ചെർപ്പുളശ്ശേരി ∙ പഴയ ബസ് സ്റ്റാൻഡ് നവീകരണത്തിന്റെ ഭാഗമായി ശോച്യാവസ്ഥയിലുള്ള ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചു നീക്കാൻ ഇനിയും മാസങ്ങളുടെ കാത്തിരിപ്പു വേണ്ടിവരുമെന്നു സൂചന. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന വ്യാപാരികളോടു കടമുറികൾ ഒഴിയാൻ നഗരസഭ നോട്ടിസ് നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ വ്യാപാരികൾ മുറികൾ ഒഴിഞ്ഞു കൊടുക്കുകയും ചെയ്തിട്ടു മാസങ്ങളായി. എന്നാൽ, കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തന്നെയുള്ള ഒരു മെഡിക്കൽ സ്റ്റോർ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.
കടമുറി ഒഴിഞ്ഞു നൽകുന്നതിനെതിരെ മെഡിക്കൽ സ്റ്റോർ ഉടമ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ കെട്ടിടം പൊളിക്കുന്നതു താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
കെട്ടിടത്തിന്റെ താഴെ നിലയിലുള്ള മറ്റെല്ലാ വ്യാപാരികളും കടമുറികൾ ഒഴിഞ്ഞു പോയെങ്കിലും കോടതി നടപടി കാരണം കെട്ടിടസമുച്ചയം പൊളിച്ചു മാറ്റാൻ കഴിയാത്ത വിഷമസന്ധിയിലാണു നഗരസഭ. ഏഴു കോടി രൂപ ചെലവിട്ട് അത്യാധുനിക സംവിധാനങ്ങളോടെയാണു പഴയ ബസ് സ്റ്റാൻഡ് നവീകരണം നടത്താൻ നഗരസഭ ലക്ഷ്യമിട്ടിട്ടുള്ളത്.
ഇനി ഓണം അവധിക്കാലത്തിനു ശേഷമേ കോടതി ഇക്കാര്യം പരിഗണിക്കുകയുള്ളൂ എന്നാണ് അറിയുന്നത്.പി.രാമകൃഷ്ണൻ ചെർപ്പുളശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന 1989ലാണ് ചെർപ്പുളശ്ശേരി ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. പിന്നീട് 1995ൽ പദ്ധതിയുടെ ഭാഗമായുള്ള പ്രവൃത്തികൾ പൂർത്തിയാക്കി ഉദ്ഘാടനവും നടത്തി.മൂന്നു നിലകളിലായുള്ള കെട്ടിട
സമുച്ചയത്തിന്റെ താഴത്തെ നിലയിൽ വ്യാപാര സ്ഥാപനങ്ങൾ, മുകളിലെ നിലകളിൽ റൂറൽ ട്രഷറി ഓഫിസ്, കൃഷിഭവൻ, ജില്ലാസഹകരണ ബാങ്ക്, ഹോട്ടൽ എന്നിവയും പിന്നീട് പഞ്ചായത്ത് കാര്യാലയവും പ്രവർത്തിച്ചിരുന്നു.
രണ്ടു വർഷത്തിലേറെയായി കെട്ടിടത്തിന്റെ അവസ്ഥ പരിതാപകരമായി തുടരുകയാണ്.കോൺക്രീറ്റ് അടർന്നുവീണും കാടുകയറിയും ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലായ കൊട്ടിടത്തിന്റെ മുകളിലെ രണ്ടുനിലകൾ നേരത്തെ അടച്ചുപൂട്ടിയിരുന്നു. തുടർന്ന് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോർ ഒഴികെയുള്ള വ്യാപാരസ്ഥാപനങ്ങളും അടച്ചു.
പഴയ ബസ് സ്റ്റാൻഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് 2025–26 വാർഷിക പദ്ധതിയിൽ ഏഴു കോടി രൂപയാണു നഗരസഭ നീക്കിവച്ചിട്ടുള്ളത് 40 സെന്റ് സ്ഥലത്ത് ആധുനിക സൗകര്യങ്ങൾ ഒരുക്കിയായിരിക്കും പുതിയ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സിന്റെ നിർമാണം. ഹഡ്കോ പോലുള്ള വിവിധ ധനകാര്യസ്ഥാപനങ്ങളിൽ നിന്നു വായ്പ എടുത്തായിരിക്കും പദ്ധതി നടപ്പാക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട
പ്രത്യേക ഫണ്ടും ഇതിനായി വിനിയോഗിക്കും.പദ്ധതിയുടെ ഡിപിആർ തയാറായിക്കഴിഞ്ഞു.
മൂന്നു നിലകളിലായി പ്രവൃത്തികൾ പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിൽ ആധുനിക നിലവാരത്തിലുള്ള ഷോപ്പിങ് കോംപ്ലക്സ്, വിശ്രമമുറി, ശുചിമുറി സംവിധാനം, കമ്യണിറ്റി ഹാൾ, ലിഫ്റ്റ് സൗകര്യം എന്നിവ ലക്ഷ്യമിടുന്നുണ്ട്. മേൽക്കൂര മേഞ്ഞ ബസ് സ്റ്റാൻഡ് യാഡും ക്ലോക്ക് ടവറും ഉൾപ്പെടുന്നതാണ് നഗരസഭ തയാറാക്കിയ ഡിപിആർ.
കെട്ടിടം അപകടാവസ്ഥയിൽ
ചെർപ്പുളശ്ശേരി ∙ പാലക്കാട് എൻഎസ്എസ് കോളജ് എൻജിനീയറിങ് വിഭാഗം 2023 ഓഗസ്റ്റ് 23ന് പരിശോധന നടത്തി ബസ് സ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിലാണെന്ന് വിലയിരുത്തിരുത്തിയിരുന്നു.കെട്ടിടത്തിന്റെ ദൃശ്യപരിശോധനയും റീബൗണ്ട് ഹാമർ ടെസ്റ്റും (എൻഡിടി) നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. മൂന്നു നിലകളിലായി നിർമിച്ച കെട്ടിടത്തിന് ഫ്രെയിം ചെയ്ത കോൺക്രീറ്റ് ഘടനയാണ്.
ബീമുകളിലും തൂണുകളിലും ഗുരുതരമായ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കോൺക്രീറ്റ് കമ്പികൾ പുറത്തുകാണൽ, കമ്പികളുടെ നാശം എന്നിങ്ങനെയുള്ള ഒട്ടേറെ പ്രശ്നങ്ങൾ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടെന്നായിരുന്നു റിപ്പോർട്ട്. കെട്ടിടത്തിന്റെ ചുറ്റമുള്ള സൺഷെയ്ഡുകൾ പല ഭാഗങ്ങളിലും അടർന്നു വീണിട്ടുണ്ട്. ബീം, സ്ലാബ്, കോളം തുടങ്ങിയ ലോഡ് റെസിസ്റ്റിങ് മൂലകളുടെ ശക്തിയറിയാൻ തിരഞ്ഞെടുത്ത പോയിന്റുകളിൽ റീബൗണ്ട് ഹാമർ ടെസ്റ്റ് നടത്തിയെങ്കിലും തൃപ്തികരമായ ഫലം ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
കെട്ടിടം പൊളിക്കൽ ഹൈക്കോടതി വിധിക്കു ശേഷം: നഗരസഭാധ്യക്ഷൻ
ചെർപ്പുളശ്ശേരി ∙ ബസ് സ്റ്റാൻഡിൽ ദിവസവും വന്നുപോകുന്ന ആയിരക്കണക്കിന് യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചു നീക്കാൻ പദ്ധതിയിട്ടതെന്നും എന്നാൽ, തീരുമാനത്തിനെതിരെ ഒരു കടയുടമ ഹൈക്കോടതിയെ സമീപിച്ചതിനാലാണു നടപടിക്രമങ്ങൾ തുടരാൻ തടസ്സം നേരിട്ടുണ്ടെന്നും നഗരസഭാധ്യക്ഷൻ പി.രാമചന്ദ്രൻ പറഞ്ഞു.
കെട്ടിടം പൊളിച്ചു നീക്കി പുതിയ കെട്ടിട
സമുച്ചയം നിർമിച്ച് ബസ് സ്റ്റാൻഡ് നവീകരണം സാധ്യമാക്കാൻ ഹൈക്കോടതിയുടെ ഭാഗത്തു നിന്ന് അനുകൂലമായ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]