പെരുമ്പെട്ടി∙ ശോച്യാവസ്ഥയിലായ കുടക്കല്ലുങ്കൽ പാലവും സമീപന പാതയും പുനർനിർമിക്കാനുള്ള നടപടി വൈകുന്നു. ഇവിടെ അപകടങ്ങൾ പതിവായതോടെ നാട്ടുകാരും യാത്രികരും ആശങ്കയിലാണ്.
പൂവനക്കടവ് – ചെറുകോൽപുഴ റോഡിലെ കൊറ്റനാട് – എഴുമറ്റൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചാലാപ്പള്ളി കുടക്കല്ലുങ്കൽ പാലത്തിലും അലൈൻമെന്റിൽ പിഴവുള്ള സമീപന പാതയിലുമാണ് അപകടം വിട്ടൊഴിയാത്തത്.
റോഡിന്റെ അലൈൻമെന്റിലെ പിഴവും പാലത്തിന്റെ അശാസ്ത്രീയമായ നിർമാണവും ഇവിടെയും സമീപത്തുമായി ഇതുവരെ 6 ജീവനുകളാണ് പൊലിഞ്ഞത്. ഇതിൽ 3 പേർ പാലത്തിന്റെ 12 മീറ്റർ ചുറ്റളവിലും ശേഷിക്കുന്നവർ സമീപന പാതയിലുമാണ് അപകടത്തിൽപ്പെട്ടത്.
6 വർഷത്തിനിടയിൽ ചെറുതും വലുതുമായ 198 അപകടങ്ങളാണ് മേഖലയിൽ സംഭവിച്ചത്. ഇരുചക്ര വാഹനവും ഓട്ടോറിക്ഷയും കാറുമടക്കം 18 വാഹനങ്ങൾ തോട്ടിൽ പതിച്ചിട്ടുണ്ട്.
വിവിധ അപകടങ്ങളിലായി 3 കുട്ടികളടക്കം 63 പേർക്ക് പരുക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയിൽ അധികൃതർ സമീപന പാതയിലും പാലത്തിലുമായി അപകട സൂചന, സുരക്ഷാ ബോർഡുകൾ സ്ഥാപിച്ചതോടെ അപകടങ്ങൾ ഗണ്യമായികുറഞ്ഞെങ്കിലും പത്തോളം ചെറിയ അപകടങ്ങളുണ്ടായതായി നാട്ടുകാർ പറയുന്നു.
66 വർഷത്തിലധികം പഴക്കമുള്ള പാലം കരിങ്കൽ ഭിത്തിയിലാണ് നിർമിച്ചിരിക്കുന്നത്. ഇതിന്റെ അടിയിലെ കല്ലുകളടക്കം മഴവെള്ളപ്പാച്ചിലിൽ സ്ഥാനഭ്രംശം സംഭവിച്ചിട്ടുണ്ട്.
മുകൾത്തട്ടിലെ കോൺക്രീറ്റിന്റെ ഒരുഭാഗത്ത് ഈർപ്പം പടന്ന നിലയിലാണ്.
സമീപന പാത 25 മീറ്ററിലധികം നീളത്തിൽ മധ്യഭാഗത്തു നിന്നും തോടിന്റെ ഓരങ്ങളിലേക്കു താഴ്ന്ന നിലയിലാണ്, പാതയോരത്തുള്ള പാർശ്വഭിത്തി ഏറിയ പങ്കും തകർന്ന് തോട്ടിൽ പതിച്ച നിലയിലാണ്. പാലത്തിലേക്കുള്ള റോഡിന്റെ അലൈൻമെന്റ് പരിഷ്ക്കരിച്ച് പുതിയപാലം നിർമിക്കണമെന്നാണ് യാത്രികരുടെയും നാട്ടുകാരുടെയും കാലങ്ങളായുള്ള ആവശ്യം..
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]