യുക്രെയിനിലേക്ക് ഏറ്റവുമധികം ഡീസൽ വിതരണം ചെയ്യുന്ന രാജ്യമായി ഇന്ത്യ. ഇക്കഴിഞ്ഞ ജൂലൈയിൽ 15.5% വിഹിതവുമായാണ് ഇന്ത്യയുടെ മുന്നേറ്റം.
റഷ്യൻ എണ്ണ വാങ്ങിക്കൂട്ടുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കുമേൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കനത്ത തീരുവ ഉൾപ്പെടെ കടുത്ത നടപടികളെടുക്കുമ്പോഴാണ്, അതേ റഷ്യൻ എണ്ണ സംസ്കരിച്ച് ലഭിക്കുന്ന ഡീസൽ ഇന്ത്യയിൽ നിന്ന് യുക്രെയ്ൻ ഉൾപ്പെടെയുള്ള യൂറോപ്യൻ രാഷ്ട്രങ്ങൾ വാങ്ങുന്നതെന്നത് ശ്രദ്ധേയം. റഷ്യയുമായുള്ള യുദ്ധത്തിനിടെ, യുക്രെയ്ന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഏറെ പിന്തുണ നൽകുന്നതുമാണ് ഇന്ത്യയുമായുള്ള ഡീസൽ ഡീൽ.
യുക്രെയ്നിലെ വിപണി നിരീക്ഷകരായ നാഫ്റ്റോറൈനോക്കിന്റെ റിപ്പോർട്ട് പ്രകാരം ജൂലൈയിൽ പ്രതിദിനം ശരാശരി 2,700 ടൺ ഡീസലാണ് ഇന്ത്യ യുക്രെയ്നു വിതരണം ചെയ്തത്.
2024 ജൂലൈയിൽ ഇന്ത്യയുടെ വിഹിതം വെറും 1.9 ശതമാനമായിരുന്നു. നിലവിലെ റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തുർക്കി, റൊമേനിയ എന്നിവവഴിയാണ് ഇന്ത്യ യുക്രെയ്നിൽ ഡീസൽ എത്തിക്കുന്നത്.
2025 ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവ് പരിഗണിച്ചാൽ യുക്രെയ്ന്റെ ഡീസൽ ഇറക്കുമതിയിൽ ഇന്ത്യയുടെ വിഹിതം 10.2 ശതമാനമാണ്. 2024ലെ സമാനകാലത്ത് 1.9 ശതമാനമായിരുന്നു.
ഗ്രീസ്, തുർക്കി എന്നിവയെ പിന്നിലാക്കിയാണ് ഇന്ത്യയുടെ മുന്നേറ്റം.
സ്ലൊവാക്കിയ, പോളണ്ട്, ലിത്വാനിയ, സ്വീഡൻ, ഡെൻമാർക്ക് എന്നിവിടങ്ങളിൽ നിന്നും യുക്രെയ്ൻ ഡീസൽ വാങ്ങുന്നുണ്ട്. ഗ്രീസ്, തുർക്കി എന്നിവയെ സ്ലോവാക്കിയ ജൂലൈയിൽ മറികടക്കുകയും ചെയ്തു.
നിലവിൽ ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും ഉയർന്ന വിഹിതം സ്ലൊവാക്കിയയ്ക്കാണ്, 15%. ഗ്രീസ് 13.5%, ടർക്കി 12.4%, ലിത്വാനിയ 11.4% എന്നിവയാണ് യഥാക്രമം തൊട്ടുപിന്നാലെയുള്ളത്.
റഷ്യൻ എണ്ണ ഇറക്കുമതിക്കുള്ള ‘പിഴയായി’ ട്രംപ് ഇന്ത്യയ്ക്കുമേൽ ചുമത്തിയ 25% ഉൾപ്പെടെ മൊത്തം 50% ഇറക്കുമതി തീരുവ ഓഗസ്റ്റ് 27ന് പ്രാബല്യത്തിൽ വന്നിരുന്നു.
റഷ്യയിൽ നിന്ന് കുറഞ്ഞവിലയ്ക്ക് ഇന്ത്യ വൻതോതിൽ എണ്ണ ഇറക്കുമതി ചെയ്ത് മറിച്ചുവിൽക്കുകയും ലാഭമുണ്ടാക്കുകയും ചെയ്യുന്നുവെന്ന് ആരോപിക്കുന്ന യുഎസ്, റഷ്യയുടെ യുദ്ധത്തിന് ഇതുവഴി ഇന്ത്യയാണ് സാമ്പത്തിക പിന്തുണ നൽകുന്നതെന്നും ആരോപിച്ചിരുന്നു. യുക്രെയ്നിൽ നടക്കുന്നത് ‘മോദിയുടെ യുദ്ധം’ എന്നാണ് കഴിഞ്ഞദിവസം ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ പറഞ്ഞത്.
റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്നത് ‘ബ്ലഡ് ഓയിൽ’ ആണെന്നും യുഎസിന്റെ ഡോളർ റഷ്യയ്ക്കു നൽകിയാണ് ഇന്ത്യ എണ്ണ വാങ്ങുന്നതെന്നും അത് യുഎസിന് അംഗീകരിക്കാനാവില്ലെന്നും നവാരോ പറഞ്ഞിരുന്നു.
ട്രംപ് പ്രഖ്യാപിച്ച 50% ഇറക്കുമതി തീരുവ ഒഴിവാക്കണമെങ്കിൽ ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി നിർത്തണമെന്നും നവാരോ ആവശ്യപ്പെട്ടിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]