കൊച്ചി ∙ ഓണത്തിനു കിലോഗ്രാമിന് 520 രൂപ വരെ വെളിച്ചെണ്ണ വില എത്തുമെന്നുള്ള ആശങ്ക അസ്ഥാനത്തായി. 349 രൂപയ്ക്കു വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ നൽകാനുള്ള സർക്കാർ തീരുമാനമാണു വിപണിയെ തിരുത്തിയത്.
സബ്സിഡി ശബരി വെളിച്ചെണ്ണയുടെ വില 339 ആയി സർക്കാർ കുറയ്ക്കുകകൂടി ചെയ്തു. കിലോയ്ക്ക് 400 രൂപയ്ക്കടുത്തു വെളിച്ചെണ്ണ പൊതു മാർക്കറ്റിൽ ലഭ്യമാണ്.
സാധാരണ സമയത്തേക്കാൾ ഇരട്ടി കച്ചവടമാണ് ഓണം സീസണിൽ കേരളത്തിൽ വെളിച്ചെണ്ണയ്ക്കുള്ളത്. വിപണിയിലെ ഊതിപ്പെരുപ്പിക്കൽ നഷ്ടമുണ്ടാക്കിയത് കേരഫെഡിനാണ്.
ചരിത്രത്തിൽ ഇതുവരെയില്ലാത്ത വിലയ്ക്കു കൊപ്ര വാങ്ങി ഉയർന്ന വിലയ്ക്കു കേര വെളിച്ചെണ്ണ മാർക്കറ്റിലെത്തിച്ചെങ്കിലും വിപണിയിലെ നമ്പർ വൺ ബ്രാൻഡിനു വിൽപന കുറവാണ്. കേര വെളിച്ചെണ്ണ സപ്ലൈകോ സ്റ്റോറിൽ പോലും 445 രൂപയ്ക്കാണു വിൽക്കുന്നത്.
480 രൂപ വരെ വില ഉയർന്ന ശുദ്ധമായ വെളിച്ചെണ്ണ ഇപ്പോൾ 380– 390 രൂപയ്ക്കു ലഭിക്കും.
അതിലും കുറഞ്ഞ വിലയ്ക്കു വിൽക്കുന്ന ബ്രാൻഡുകളും ഉണ്ട്. തമിഴ്നാട് മാർക്കറ്റിൽ കൊപ്രയ്ക്ക് ഇപ്പോൾ കിലോയ്ക്ക് 220 രൂപയേയുള്ളു.
കഴിഞ്ഞ ആഴ്ച 210 രൂപയായിരുന്നു. 275 രൂപ വരെ വില ഉയർന്നിരുന്നു.
കേര ഫെഡ് കൊപ്ര വാങ്ങിയത് 299 രൂപയ്ക്കാണ്. മാർക്കറ്റിൽ ആവശ്യത്തിനു കൊപ്രയും ഇപ്പോൾ ലഭ്യമാണ്.
ജാഗ്രത വേണം
വിലക്കയറ്റത്തിന്റെ മറവിൽ വൻതോതിൽ വ്യാജ വെളിച്ചെണ്ണയും.
പാം െകർണൽ ഓയിലാണു വെളിച്ചെണ്ണയിൽ ഇപ്പോൾ വ്യാപകമായി ചേർക്കുന്നത്. ശുദ്ധമായ വെളിച്ചെണ്ണ റഫ്രിജറേറ്ററിൽ വച്ചാൽ എളുപ്പം കട്ടിയാവും.
എന്നാൽ പാം കെർണൽ ഓയിൽ 26 ഡിഗ്രി സെൽഷ്യസിൽ കട്ടിയാവും. വെളിച്ചെണ്ണയ്ക്ക് 24 ഡിഗ്രി വേണം.
അതിനാൽ പാം കെർണൽ ഓയിൽ ചേർത്ത വെളിച്ചെണ്ണയുടെ ശുദ്ധതാ പരിശോധന എളുപ്പത്തിൽ നടത്താം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]