ആലപ്പുഴ ∙ 71ാം നെഹ്റു ട്രോഫി വള്ളംകളിക്ക് അൽപ സമയത്തിനുള്ളിൽ പുന്നമടക്കായലിൽ തുടക്കമാകും. 9 വിഭാഗങ്ങളിലായി 75 കളിവള്ളങ്ങളാണു മത്സരിക്കുന്നത്.
ചുണ്ടൻവള്ളങ്ങൾ 21 എണ്ണമുണ്ട്. ചുരുളൻ 3, ഇരുട്ടുകുത്തി എ 5, ഇരുട്ടുകുത്തി ബി 18, ഇരുട്ടുകുത്തി സി 14, വെപ്പ് എ 5, വെപ്പ് ബി 3, തെക്കനോടി തറ 2, തെക്കനോടി കെട്ട് 4 എന്നിങ്ങനെയും പോരിനിറങ്ങും.
ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ രാവിലെ 11 മണിക്ക് ശേഷം ആരംഭിക്കും. ഉച്ചയ്ക്കു രണ്ടിന് ഉദ്ഘാടനച്ചടങ്ങിനു ശേഷമാണു ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ്, ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങൾ.
വൈകിട്ട് നാലോടെ ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ. ഹീറ്റ്സിൽ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണു ഫൈനലിൽ ഏറ്റുമുട്ടുക.
ഒന്നിലേറെ വള്ളങ്ങൾ ഒരേസമയത്തു ഫിനിഷ് ചെയ്താൽ സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചു നിശ്ചിത കാലയളവ് ട്രോഫി കൈവശം വയ്ക്കാൻ അനുവദിക്കും. ഉദ്ഘാടനം ഉച്ചയ്ക്ക് 2ന് ഉച്ചയ്ക്കു രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ജലോത്സവം ഉദ്ഘാടനം ചെയ്യും.
മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സിംബാബ്വേ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി പങ്കെടുക്കും.
പരാതികൾ സ്വീകരിക്കാൻ അഞ്ചംഗ ജൂറി ഓഫ് അപ്പീൽ ആലപ്പുഴ∙ നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പ്, മത്സരഫലം എന്നിവ സംബന്ധിച്ചു പരാതികൾ ഉണ്ടായാൽ സ്വീകരിക്കാൻ അഞ്ചംഗ ജൂറി ഓഫ് അപ്പീൽ രൂപീകരിച്ചു. എഡിഎം ചെയർമാനും ജില്ലാ ഗവ.
പ്ലീഡർ, ജില്ലാ ലോ ഓഫിസർ, എൻടിബിആർ എക്സിക്യൂട്ടീവ് അംഗങ്ങളായ സി.കെ.സദാശിവൻ, ആർ.കെ.കുറുപ്പ് എന്നിവരടങ്ങിയതാണു ജൂറി ഓഫ് അപ്പീൽ. പരാതികൾ പരിശോധിച്ച് അന്തിമതീരുമാനമെടുക്കാൻ ജൂറി ഓഫ് അപ്പീലിന് അധികാരമുണ്ട്.
കഴിഞ്ഞ വർഷം ചുണ്ടൻ വിഭാഗത്തിലെ ഫൈനൽ മത്സരത്തിൽ വിജയിയെച്ചൊല്ലി തർക്കമുണ്ടായപ്പോൾ പ്രശ്നത്തിൽ തീരുമാനമെടുക്കാൻ ജൂറി ഓഫ് അപ്പീൽ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇത്തവണ ജൂറി ഓഫ് അപ്പീലിനെ നേരത്തെ രൂപീകരിച്ചത്.
പോരൂ പുന്നമടയ്ക്ക്…
നെഹ്റു ട്രോഫി വള്ളംകളി കാണാൻ വരുന്നവർ ആഹാരവും കുടിക്കാനുള്ള വെള്ളവും ഉൾപ്പെടെ കയ്യിൽ കരുതണം.
രാവിലെ 11ന് ആരംഭിക്കുന്ന വള്ളംകളി വൈകിട്ട് അഞ്ചരയോടെയാകും സമാപിക്കുക. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണു വള്ളംകളി നടത്തുന്നത്.
പ്ലാസ്റ്റിക് എവിടെയും വലിച്ചെറിയരുത്. വെയിലും മഴയും ഏൽക്കാതിരിക്കാനുള്ള സൗകര്യവും കരുതിയാൽ നല്ലത്.
കഴിവതും നേരത്തെ എത്തിയെങ്കിൽ മാത്രമാകും ഇരിപ്പിടം ലഭിക്കുക.
കരുതാം ഇവ
∙ നെഹ്റു ട്രോഫി ടിക്കറ്റ്
∙ ഭക്ഷണം
∙ വെള്ളം
∙ തിരിച്ചറിയൽ കാർഡ്
ഓൺലൈൻ ടിക്കറ്റ് എടുത്തവരും പ്രിന്റഡ് ടിക്കറ്റ് കരുതണം
നെഹ്റു ട്രോഫി വള്ളംകളി കാണാൻ ടിക്കറ്റ് എടുത്ത് എത്തുന്നവരെ രാവിലെ 10 മുതൽ പവിലിയനിലേക്കു പ്രവേശിപ്പിച്ചു തുടങ്ങും. അവസാന ബോട്ട് ഉച്ചയ്ക്ക് ഒന്നിനു പുറപ്പെടും.
ഓൺലൈൻ ടിക്കറ്റ് എടുത്ത എല്ലാവരും ഫിസിക്കൽ ടിക്കറ്റ് വാങ്ങിയ ശേഷമേ പവിലിയനിലേക്കും ഗാലറിയേക്കും പ്രവേശിക്കാവൂ. ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ഡിടിപിസി ഓഫിസിനു മുൻപിൽ, ഓൺലൈൻ ടിക്കറ്റ് വിൽപന നടത്തിയ ബാങ്കുകളുടെ സ്റ്റാളുകൾ ഉണ്ടാകും.
ടിക്കറ്റ് ബുക്ക് ചെയ്ത രേഖ കാണിച്ചാൽ ഇവിടെ നിന്നു ഫിസിക്കൽ ടിക്കറ്റ് കൈമാറും.
ടിക്കറ്റ് എടുത്തവർ എത്തേണ്ടത് ഇവിടങ്ങളിൽ
പ്ലാറ്റിനം കോർണർ, ടൂറിസ്റ്റ് ഗോൾഡ്, ടൂറിസ്റ്റ് സിൽവർ ഗാലറികളിലേക്കു ടിക്കറ്റ് എടുത്തവർക്കു ബോട്ട് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പ്ലാറ്റിനം കോർണർ ടിക്കറ്റ് എടുത്തവർ കോടതിപ്പാലം– പുന്നമട
റോഡിലുള്ള മാളികയിൽ പേ ആൻഡ് പാർക്ക് ജെട്ടിയിലെത്തണം. ടൂറിസ്റ്റ് ഗോൾഡ് ടിക്കറ്റ് എടുത്തവർ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ ഡിടിപിസി ജെട്ടിയിലും ടൂറിസ്റ്റ് സിൽവർ ടിക്കറ്റ് എടുത്തവർ ജലഗതാഗത വകുപ്പിന്റെ ബോട്ടുജെട്ടിയിലും എത്തണം.
വിവിഐപികൾക്കു ലേക്ക് പാലസ് ജെട്ടിയിൽ നിന്നും ഇൻവിറ്റേഷൻ പാസുള്ളവർക്കു രാജീവ് ജെട്ടിയിൽ നിന്നുമാണു ബോട്ടുള്ളത്. റോസ് കോർണർ, വിക്ടറി ലൈൻ, ലേക്ക് വ്യൂ, ലോൺ തുടങ്ങിയ ടിക്കറ്റ് എടുത്തവർക്കു പുന്നമട
ഫിനിഷിങ് പോയിന്റ് വഴി ഗാലറിയിലെത്താം. ഓൾ വ്യൂ ടിക്കറ്റ് എടുത്തവർ ജലഗതാഗത വകുപ്പിന്റെ ഡോക്കിനു കിഴക്കുള്ള കരയിലാണ് എത്തേണ്ടത്.
ഇനിയും ടിക്കറ്റ് എടുക്കാം
ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ കൗണ്ടറിൽ നിന്ന് ഇനിയും വള്ളംകളി കാണാൻ ടിക്കറ്റ് എടുക്കാം.
സഹായത്തിനു വിളിക്കാം
വള്ളംകളിക്കിടെ എന്തു സഹായത്തിനും അടുത്തുള്ള പൊലീസ് ഉദ്യോഗസ്ഥരെ സമീപിക്കാം.
പുന്നമടയിൽ വിവിധയിടങ്ങളിലായി ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്. പൊലീസ്– 100, 112 അഗ്നിരക്ഷാസേന– 101 ആംബുലൻസ്– 108 വിമൻ ഹെൽപ്ലൈൻ– 1091 ചൈൽഡ് ഹെൽപ്ലൈൻ– 1098 പൊലീസ് കൺട്രോൾ റൂം– 0477 2251166 കലക്ടർ– 0477 2251720 ജില്ലാ പൊലീസ് മേധാവി– 0477 2251326 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]