അലിമുക്ക്∙ 2 വർഷത്തിനിടെ മുപ്പതിലധികം വാഹനാപകടങ്ങൾ നടന്നതിനാൽ അലിമുക്ക് ജംക്ഷനിലെ വളവ് യാത്രക്കാരുടെ പേടി സ്വപ്നമാകുന്നു. തുടർച്ചയായുണ്ടായ അപകടം കാരണം ജംക്ഷനിലെ ചിപ്സ് വ്യാപാരി വാലുതുണ്ടിൽ ബിജുവിന് രണ്ട് വർഷം കൊണ്ടുണ്ടായത് 15 ലക്ഷത്തിലധികം രൂപയുടെ നഷ്ടം.
ഓണക്കാലം പ്രതീക്ഷിച്ച് ബാങ്കിൽ നിന്ന് 5 ലക്ഷം രൂപ വായ്പയെടുത്താണ് ബിജു ഒരു മാസം മുൻപ് നടന്ന അപകടത്തിൽ തകർന്ന കട പുതുക്കി പണിതത്.
കഴിഞ്ഞ ദിവസം കാർ കടയിലേക്ക് ഇടിച്ചു കയറിയതോടെ 4 ലക്ഷത്തോളം രൂപയുടെ നഷ്ടം വീണ്ടുമുണ്ടായി.
ഓരോ അപകടം നടക്കുമ്പോഴും പൊലീസിനും പൊതുമരാമത്തു വകുപ്പിനും മന്ത്രിക്കും ഉൾപ്പെടെ പരാതി നൽകാറുണ്ടെങ്കിലും നടപടി മാത്രമില്ല. ‘രാഷ്ട്രീയ നേതൃത്വം ഇടപെട്ട് ഒതുക്കി തീർക്കുകയാണ് പതിവ്.
ഇനി ആരോട് പരാതി പറയണമെന്ന് അറിയില്ല. പതിനഞ്ച് ലക്ഷത്തോളം രൂപ കടമായി.
ഇത് എങ്ങനെ വീട്ടുമെന്നു പോലും അറിയില്ല’– ബിജു പറയുന്നു.
ഈ ഭാഗത്ത് നടപ്പാതയിൽ സ്ഥാപിച്ച കൈവരികളും നശിച്ചു. വാഹനാപകടങ്ങളിലാണ് ഈ കൈവരികളെല്ലാം നശിച്ചത്. രാത്രിയിലാണ് കൂടുതൽ വാഹനങ്ങളും വളവിൽ അപകടത്തിൽപെടുന്നത്.
പത്തനാപുരം ഭാഗത്തു നിന്നു പുനലൂരിലേക്ക് വരുമ്പോൾ, അമിത വേഗത്തിലാണ് വാഹനങ്ങളുടെ വരവ്. ഡ്രൈവർ ഉറങ്ങിപ്പോകുക, നിയന്ത്രണം വിടുക, എതിരെ വരുന്ന വാഹനങ്ങളുടെ പ്രകാശത്തിൽ ഡ്രൈവറുടെ നിയന്ത്രണം തെറ്റുക, എന്നിങ്ങനെ വിവിധ കാരണങ്ങളാണ് അപകടത്തിന് പിന്നിൽ.
പുനലൂർ–മുവാറ്റുപുഴ റോഡ് നവീകരണത്തിന്റെ ഭാഗമായി ഇവിടെ ജംക്ഷനു സമാന്തരമായി റോഡ് നിർമിക്കാനായിരുന്നു സർവേയിലെ തീരുമാനം.
ഇതനുസരിച്ചാണ് ആദ്യം അലൈൻമെന്റ് തയാറാക്കിയത്. എന്നാൽ പ്രദേശവാസികളുടെയും വ്യാപാരികളുടെയും ആവശ്യപ്രകാരം സമാന്തര പാത ഉപേക്ഷിച്ച് നിലവിലെ റോഡ് വീതി കൂട്ടി നിർമിക്കുകയായിരുന്നു.
കൊടുംവളവായിട്ടും സുരക്ഷാ മുന്നറിയിപ്പുകൾ സ്ഥാപിക്കാനോ, സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ച് വേഗം കുറച്ചു പോകുന്നതിനോ സംവിധാനം ഒരുക്കാൻ അധികൃതർ തയാറാകുന്നില്ല. താലൂക്ക് വികസന സമിതിയിൽ പരാതി പറഞ്ഞു മടുക്കുന്നതല്ലാതെ നടപടിയില്ലെന്നും നാട്ടുകാർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]