
മലമ്പുഴ ∙ ഓണക്കാലത്തു മലമ്പുഴയിൽ എത്തുന്ന വിനോദസഞ്ചാരികൾക്കു നിരാശപ്പെടേണ്ടി വരും. നവീകരണം നടക്കുന്നതിനാൽ ഉദ്യാനത്തിനകത്തെ പലഭാഗത്തും പൊളിച്ചിട്ടിരിക്കുകയാണ്.
കുട്ടികളുടെ പാർക്ക് അടച്ചു. ജലധാരകളും കാണാൻ കഴിയില്ല.
ഇത്തവണ ഓണാഘോഷ പരിപാടികളുമില്ല.
സന്ദർശകരെ ആകർഷിക്കാൻ താൽക്കാലിക സംവിധാനങ്ങളൊരുക്കുമെന്നു ജലസേചന വകുപ്പ് അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. സന്ദർശകർക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ പോലും ഉദ്യോഗസ്ഥർ തയാറായിട്ടില്ല.കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഉദ്യാനം നവീകരിക്കുന്നത്.
അടുത്ത വർഷം മാർച്ചിൽ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.
ഓണം കഴിഞ്ഞാൽ ഉദ്യാനം പൂർണമായും അടച്ചിടാനാണു തീരുമാനം. ഫിഷറീസ് വകുപ്പിന്റെ അക്വേറിയം, വനംവകുപ്പിന്റെ പാമ്പുവളർത്തൽ കേന്ദ്രം, ഡിടിപിസിയുടെ റോക്ക് ഗാർഡൻ എന്നിവ പ്രവർത്തിക്കും. മലമ്പുഴയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ കവയിലും തെക്കേ മലമ്പുഴയിലും സൗകര്യമുണ്ട്.റോഡ് തകർന്നു;
കുരുക്ക് മുറുകും
ഓണക്കാല തിരക്കു നിയന്ത്രിക്കാൻ മലമ്പുഴയിൽ പൊലീസും ജലസേചന വകുപ്പും ഇതുവരെ ക്രമീകരണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല.
തീരുമാനങ്ങളെടുക്കാൻ യോഗം പോലും ചേർന്നിട്ടില്ല. സാധാരണ പൊലീസ്, അഗ്നിരക്ഷാസേന, മരാമത്ത്, ജലസേചന, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേർന്നു ക്രമീകരണങ്ങൾ ചർച്ചചെയ്യാറുണ്ട്.
കഴിഞ്ഞ വർഷം ഓണക്കാലത്തു മലമ്പുഴയിൽ നാലു മണിക്കൂർ വരെ ഗതാഗതക്കുരുക്കുണ്ടായി. റോഡ് തകർന്നതോടെ ഇത്തവണ ഗതാഗതക്കുരുക്കു രൂക്ഷമാകുമെന്നു നാട്ടുകാരുടെ മുന്നറിയിപ്പുണ്ട്. അകമലവാരത്തെ കവ, ചേമ്പന, തെക്കേമലമ്പുഴ എന്നിവിടങ്ങളിലും തിരക്കു നിയന്ത്രിക്കാൻ ക്രമീകരണം ഏർപ്പെടുത്തേണ്ടതുണ്ട്.
കുഴികൾ ചാടിക്കടന്ന്
ഉദ്യാനത്തിൽ പ്രവേശിക്കണമെങ്കിൽ ആദ്യം റോഡിലെ കുഴികൾ ചാടിക്കടക്കണം.
ഉദ്യാനത്തിനു സമീപത്തെ പാലത്തിന്റെ അനുബന്ധ റോഡും തകർന്നു. പാലത്തിന്റെ കോൺക്രീറ്റ് കമ്പികൾ പുറത്തുവന്ന നിലയിലാണ്.
തുരുമ്പിച്ച കമ്പികളിൽ തട്ടി കാലു മുറിയാനും സാധ്യതയേറെ. 2023ൽ നവകേരള സദസ്സ് മലമ്പുഴയിൽ നടന്നപ്പോൾ ഈ റോഡ് താൽക്കാലികമായി നന്നാക്കിയിരുന്നു.
പിന്നീട് ആരും തിരിഞ്ഞു നോക്കിയില്ല. കഴിഞ്ഞ വർഷം മലമ്പുഴയിൽ വിവിധ പരിപാടികൾ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി പി.എ.മുഹമ്മദ് റിയാസ് റോഡ് നന്നാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല.
വാഹന പാർക്കിങ് സൗകര്യമില്ല
ഓണത്തിനു വിനോദ സഞ്ചാരികളുടെ തിരക്കു പരിഗണിച്ച് വാഹനങ്ങൾ പാർക്ക് ചെയ്യാൻ കൂടുതൽ സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം ജലസേചന വകുപ്പ് പരിഗണിച്ചില്ല. ഉദ്യാനത്തിനു സമീപത്ത് അൻപതിൽ താഴെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം മാത്രമാണുള്ളത്. സാധാരണ ഓണക്കാലത്ത് എത്തുന്നത് അറുനൂറിലേറെ വാഹനങ്ങൾ. കഴിഞ്ഞ ഓണത്തിനു റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്തതിനാൽ നാലു മണിക്കൂർ വരെ ഗതാഗതക്കുരുക്കുണ്ടായി.
ശ്രദ്ധവേണം
അകമലവാരത്തെ കവ, തെക്കേ മലമ്പുഴ തുടങ്ങിയ പ്രദേശങ്ങളിൽ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർ ജാഗ്രത പുലർത്തണമെന്നു പൊലീസിന്റെ മുന്നറിയിപ്പ്.
ഡാമിൽ വെള്ളം കൂടുതലാണ്. ചെളിയുമുണ്ട്. പുഴകളിലും ജലാശയങ്ങളിലും ഒഴുക്ക് കൂടുതലുള്ളതിനാൽ അപകട
സാധ്യതയേറെയാണ്. വെള്ളച്ചാട്ടങ്ങളിൽ ഇറങ്ങുമ്പോഴും ശ്രദ്ധവേണം. പാറക്കെട്ടുകളിലോ മലമുകളിലോ കയറരുത്.
പാലത്തിലെ കുഴിയിൽ വീണ് ദമ്പതികൾക്കും കുഞ്ഞിനും പരുക്ക്
ഉദ്യാനത്തോടു ചേർന്നുള്ള പാലത്തിലെ കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രക്കാരായ ദമ്പതികൾക്കും ആറു വയസ്സുകാരിക്കും പരുക്കേറ്റു.
മണ്ണാർക്കാട് കല്ലടി സ്വദേശികളായ സൗബിൻ മുഹമ്മദ് (32), ഭാര്യ സഫിയ (25), മകൾ റിസ്വാന എന്നിവർക്കാണു പരുക്ക്. മലമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി.
27നു രാവിലെയാണു സംഭവം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]