ഏതു മൂഡ്.. ട്രെക്കിങ് മൂഡ്..
വണ്ടി എടുക്കൂ. കുറിഞ്ഞിക്ക് പോകാം.
കൂമ്പൻ മല കയറാം.. ചറപറാ വ്യൂ പോയിന്റുകൾ കാണാം..
പ്രകൃതിയെ അറിയാം, ചേർന്നുനിൽക്കാം. ‘റോ നേച്ചർ’ ആസ്വദിക്കാം.
കാഴ്ചകൾ
രാമപുരം പഞ്ചായത്തിലാണ് കുറിഞ്ഞി കൂമ്പൻമല.
കുത്തനെയുള്ള മലകയറ്റം നല്ലൊരു ട്രെക്കിങ് അനുഭവമാണ്. വള്ളിപ്പടർപ്പുകളും അള്ളുകളുള്ള പാറക്കൂട്ടവും 360 ഡിഗ്രി കാഴ്ചയും കൂമ്പൻമലയുടെ പ്രത്യേകത.
ദൂരെനിന്നു നോക്കുമ്പോൾ പിരമിഡ് ആകൃതിയിൽ ഇരിക്കുന്നതിനാലാണു കൂമ്പൻമല എന്നു പേരുവന്നത്. കൂമ്പൻമലയിലേക്കു കയറുന്ന സ്പോട്ടിന് സമീപം താളികുത്താൻ പാറയുണ്ട്.
പാറക്കൂട്ടങ്ങൾക്ക് ഇടയിലൂടെയുള്ള ചെറു വെള്ളച്ചാട്ടമാണിത്.
ഇവിടെനിന്നു മുന്നോട്ടുപോയാൽ വെള്ളംനീക്കിപ്പാറയിൽ എത്തും. അവിടെനിന്ന് കുറച്ച് നടന്നാൽ മീൻപാറ വ്യൂ പോയിന്റ് കാണാം.
വിശാലമായ പാറപ്പുറവും നീണ്ടുകിടക്കുന്ന കാഴ്ചകളും മീൻപാറയിലുണ്ട്. മീൻപാറയ്ക്ക് സമീപമാണ് കുണിഞ്ഞി വ്യൂ പോയിന്റ്.
ഇവിടെ നിന്നാൽ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾ കാണാം. കുണിഞ്ഞി വ്യൂ പോയിന്റിൽനിന്ന് കുറച്ച് കൂടി മുന്നോട്ടുപോയാൽ ഈറ്റയ്ക്കനിരപ്പിൽനിന്ന് കോട്ടമല വ്യൂ പോയിന്റിലേക്ക് കയറാം.
ഇവിടെയും കാഴ്ചകൾക്ക് പഞ്ഞമില്ല.
ഇതുവഴി
കോട്ടയത്തുനിന്ന് പാലാ എത്തി പാലാ തൊടുപുഴ റോഡിൽ കുറിഞ്ഞി ജംക്ഷനിൽനിന്നു തിരിഞ്ഞ് കുറിഞ്ഞി– രാമപുരം റോഡിൽ പ്രവേശിക്കണം. കുറിഞ്ഞി പള്ളി ജംക്ഷനിൽനിന്നു കുറിഞ്ഞി നെല്ലാപ്പാറ റോഡിൽ വരുമ്പോഴാണു കൂമ്പൻമലയിലേക്ക് കയറുന്ന സ്ഥലം – 44 കിലോമീറ്റർ (കോട്ടയത്ത് നിന്ന്) തൊടുപുഴയിൽനിന്ന് കുറിഞ്ഞി ജംക്ഷനിൽ എത്തി ഇതുവഴി തന്നെ പോകാം– 15 കിലോമീറ്റർ (തൊടുപുഴയിൽനിന്ന്)
∙ കുറിഞ്ഞി കൂമ്പനിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തിനു സമീപമാണ് താളികുത്താൻ പാറ.
കുറിഞ്ഞി നെല്ലാപ്പാറ റോഡ് വഴി 2 കിലോമീറ്റർ സഞ്ചരിച്ചാൽ വെള്ളംനീക്കിപ്പാറ. ഇവിടെനിന്ന് 200 മീറ്റർ അകത്തേക്ക് കയറിയാൽ മീൻപാറ വ്യൂപോയിന്റ്.
വെള്ളംനീക്കി പാറയിൽനിന്ന് 2 കിലോമീറ്റർ സഞ്ചരിച്ചാൽ കുണിഞ്ഞി വ്യൂ പോയിന്റ്. കുണിഞ്ഞിയിൽനിന്ന് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ കോട്ടമല വ്യൂ പോയിന്റ്.
ശ്രദ്ധിക്കാം ഇതൊക്കെ
∙ ട്രെക്കിങ് ഇഷ്ടപ്പെടുന്നവർക്ക് മാത്രം ആസ്വാദ്യകരമാകുന്ന യാത്ര.
∙ പാറക്കൂട്ടങ്ങളിൽ മഴക്കാലത്ത് വഴുക്കലുണ്ടാകും.
സൂക്ഷിച്ച് കയറുക. ∙ കുറിഞ്ഞി കൂമ്പനിലേക്ക് രാവിലെ കയറുക. വൈകിട്ടായാൽ ഇരുട്ടത്ത് വഴിതെറ്റാം. ∙ പ്രദേശത്തേക്കുള്ള റോഡുകൾ വീതി കുറഞ്ഞതും കുത്തനെ കയറ്റവും ഇറക്കവമുള്ളതാണ്.
സൂക്ഷിച്ച് വാഹനം ഓടിക്കുക. ∙ മഴ, മിന്നൽ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. നാട്ടുകാരുടെ നിർദേശങ്ങൾ പാലിക്കുക.
∙ മാലിന്യം തള്ളരുത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]