ചാലക്കുടി ∙ ഉരുക്കുപാളങ്ങൾക്കു മുകളിലൂടെ കൂകിപ്പാഞ്ഞു പോകുന്ന ട്രെയിനുകളിലെ തുടരൻ യാത്രകളിൽ 6 പതിറ്റാണ്ടുകൾ പൂർത്തിയാക്കുകയാണ് 77 വയസ്സുകാരനായ കല്ലേലി വർഗീസ്. എന്നും പുലർച്ചെ ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്ന് എറണാകുളത്തേക്കു പോകുന്ന ഈ ‘പാസഞ്ചർ’ക്ക് ഇന്നു സഹയാത്രികർ സ്നേഹോഷ്മളമായ ആദരവ് ഒരുക്കും. 1965 ഓഗസ്റ്റ് 30 ന് ആരംഭിച്ച അദ്ദേഹത്തിന്റെ ട്രെയിൻ യാത്ര ഇന്നാണ് 60 വർഷം പൂർത്തിയാക്കുന്നത്.
എറണാകുളത്തു സ്വകാര്യ സ്ഥാപനത്തിലെ ക്ലാർക്കായാണു വർഗീസ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
അന്നു തൊട്ടേ ട്രെയിൻ യാത്രക്കാരനായി. പിന്നീടു മട്ടാഞ്ചേരി മാർക്കറ്റിൽ പലചരക്കു സാധനങ്ങളുടെ ബ്രോക്കറായി മാറിയപ്പോഴും യാത്രയ്ക്ക് ട്രെയിനിനെ തന്നെ ആശ്രയിച്ചു. മട്ടാഞ്ചേരി മാർക്കറ്റിലെ ഗുണമേന്മയുള്ള മസാലകൾ, അരി, ധാന്യങ്ങൾ, മറ്റു ദൈനംദിന അവശ്യ സാധനങ്ങൾ എന്നിവ എത്തിച്ചു കൊടുക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രധാന തൊഴിൽ മേഖല.
വ്യാപാരത്തിലെ വിശ്വാസ്യതയും മനുഷ്യബന്ധങ്ങളിലെ സൗഹൃദവും ആണ് തന്റെ ശക്തിയെന്നു വർഗീസ് പറയുന്നു.
വിനയവും നർമബോധവും നിറഞ്ഞ വ്യക്തിത്വം കൊണ്ടു അദ്ദേഹം ട്രെയിനിലെ എല്ലാ യാത്രക്കാരുടെയും പ്രിയങ്കരനാണ്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലും മട്ടാഞ്ചേരിയിലേക്കുള്ള പതിവു യാത്ര അദ്ദേഹം ഇന്നും തുടരുന്നു. റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിനിധികളും ജനപ്രതിനിധികളും റെയിൽവേ ഉദ്യോഗസ്ഥരും ചേർന്നാണു സ്വീകരണം ഒരുക്കുന്നത്. ചാലക്കുടി റെയിൽവേ സ്റ്റേഷനിലും അദ്ദേഹം പതിവായി പോകുന്ന ഗുരുവായൂർ–എറണാകുളം പാസഞ്ചർ ട്രെയിനിലും സ്വീകരണമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]