
സ്വർണവില കേരളത്തിൽ വീണ്ടും റെക്കോർഡ് ഉയരത്തിൽ. ഗ്രാമിന് ഇന്ന് 65 രൂപ വർധിച്ച് വില 9,470 രൂപയും പവന് 520 രൂപ ഉയർന്ന് 75,760 രൂപയുമായി.
കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് രേഖപ്പെടുത്തിയ അതേ റെക്കോർഡിലേക്ക് വില ഇന്നു വീണ്ടും തിരിച്ചെത്തി. കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം ഗ്രാമിന് 170 രൂപയും പവന് 1,360 രൂപയുമാണ് കൂടിയത്.
ജിഎസ്ടിയും (3%), ഹോൾമാർക്ക് ചാർജും (53.10 രൂപ), പണിക്കൂലിയും (3 മുതൽ 35% വരെ) കൂടിച്ചേരുമ്പോൾ വില വർധനയുടെ ഭാരം ഇതിലുമേറെയാണെന്നത് ഉപഭോക്താക്കളെ വലയ്ക്കും.
അതേസമയം, സ്വർണവില കുറഞ്ഞുനിന്നപ്പോൾ മുൻകൂർ ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തിയവർ ഒട്ടേറെയാണ്. അതിനാൽ, നിലവിൽ വില ഉയർന്നിട്ടുണ്ടെങ്കിലും ഷോറൂമുകളിൽ തിരക്ക് പ്രകടമാണെന്ന് വ്യാപാരികൾ പറയുന്നു.
മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ബുക്ക് ചെയ്ത ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്ത്, ഏതാണോ കുറവ് ആ വിലയ്ക്ക് സ്വർണാഭരണം സ്വന്തമാക്കാം. വിവാഹ പാർട്ടികളാണ് ഈ സൗകര്യം ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്നത്.
സംസ്ഥാനത്ത് 18 കാരറ്റ് സ്വർണവില ഇന്ന് ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെത്തി.
ഗ്രാമിന് 55 രൂപ വർധിച്ച് വില 7,830 രൂപയായി. അതേസമയം, ഒരു വിഭാഗം വ്യാപാരികൾ 55 രൂപ ഉയർത്തി 7,775 രൂപയിലാണ് 18 കാരറ്റ് സ്വർണം വ്യാപാരം ചെയ്യുന്നത്.
ചില ജ്വല്ലറികളിൽ വെള്ളിവില ഗ്രാമിന് 128 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു. മറ്റു ജ്വല്ലറികൾ അവരുടെ ഇന്നലത്തെ വിലയിൽനിന്ന് ഒരു രൂപ കൂട്ടി വില 127 രൂപയാക്കി.
14 കാരറ്റ് സ്വർണവില ഗ്രാമിന് 45 രൂപ വർധിച്ച് 6,055 രൂപയും 9 കാരറ്റ് വില 35 രൂപ ഉയർന്ന് 3,915 രൂപയുമായി. രണ്ടും റെക്കോർഡാണ്.
പൊന്നിനെ ആവേശത്തിലാക്കി ട്രംപിന്റെ നടപടികൾ
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിനുമേൽ തന്റെ സ്വാധീനം ശക്തമാക്കാനുള്ള ട്രംപിന്റെ നടപടികളാണ് സ്വർണവിലയുടെ കുതിപ്പിന് പ്രധാന ഉത്തേജകം.
ഫെഡറൽ റിസർവിന്റെ ഗവർണറായിരുന്ന ലീസ കുക്കിനെ പുറത്താക്കിയ ട്രംപിന്റെ നടപടി ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. തന്നെ പുറത്താക്കാൻ ട്രംപിന് അധികാരമില്ലെന്ന് കാട്ടി കുക്ക് കോടതിയെ സമീപിക്കുകയായിരുന്നു.
ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന് 2026 മേയ് വരെ കാലാവധിയുണ്ട്. പക്ഷേ, അദ്ദേഹത്തിന്റെ പകരക്കാരനെ നിയമിക്കാനുള്ള നടപടികൾ ട്രംപ് ഭരണകൂടം ഊർജിതമാക്കി.
ട്രംപും ഫെഡറൽ റിസർവും തമ്മിലെ ഭിന്നത കടുക്കുന്നത് യുഎസ് സമ്പദ്വ്യവസ്ഥയ്ക്കുമേൽ കരിനിഴൽ വീഴ്ത്തുന്നു.
യുഎസ് ഫെഡിന്റെ സ്വാതന്ത്ര്യം നഷ്ടമാകുന്നതും വിശ്വാസ്യത കൊഴിയുന്നതും മറ്റൊരു ആഘാതമാണ്. ഇത് സുവർണാവസരമാക്കി, ‘സുരക്ഷിത നിക്ഷേപ’ പെരുമയോടെ കുതിക്കുകയാണ് സ്വർണവില.
മാത്രമല്ല, സെപ്റ്റംബറിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന് യുഎസ് ഫെഡ് സൂചിപ്പിച്ചതും സ്വർണത്തിന് നേട്ടമായി.
∙ രാജ്യാന്തരവില ഔൺസിന് 3,372 ഡോളറിൽ നിന്നുയർന്ന് 3,423 ഡോളർ വരെയെത്തിയത് കേരളത്തിലും വില കുതിക്കാനിടയാക്കി.
∙ രൂപ ഇന്ന് ഡോളറിനെതിരെ 7 പൈസ താഴ്ന്ന് 87.70ൽ വ്യാപാരം അവസാനിപ്പിച്ചതും സ്വർണവിലയെ മുന്നോട്ട് നയിച്ചു. ഡോളർ ശക്തിപ്പെടുന്നത് ഇറക്കുമതിച്ചെലവ് കൂട്ടാനിടയാക്കുമെന്നതാണ് തിരിച്ചടി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]