
ചവറ ∙ ആനപ്രേമികളിൽ ആവേശം നിറച്ച് ചിറ്റൂർ കറുങ്ങയിൽ ആനയൂട്ട്. പന്മനയിലെ വിവിധ ഭാഗങ്ങളിലെ ക്ഷേത്രങ്ങളിൽ നിന്ന് എഴുന്നള്ളിച്ച് എത്തിയ 7 ഗജവീരന്മാർക്കും 2 ഗജറാണിമാർക്കും ആണ് ഫലവർഗങ്ങളും കാർഷിക വിഭവങ്ങളും അടക്കം നൽകി വയർ നിറച്ചത്.
ആനയൂട്ടിനു ഭക്തർക്ക് അവസരം നൽകിയതും പ്രത്യേകതയായി.
ഓരോ ആനകൾക്കും വിഭവങ്ങൾ നൽകാൻ ഭക്തരും മത്സരിച്ചു. സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.കെ.പ്രേമചന്ദ്രൻ എംപി ഗജവീരൻ പനയന്നാർകാവ് കാളിദാസിനെ ആദ്യം ഊട്ടി.
ചിറ്റൂർ നിർമൽ ആനപ്രേമി സംഘമാണ് ഇന്നലെ കറുങ്ങയിൽ ആറുമുഖ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ആനയൂട്ടും ഘോഷയാത്രയും സംഘടിപ്പിച്ചത്.
രാവിലെ 7നു കൊട്ടാരത്തിൻ കടവ്, ഇടക്കളരി ക്ഷേത്രം, ചെപ്ലേഴത്ത് ക്ഷേത്രം, അഞ്ചുമനയ്ക്കൽ ക്ഷേത്രം, മിന്നാംതോട്ടിൽ ക്ഷേത്രം, പന്മന സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി ഗജവീരന്മാരെ ക്ഷേത്രത്തിലേക്ക് ആനയിച്ചു.
പുത്തൻകുളം അനന്തപത്മനാഭൻ, പനയന്നാർകാവ് കാളിദാസൻ, പുത്തൻകുളം അർജുൻ, ഓതറ പുതുക്കുളങ്ങര ശ്രീപാർവതി, കുന്നത്തൂർ കുട്ടിശങ്കരൻ, വാഴു വാടി കാശിനാഥൻ, ഉണ്ണിമങ്ങാട് ഗണപതി, വള്ളംകുളം നാരായണൻ കുട്ടി, ഉണ്ണിമങ്ങാട് ലക്ഷ്മി എന്നീ ആനകളാണ് ആനയൂട്ടിന് എത്തിയത്. വനിതകൾ നയിക്കുന്ന ശ്രീമുരുക കലാസമിതിയാണ് ഉണ്ണിമങ്ങാട് ലക്ഷ്മിയെ എഴുന്നള്ളിച്ചത്.
ഇവരുടെ നേതൃത്വത്തിൽ ക്ഷേത്ര സന്നിധിയിൽ തിരുവാതിരയും അവതരിപ്പിച്ചു.
സാംസ്കാരിക സമ്മേളനത്തിൽ എസ്എൻഡിപി ചവറ യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ജില്ലാ പഞ്ചായത്തംഗം സി.പി.സുധീഷ്കുമാർ, പഞ്ചായത്തംഗം ബി.സുകന്യ, പന്മന പൂരാഘോഷ കമ്മിറ്റി രക്ഷാധികാരി കോലത്ത് വേണുഗോപാൽ, മഠത്തിൽ മുരളീധരൻ പിള്ള, സ്വാഗത സംഘം ചെയർമാൻ രാഗേഷ് നിർമൽ, ഇ.സഹദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.
എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ എൻ.കെ.പ്രേമചന്ദ്രൻ എംപിക്കു പ്രഖ്യാപിച്ച അവാർഡ് സംസ്ഥാന ജനറൽ സെക്രട്ടറി രവീന്ദ്രനാഥ് ചടങ്ങിൽ സമ്മാനിച്ചു.
സ്വകാര്യ ആനകളുടെ ഗജ പരിപാലനത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പോത്തൻ വർഗീസ്, ശൈലേഷ് വൈക്കം എന്നിവരെ ചടങ്ങിൽ ആദരിച്ചു. നിർമൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]