ആലപ്പുഴ∙ ജലട്രാക്കുകളിൽ കുതിക്കുന്ന ചുണ്ടൻവള്ളങ്ങൾക്കൊപ്പം കരകളിലെ ആരവങ്ങളും സഞ്ചരിക്കും. പുന്നമടയിലെത്തി ആ കാഴ്ച കാണാൻ കഴിയാത്തവർക്കായി കമന്റേറ്റർമാർ അതു വാക്കുകളാൽ വരച്ചുകാട്ടും.
ഒരുപക്ഷേ, കേരളത്തിൽ ഏറ്റവും പ്രചാരമുള്ള ദൃക്സാക്ഷി വിവരണമാണത്. വള്ളംകളി കാണാൻ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എത്തിയ 1952ൽ കമന്ററി ഇല്ലായിരുന്നു.
വൈകാതെ അതു വള്ളംകളിയുടെ ഭാഗമായി.
ഡപ്യൂട്ടി കലക്ടറും പുഞ്ചക്കൃഷി സ്പെഷൽ ഓഫിസറുമായിരുന്ന എൻ.പി.ചെല്ലപ്പൻ നായരിൽ നിന്നാണു കമന്ററിയെന്ന ആശയം ഓളമിളക്കിയത്. അദ്ദേഹം ആകാശവാണിയിലെ നാടകകൃത്തും റേഡിയോ നാടക അഭിനേതാവുമായിരുന്നു.
വള്ളംകളിയുടെ മുഖ്യ സംഘാടകരിൽ ഒരാൾ. ആകാശവാണിയിലെ സുഹൃത്തുക്കളോട് ദൃക്സാക്ഷി വിവരണമെന്ന ആശയം അദ്ദേഹം പങ്കുവച്ചു.
കുട്ടനാട്ടുകാരനായ നാഗവള്ളി ആർ.എസ്.കുറുപ്പ് പൂർണ പിന്തുണ നൽകി. അവിടെനിന്നാണു വള്ളംകളി കമന്ററിയെന്ന കലാരൂപത്തിന്റെ തുടക്കം.
വള്ളംകളി നടക്കുമ്പോൾ പുന്നമടയിലെത്തി കമന്റേറ്റർമാരുടെ ആവേശം നിറഞ്ഞ വിവരണം ഉൾപ്പെടെ എല്ലാം റെക്കോർഡ് ചെയ്യുക, സ്റ്റുഡിയോയിൽ അതു മെച്ചപ്പെടുത്തി തൊട്ടടുത്ത ദിവസം പ്രക്ഷേപണം ചെയ്യുക– അതായിരുന്നു ആദ്യരൂപം.
സാങ്കേതികവിദ്യ വളർന്നു; പിൽക്കാലത്ത് ആകാശവാണിയുടെ താൽക്കാലിക സ്റ്റുഡിയോ തന്നെ പുന്നമടയിൽ സജ്ജീകരിച്ചു തത്സമയ കമന്ററി നൽകിത്തുടങ്ങി.
അരനൂറ്റാണ്ടു മുൻപ് കെ.പി.എം.ഷരീഫ്, പി.ഡി.ലൂക്ക്, രവീന്ദ്രൻ നായർ, അലക്സ് വള്ളക്കാലിൽ തുടങ്ങിയവർ കമന്ററി ബോക്സിൽനിന്നു വാക്കുകളുടെ ജലപ്പൂരം തീർത്തു. വി.വി.ഗ്രിഗറി, ജി.ബാലചന്ദ്രൻ, ചുങ്കം സോമൻ, ജോ ജോസഫ് തായങ്കരി, സോമശേഖരൻ നായർ തുടങ്ങിയവരുടെ വരവോടെ കമന്ററിയിൽ പുതുക്കമുണ്ടായി.
എൻ.പി.ചെല്ലപ്പൻ നായരുടെ കുടുംബത്തിൽനിന്ന് ഒരാൾ തുടങ്ങിവച്ച വാങ്മയം 15 വർഷമായി തുടരുന്നു– സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ഹരികുമാർ വാലേത്ത്. ദൂരദർശൻ കമന്ററി ഡെസ്കിലെ സജീവ സാന്നിധ്യമാണ് അദ്ദേഹം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]