ആലപ്പുഴ ∙ വള്ളംകളി പ്രമാണിച്ച് ഇന്നു രാവിലെ 6 മുതൽ രാത്രി 9 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം. റോഡുകളിൽ അനധികൃതമായി പാർക്കു ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും.
കണ്ടെയ്നർ, ട്രെയ്ലർ വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാതെ ബൈപാസ് വഴി പോകണം. തണ്ണീർമുക്കം, എറണാകുളം ഭാഗങ്ങളിൽ നിന്നു വാഹനങ്ങളിൽ വരുന്നവർ കൊമ്മാടി, ശവക്കോട്ടപ്പാലം, കോൺവന്റ് സ്ക്വയർ വഴി പോയി ബീച്ച്, റിക്രിയേഷൻ മൈതാനം, കനാൽ തീരത്തെ റോഡുകൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
ചങ്ങനാശേരി ഭാഗത്ത് നിന്നു കൈതവന ജംക്ഷനിലൂടെ വരുന്ന വാഹനങ്ങൾ പഴവീട്, കാർമൽ സ്കൂൾ മൈതാനങ്ങളിൽ പാർക്ക് ചെയ്യണം.
കൊല്ലം, കായംകുളം ഭാഗത്തു നിന്നുള്ള വാഹനങ്ങൾ കളർകോട് ചിന്മയ സ്കൂൾ മൈതാനിയിലും സ്കൂളിനു മുൻവശം ദേശീയപാതയിലെ സൗകര്യപ്രദമായ സ്ഥലത്തും, എസ് ഡി കോളജ് മൈതാനിയിലും പാർക്ക് ചെയ്യണം. കളർകോട്, പഴവീട്, കളർകോട് ബൈപാസ്, ബീച്ച്, റിക്രിയേഷൻ മൈതാനം, കൈതവന എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കു കെഎസ്ആർടിസി ഫീഡർ സർവീസ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
നടന്നു തളരും
അതേസമയം വള്ളംകളി കാണാനെത്തുന്നവർ കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിക്കേണ്ടിവരും.
വള്ളംകളി കണ്ട ശേഷം തിരികെ വാഹനത്തിൽ എത്തിച്ചേരാൻ ആദ്യം നടന്ന ദൂരം വീണ്ടും നടക്കണം.
ഏകദേശം വരാനും പോകാനുമായി 10 കിലോമീറ്ററിലേറെ ദൂരം. അധികൃതർ നിർദേശിച്ച സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്തു പുന്നമടയിൽ വരണം.
ദൂരം 5 കിലോമീറ്ററിൽ അധികം ആണ്. ഇവിടങ്ങളിൽ നിന്നു ആളുകളെ പുന്നമടയിൽ എത്തിക്കാൻ പ്രത്യേകമായി ഫീഡർ ബസുകൾ ഏർപ്പാട് ചെയ്യുമെന്നു അധികൃതർ പറഞ്ഞിരുന്നെങ്കിലും ഇതുവരെയും കെഎസ്ആർടിസിക്ക് ഉത്തരവ് ലഭിച്ചിട്ടില്ല.
തിരുവനന്തപുരത്തുനിന്നു എംഡിയുടെ ഉത്തരവ് ലഭിക്കാതെ ബസുകൾ അനുവദിക്കില്ലെന്നാണ് കെഎസ്ആർടിസി സ്റ്റേഷൻ അധികൃതർ പറഞ്ഞത്.
ആളുകൾ ഓട്ടോറിക്ഷ പിടിച്ച് വരാമെന്നു കരുതിയാൽ തന്നെ നഗരത്തിലേക്ക് പ്രവേശിക്കാൻ വാഹനങ്ങൾക്കു നിയന്ത്രണമുണ്ട്. കാൽനട
അല്ലാതെ മറ്റു മാർഗമില്ല. കഴിഞ്ഞ വർഷങ്ങളിൽ ആളുകൾ വാഹനങ്ങളിലും ബോട്ടിലും വന്നിറങ്ങിയതു ബോട്ട് ജെട്ടിയിലും ബസ് സ്റ്റാൻഡിലും ആയിരുന്നു.
എന്നാൽ, ജില്ലാക്കോടതി പാലം പുനർനിർമാണവുമായി ബന്ധപ്പെട്ട് വൈഎംസിഎ മുതൽ മാതാ ജെട്ടി വരെ ബോട്ടുകൾക്കും, വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇതു സാധിക്കാതെയായി.
ആളുകൾ ഗതാഗതക്കുരുക്കിലും മറ്റും വലയാതിരിക്കാൻ പുന്നമടയും പരിസരവും 15 മേഖലകളായി തിരിച്ച് 16 ഡിവൈഎസ്പി 40 എസ്എച്ച്ഒ, 360 എസ്ഐ എന്നിവരുൾപ്പെടെ 1500 ഓളം പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ ഭരണകൂടം നിയോഗിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങൾ കൈവിട്ടു പോകുമോ എന്ന ആശങ്കയുണ്ട്.
നെഹ്റു ട്രോഫി: ജില്ലയിൽ ഇന്ന് അവധി
ആലപ്പുഴ∙ നെഹ്റു ട്രോഫി വള്ളംകളി മത്സരത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി. പൊതുപരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]