
മുംബൈ: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി അതിവേഗം മുന്നോട്ട്. മുംബൈ-അഹമ്മദാബാദ് ഇടനാഴിയിലെ സ്റ്റേഷനുകളുടെ നിർമ്മാണം ഏകദേശം പൂർത്തിയായതായി റെയിൽവേ മന്ത്രാലയം അടുത്തിടെ അറിയിച്ചിരുന്നു.
സ്റ്റേഷനുകളുടെ എണ്ണം, യാത്രാ സമയം, ഉദ്ഘാടന തീയതി, ടിക്കറ്റ് നിരക്ക് തുടങ്ങി മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ കുറിച്ച് വിവിധയിടങ്ങളിൽ നിന്ന് ലഭ്യമായ വിവരങ്ങളാണ് ഇനി പറയാൻ പോകുന്നത്. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ കോറിഡോറിൽ ആകെ 12 സ്റ്റേഷനുകളുണ്ട്.
മുംബൈ (ബാന്ദ്ര-കുർള കോംപ്ലക്സ്), താനെ, വിരാർ, ബോയ്സർ, വാപി, ബിലിമോറ, സൂറത്ത്, ബറൂച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നിവയാണ് സ്റ്റേഷനുകൾ. നാല് സ്റ്റേഷനുകൾ മഹാരാഷ്ട്രയിലുണ്ട് (മുംബൈ, താനെ, വിരാർ, ബോയ്സാർ).
എട്ട് എണ്ണം ഗുജറാത്തിലുമാണ് (സബർമതി, അഹമ്മദാബാദ്, ആനന്ദ്, വഡോദര, ബറൂച്ച്, സൂറത്ത്, ബിലിമോറ, വാപി). മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള ബുള്ളറ്റ് ട്രെയിൻ യാത്ര ഏകദേശം 2 മണിക്കൂർ 7 മിനിറ്റിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് ആകെ 508 കിലോമീറ്റർ ദൈർഘ്യമുണ്ട്.
അതിൽ 348 കിലോമീറ്റർ ഗുജറാത്തിലും 156 കിലോമീറ്റർ മഹാരാഷ്ട്രയിലും 4 കിലോമീറ്റർ ദാദ്ര & നാഗർ ഹവേലി കേന്ദ്രഭരണ പ്രദേശത്തുകൂടിയുമാണ് കടന്നുപോകുക. പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സർക്കാർ ഒരു അറിയിപ്പും ഔദ്യോഗികമായി പുറപ്പെടുവിച്ചിട്ടില്ല.
എന്നിരുന്നാലും പദ്ധതി വളരെ വേഗം തന്നെ ആരംഭിക്കുമെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ അറിയിച്ചത്. മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രയ്ക്ക് 3,000 രൂപ മുതൽ 5,000 രൂപ വരെ ചിലവ് വരുമെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ടിക്കറ്റ് നിരക്കുകൾ സംബന്ധിച്ചും സർക്കാർ ഇതുവരെ ഔദ്യോഗികമായി ഒരു വിവരവും പങ്കുവെച്ചിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]