
പത്തനംതിട്ട∙ സൗഹൃദത്തിന്റെ ആഴങ്ങളിൽ നീന്തിത്തുടിക്കാൻ ഇഷ്ടപ്പെട്ട 2 കൂട്ടുകാർ മരണത്തിന്റെ ആഴങ്ങളിലും ഒരുമിച്ചായി.
ചൊവ്വാഴ്ച അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപെട്ട് കാണാതായ നബീൽ നിസാമിന്റെ (14) ചേതനയറ്റ ശരീരം ഇന്നലെ കണ്ടെത്തിയപ്പോൾ ബാക്കിയായതു സൗഹൃദത്തിന്റെ നിലയ്ക്കാത്ത അലയൊലികൾ മാത്രം. അച്ചൻകോവിലാറ്റിലെ കല്ലറക്കടവിലുള്ള തടയണയിൽനിന്നു കാൽവഴുതി, പ്രിയ സുഹൃത്തും സഹപാഠിയുമായ അജ്സൽ അജീബ് (14) വെള്ളത്തിലേക്കു വീണപ്പോൾ രക്ഷിക്കാൻ ശ്രമിക്കവേയാണു നബീലും ഒഴുക്കിൽപെട്ടത്.
അജ്സലിന്റെ മൃതദേഹം സംഭവദിവസം തന്നെ അഗ്നിരക്ഷാസേന കണ്ടെത്തിയിരുന്നു. വേലൻകടവിനും തടയണയ്ക്കും ഇടയിലുള്ള ഭാഗത്തു നിന്നാണു നബീലിന്റെ മൃതദേഹം ഇന്നലെ രാവിലെ 7നു കണ്ടെത്തിയത്.
പത്തനംതിട്ട
മാർത്തോമ്മാ സ്കൂളിലെ 9 ബി ക്ലാസിൽ ഇരുവരും ഇനിയില്ലെന്ന യാഥാർഥ്യത്തോടു പൊരുത്തപ്പെടാൻ സഹപാഠികൾക്കും അധ്യാപകർക്കും സാധിച്ചിട്ടില്ല. ഓണപ്പരീക്ഷയുടെ ചൂടകറ്റാൻ സ്കൂളിലെ മറ്റു 6 വിദ്യാർഥികൾക്കൊപ്പമാണു കല്ലറക്കടവിൽ ഇരുവരും എത്തിയത്.
മുണ്ടുകോട്ടയ്ക്കൽ കൊന്നമൂട് ഒലീപ്പാട്ട് നിസാമിന്റെയും ഷബാനയുടെയും മകനാണ് നബീൽ. കബറടക്കം പാറൽ ജുമാമസ്ജിദിൽ നടത്തി.
നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈനും സ്കൂൾ അധികൃതരും സഹപാഠികളും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിച്ചു.
തിരച്ചിലിന് നന്മക്കൂട്ടവും
നബീലിനായുള്ള തിരച്ചിലിന്റെ ഭാഗമാകാൻ ഈരാറ്റുപേട്ടയിൽ നിന്നുള്ള ടീം നന്മക്കൂട്ടവും എത്തിയിരുന്നു. അച്ചൻകോവിലാറ്റിൽ ഇവർ നടത്തിയ തിരച്ചിലിലാണു നബീലിന്റെ മൃതദേഹം കണ്ടെത്തിയത്.
സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഉൾപ്പെടെയുള്ള അറിയിച്ചതിനെ തുടർന്നാണ് ഇവർ കല്ലറക്കടവിൽ എത്തിയത്. തിരച്ചിൽ സൗജന്യമായാണ് ഇവർ നടത്തിയതും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]