
കോട്ടയം ∙ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഉയർന്ന ആരോപണങ്ങളുടെ ക്ഷീണം മാറും മുൻപേ സംസ്ഥാനത്തെ മുഴുവൻ
നേതാക്കളും പ്രവർത്തന ഫണ്ട് കണ്ടെത്താൻ നാളെ മുതൽ 5 ദിവസത്തേക്ക് വീടുകളിലേക്കിറങ്ങും. കെ.സുധാകരൻ
അധ്യക്ഷനായിരുന്ന കാലയളവിൽ തീരുമാനിച്ച പദ്ധതിയാണ് നിലവിലെ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നത്.
2024 ജൂലൈയിൽ നടന്ന വയനാട് ക്യാംപിൽ കെ.സി. വേണുഗോപാൽ മുന്നോട്ടുവച്ച ആശയമാണിത്.
പ്രവർത്തന ഫണ്ട് പിരിക്കാൻ ഇറങ്ങുന്നവരോട് വീട്ടുകാർ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയം ചോദിക്കില്ലേ എന്നാണ് നേതാക്കളുടെ ആശങ്ക.
മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ഈ ചോദ്യം ഡിസിസി നേതാക്കളോട് ചോദിക്കുന്നുണ്ട്. വീടു കയറുമ്പോൾ ചോദ്യം ഉയർന്നാൽ, ആരോപണം പുറത്തുവന്നതിനു പിന്നാലെ രാഹുലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കിയെന്നും വൈകാതെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തുവെന്നും നേതാക്കൾ വിശദീകരിക്കും.
ആരോപണവിധേയനായ നേതാവിനെതിരെ സ്വീകരിച്ച മാതൃകപരമായ നടപടി സിപിഎമ്മോ ബിജെപിയോ ചെയ്തിട്ടില്ലെന്നും വിശദീകരിക്കും.
5 ദിവസവും സ്വന്തം മണ്ഡലമായ പേരാവൂരിലാകും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഗൃഹസന്ദർശനം നടത്തുക. കാലാകാലങ്ങളിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അലട്ടുന്ന പ്രധാന പ്രശ്നമാണ് ഫണ്ട് പിരിവ്. താഴെത്തട്ടിൽ പണമില്ലാത്തതിനാൽ പലപ്പോഴും പ്രചാരണങ്ങളിൽ പിന്നോട്ടുപോകും.
സംസ്ഥാന നേതാക്കളുടെ ശ്രദ്ധ അവസാനനിമിഷം വാർഡുകളിൽ എത്താറുമില്ല.
ഇതിന് അറുതി വരുത്തി തിരഞ്ഞെടുപ്പ് പ്രചാരണം സുഗമമാക്കാനാണ് തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ നേതാക്കൾ വീടുകൾ കയറുന്നത്. സമീപകാല ചരിത്രത്തിൽ കോൺഗ്രസ് നേതാക്കൾ ഫണ്ട് പിരിവിനായി വീടുകൾ കയറിയിറങ്ങിയിട്ടില്ല.
ദേശീയ തലത്തിൽ ഫണ്ട് കണ്ടെത്താൻ എഐസിസി ആഹ്വാനം ചെയ്തപ്പോൾ പരമാവധി പണം ഡിജിറ്റലായിട്ടാണ് കെപിസിസി ശേഖരിച്ചത്. താഴെത്തട്ടിലെയും മേൾതട്ടിലെയും പ്രവർത്തകർ പരമാവധി ജനങ്ങളുമായി അടുക്കുക എന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ട്.
2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എതിരാളികളെ കടത്തിവെട്ടുന്ന നല്ലൊരു പോസ്റ്റർ അടിക്കാൻ പോലും സ്ഥാനാർഥികൾ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചു എന്നാണ് വിലയിരുത്തൽ.
പണം പിരിക്കുന്നതും ചെലവാക്കുന്നതും
സംസ്ഥാനത്ത് ഇതുവരെ നടത്തിയിരുന്ന ഫണ്ട് പിരിവിൽ നിന്നും ലഭിക്കുന്ന പണം കെപിസിസിയും ഡിസിസിയും എടുത്ത ശേഷം ബാക്കി വിഹിതമാണ് താഴേത്തട്ടിലേക്ക് നൽകിയിരുന്നത്. പൊതുവെ സംസ്ഥാന അധ്യക്ഷനോ നിയമസഭാ കക്ഷി നേതാവോ നടത്തിയിരുന്ന യാത്രകളുടെ ഭാഗമായിട്ടാകും ഫണ്ട് പിരിവും.
എന്നാൽ ഇത്തവണ പണം മേൽകമ്മിറ്റികൾ സ്വീകരിക്കില്ല. മണ്ഡലം കമ്മിറ്റികൾക്കും വാർഡ് കമ്മിറ്റികൾക്കും ആകും മുഴുവൻ പണവും.
പരമാവധി പണം പിരിക്കുകയാണ് ലക്ഷ്യം.
ഒരു വാർഡിൽ വാർഡ് പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ്, പാർട്ടി തീരുമാനിക്കുന്ന ഒരാൾ എന്നിവരുടെ പേരിൽ ജോയിന്റ് അക്കൗണ്ടുകൾ തുടങ്ങും. ഈ അക്കൗണ്ടിലേക്ക് ആകും പണം നിക്ഷേപിക്കുക.
പണം ചെലവഴിക്കുന്ന കാര്യത്തിൽ പ്രാദേശിക കമ്മിറ്റികൾ കൃത്യമായി ഓഡിറ്റിങ് നടത്തും. ഇതുവഴി തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനം സുഗമമാക്കാം എന്നാണ് നേതാക്കളുടെ പ്രതീക്ഷ.
ഉപതിരഞ്ഞെടുപ്പ് മോഡൽ
രണ്ടാം പിണറായി സർക്കാരിന്റെ കാലയളവിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം പരമാവധി ഗൃഹസന്ദർശനം നടത്തിയും കുടുംബ യോഗങ്ങൾ സംഘടിപ്പിച്ചുമാണ് കോൺഗ്രസ് മുന്നേറ്റം നടത്തിയത്.
ഈ മാതൃകയിൽ വീടുകൾ കയറിയിറങ്ങിയാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് നേതാക്കൾ പറയുന്നത്. പ്രാദേശിക തലത്തിൽ വിതരണം ചെയ്യാനുള്ള ലഘുലേഖകളും പണം പിരിക്കാനുള്ള കൂപ്പണുകളും കെപിസിസി എത്തിച്ചുനൽകി.
കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള കുറ്റപത്രമാണ് ലഘുലേഖ.
47 വിഷയങ്ങളടങ്ങിയ ലഘുലേഖയ്ക്ക് ‘ജനങ്ങളുടെ കുറ്റപത്രം’ എന്നാണ് പേരിട്ടിരിക്കുന്നത്. വിലക്കയറ്റം മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പ് വരെ ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
രാഹുൽ ഗാന്ധി കണ്ടെത്തിയ വോട്ടർ പട്ടിക ക്രമക്കേടും പരാമർശിക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]