തിരുവമ്പാടി ∙ ചുരം കയറാതെ വയനാട് യാത്ര–മലയോര ജനത ഏറെക്കാലമായി ഹൃദയത്തിൽ താലോലിച്ച ആ സ്വപ്നമാണ് തുരങ്കപ്പാതയിലൂടെ യാഥാർഥ്യമാകുന്നത്. ടൂറിസത്തിന്റെ അനന്ത സാധ്യതകളും മലയോരത്തിന്റെ വികസനവും സുഗമമായ യാത്രാസൗകര്യവും ഒത്തിണങ്ങുന്നതാണ് ആനക്കാംപൊയിൽ– കള്ളാടി – മേപ്പാടി ബദൽ റോഡ്. മലയോരത്തെ കാരണവന്മാരുടെ കൂട്ടായ്മകളിലെ ചർച്ചയിൽ നിന്നാണ് ഈ ആശയത്തിന്റെ തുടക്കം.
ചർച്ചയുടെ തുടർച്ചയായി 1980ൽ ആനക്കാംപൊയിലിൽ നിന്നു വയനാട്ടിലെ മേപ്പാടിയിലേക്കു കുടിയേറ്റ കാരണവന്മാരുടെ നേതൃത്വത്തിൽ വനയാത്ര സംഘടിപ്പിച്ചു. മേപ്പാടിയിൽ എത്തിയപ്പോൾ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് പി.എ.മുഹമ്മദിന്റെ നേതൃത്വത്തിൽ യാത്രാ സംഘത്തെ സ്വീകരിക്കുകയും കൺവൻഷൻ ചേരുകയും ചെയ്തു.
ഇതായിരുന്നു വയനാട് ബദൽ പാതയുടെ യാത്രാതുടക്കം.
പിന്നീട്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി.എൻ.ചിദംബരന്റെ നേതൃത്വത്തിൽ ആനക്കാംപൊയിലിൽ കൺവൻഷൻ ചേരുകയും മേപ്പാടിയിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ധാരാളം ആളുകൾ ഈ കൺവൻഷനിൽ പങ്കെടുക്കുകയും ചെയ്തു. അതിനുശേഷം പല ഘട്ടങ്ങളിലായി സർവേയും യാത്രകളും നടത്തിയെങ്കിലും വനനശീകരണവും പരിസ്ഥിതി പ്രശ്നവും പറഞ്ഞ് പദ്ധതി മുന്നോട്ടു പോയില്ല. 2006 ലെ പൊതു തിരഞ്ഞെടുപ്പിൽ മത്തായി ചാക്കോ സ്ഥാനാർഥിയായി എത്തുമ്പോഴാണ് ആനക്കാംപൊയിൽ കള്ളാടി മേപ്പാടി റോഡ് പ്രകടന പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
അദ്ദേഹത്തിന്റെ ആകസ്മിക വേർപാടിനെ തുടർന്ന് എംഎൽഎയായ ജോർജ് എം.തോമസ് ഈ പദ്ധതിക്ക് വേണ്ടി കാര്യക്ഷമമായി ഇടപെട്ടു. റോഡിന്റെ സാധ്യതാപഠനത്തിനായി വനയാത്ര നടത്താൻ അദ്ദേഹം തീരുമാനിച്ചു.
പൊലീസ് , ഫോറസ്റ്റ് വകുപ്പുകളുടെ അനുമതിയോടെ നടത്തിയ വനയാത്രയിൽ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ജോളി ജോസഫ് എന്നിവരടക്കം 25 പേരാണ് ഉണ്ടായിരുന്നത്.
വനയാത്രയ്ക്ക് ഒരുക്കം നടത്തി അടിക്കാടുകൾ തെളിച്ചുവെന്ന പേരിൽ നാട്ടുകാരിൽ കുറച്ചു പേർക്കെതിരെ വനം വകുപ്പ് കേസ് എടുത്തിരുന്നു. 2011 ൽ സി.മോയിൻകുട്ടി എംഎൽഎയുടെ നേതൃത്വത്തിൽ സർക്കാരിന്റെ മുന്നിൽ കള്ളാടി – മേപ്പാടി– ബദൽ റോഡ് അവതരിപ്പിച്ചു. മന്ത്രി കെ.എം.
മാണി 2 കോടി രൂപ ഈ പദ്ധതിക്ക് അനുവദിച്ചു. 2015ൽ നടത്തിയ പ്രാഥമിക സർവേയിൽ സ്വരംകുന്നിൽ നിന്ന് കള്ളാടിയിലേക്കു തുരങ്കപ്പാതയുടെ സാധ്യത കണ്ടെത്തി. എന്നാൽ കാര്യമായ പ്രവർത്തനങ്ങൾ മുന്നോട്ടു പോയില്ല.
2016ൽ വീണ്ടും അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ തുരങ്കപ്പാത ആശയം സജീവമാക്കി.
ജോർജ് എം.തോമസിന്റെയും ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെയും നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കണ്ട് തുരങ്കപ്പാതയുടെ സാധ്യത ധരിപ്പിച്ചു. മുഖ്യമന്ത്രിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായതോടെ അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ 20 കോടി രൂപ പദ്ധതിക്ക് അനുവദിച്ചു. തുടർന്ന് മെട്രോ മാൻ ഇ.
ശ്രീധരനെ എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശിച്ച് തുരങ്കപ്പാതയുടെ സാധ്യതകൾ ധരിപ്പിച്ചു. അദ്ദേഹത്തിന്റെ ഉപദേശ പ്രകാരമാണ് കൊങ്കൺ റെയിൽവേ കോർപറേഷനെ പദ്ധതി ഏൽപിക്കാം എന്ന ആശയം ഉണ്ടാകുകയും പദ്ധതിയുടെ മേൽനോട്ട
നിർമാണ നിർവഹണ ഏജൻസിയായി കൊങ്കൺ റെയിൽവേ കോർപറേഷനെ സർക്കാർ ചുമതലപ്പെടുത്തുകയും ചെയ്തത്.
തുടർന്ന് അവരുടെ സർവേയ്ക്കു 10 കോടി രൂപ സർക്കാർ അനുവദിച്ചു. ഈ സർവേയിലാണ് സ്വർഗംകുന്നിലേക്കു പോകാതെ മറിപ്പുഴ പാലം കടന്ന് തുരങ്കം നിർമിക്കാം എന്ന ആശയം വന്നത്.
8.11 കിലോമീറ്റർ ഉള്ള തുരങ്കപ്പാതയ്ക്കു കിഫ്ബിയിൽ ഉൾപ്പെടുത്തി 2134 കോടി രൂപ സർക്കാർ അനുവദിച്ചു. ഭോപാൽ ആസ്ഥാനമായ ദിലീപ് ബിൽഡ് കോൺ കമ്പനി നിർമാണ കരാർ ഏറ്റെടുത്തു. തുരങ്കപ്പാത പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നാളെ 3ന് മുഖ്യമന്ത്രി പിണറായി വിജയൻ ആനക്കാംപൊയിലിൽ നിർവഹിക്കുമ്പോൾ മലയോര മേഖലയുടെ മാത്രമല്ല കേരളത്തിന്റെ ആകെ വികസന രംഗത്തെ നാഴികക്കല്ലായിത്തീരുകയാണ് ഈ പദ്ധതി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]