കൽപറ്റ ∙ ആനക്കാംപൊയിൽ-കള്ളാടി–മേപ്പാടി തുരങ്കപ്പാത നിർമാണ പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് ആനക്കാംപൊയിൽ സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, എ.കെ.ശശീന്ദ്രൻ, ഒ.ആർ.കേളു, പ്രിയങ്ക ഗാന്ധി എംപി, എംഎൽഎമാരായ ടി.സിദ്ദീഖ്, ലിന്റോ ജോസഫ്, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാനത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതി
വയനാട്ടിൽ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയിൽ 3.15 കിലോമീറ്ററും നീളം വരുന്ന (ആകെ 8.735 കിലോമീറ്റർ) കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായി ഇതുമാറും.
മറിപ്പുഴ (കോഴിക്കോട്) മുതൽ മീനാക്ഷി പാലം (കള്ളാടി) വരെ അനുബന്ധ റോഡ് ഉൾപ്പെടെ 8.735 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാതയുടെ 8.11 കിലോമീറ്റർ ദൂരം ഇരട്ട തുരങ്കങ്ങളാണ്.
പദ്ധതിയിൽ ഇരുവഴഞ്ഞി പുഴയ്ക്കു കുറുകെ 2 പ്രധാന പാലങ്ങളും മറ്റു 3 ചെറുപാലങ്ങളും ഉൾപ്പെടും. 6 വളവുകളുള്ള റൂട്ടിൽ ഓരോ 300 മീറ്ററിലും ഇരട്ട
തുരങ്കങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാതയും (ക്രോസ് പാസേജ്) ഉണ്ടാവും. പദ്ധതിയുടെ ആകെ ചെലവ് 2134.50 കോടി രൂപയാണ്.
ഏറ്റെടുക്കുന്നത് 33 ഹെക്ടർ ഭൂമി
പദ്ധതിക്കായി 33 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
5771 മീറ്റർ വനമേഖലയിലൂടെയും 2964 മീറ്റർ സ്വകാര്യ ഭൂമിയിലൂടെയുമാണ് തുരങ്കപാത കടന്നു പോകുന്നത്. സ്വകാര്യ ഭൂമിയിൽ വയനാട്ടിൽ 8.0525 ഹെക്ടർ ഭൂമിയും കോഴിക്കോട് ജില്ലയിൽ 8.1225 ഹെക്ടർ ഭൂമിയും ഏറ്റെടുത്തു കൈമാറി. വയനാട്ടിൽ മേപ്പാടി-കള്ളാടി-ചൂരൽമല റോഡ് (സംസ്ഥാന പാത-59), കോഴിക്കോട്ട് ആനക്കാംപൊയിൽ-മുത്തപ്പൻപുഴ-മറിപ്പുഴ റോഡ് എന്നീ 2 റോഡുകൾ തുരങ്ക പാതയുമായി ബന്ധിപ്പിക്കും.
കള്ളാടിയിൽ, മീനാക്ഷി പാലത്ത് സമുദ്ര നിരപ്പിൽ നിന്നു 851 മീറ്റർ ഉയരത്തിലാണ് വയനാട്ടിലെ പ്രവേശന കവാടം വരിക.
ആദ്യം നിർമാണം തുടങ്ങുക വയനാട്ടിൽ
തുരങ്കപ്പാതയുടെ നിർമാണം ആദ്യം തുടങ്ങുക വയനാട് ഭാഗത്താണെന്ന് പദ്ധതി സ്പെഷൽ പർപസ് വെഹിക്കിൾ (എസ്പിവി) ആയ കൊങ്കൺ റയിൽവേ കോർപറേഷൻ ലിമിറ്റഡ് അധികൃതർ പറഞ്ഞു. കള്ളാടി, മീനാക്ഷി പാലത്തിന് സമീപം രണ്ടാഴ്ചയായി നിലം നിരപ്പാക്കുന്ന പ്രവൃത്തി നടക്കുകയാണ്. തുടർന്ന് ജിയോ ടെക്നിക്കൽ ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾ നടക്കും.
ഇതിനുള്ള ഉപകരണങ്ങൾ എത്തിച്ചിട്ടുണ്ട്. തുരങ്കത്തിന്റെ ഡിസൈനാണ് ജിയോ ടെക്നിക്കൽ ഇൻവെസ്റ്റിഗേഷനിലൂടെ തയാറാക്കുന്നത്. പദ്ധതി പൂർത്തിയായാൽ കോഴിക്കോട്–വയനാട് ഗതാഗതം സുഗമമാവും.
യാത്രാസമയം കുറയുകയും വിനോദസഞ്ചാര-വ്യാപാര മേഖലകൾക്ക് വൻ ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]