണപ്പണയ വായ്പകൾ പ്രയോജനപ്പെടുത്താമെന്നതാണ് മുഖ്യ കാരണം.
സാധാരണ അക്ഷയതൃതീയയ്ക്കാണ് കേരളത്തിൽ ഏറ്റവുമധികം സ്വർണാഭരണ വിൽപന നടക്കുന്നത്; തുടർന്ന് ഓണക്കാലത്തും. അക്ഷയതൃതീയയ്ക്ക് അന്ന് ഒറ്റദിവസം 1,000 കോടിയിൽപ്പരം രൂപയുടെ സ്വർണക്കച്ചവടം കേരളത്തിൽ നടക്കാറുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer:
ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക
)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]