
കൽപറ്റ ∙ താമരശ്ശേരി ചുരത്തിലുണ്ടായത് മണ്ണ് നിരങ്ങി നീങ്ങൽ (ലാൻഡ് സബ്സിഡൻസ്) പ്രതിഭാസമെന്ന് വിലയിരുത്തൽ. ശക്തമായ മൺസൂണിനു ശേഷമുള്ള പ്രതിഭാസമാണിത്.
ഇത്തവണ 100 ദിവസത്തോളം വയനാട്ടിൽ ശക്തമായ മഴ പെയ്തിട്ടുണ്ട്. മഴയില്ലാത്ത ദിവസങ്ങൾ കുറവായിരുന്നു.
വേനൽമഴയും ശക്തമായിരുന്നു. നിർത്താതെ പെയ്യുന്ന മഴ കുന്നിൽ ചരിവുകളിൽ നീർച്ചാലുകളോട് ചേർന്ന് മഴവില്ലിന്റെ ആകൃതിയിലുള്ള വിള്ളലുകൾ ഉണ്ടാകാൻ കാരണമാകും.
ചുരത്തിലെ റോഡിൽ നിന്ന് ഏകദേശം 100 മുതൽ 200 അടി വരെ ഉയരത്തിൽ നേരത്തെ തന്നെ ഇത്തരം വിള്ളൽ രൂപപ്പെട്ടിരിക്കാനുള്ള സാധ്യതയാണു മണ്ണ് ഗവേഷകനും മുൻ ജില്ലാ മണ്ണ് സംരക്ഷണ ഓഫിസറും കൂടിയായ പി.യു.ദാസ് കണ്ടെത്തുന്നത്. കാടിനകത്തായതിനാൽ ഇൗ വിള്ളൽ ആരുടെയും ശ്രദ്ധയിൽപെട്ടിട്ടുണ്ടാകില്ലെന്ന് അദ്ദേഹം പറയുന്നു.
മഴയിൽ കുതിർന്ന മണ്ണിന്റെ ഭാരം കൂടുന്നതിനനുസരിച്ച് അതിന്റെ താഴെയുള്ള ഉറച്ച പ്രതലത്തിൽ നിന്നു തെന്നിമാറാൻ സാധ്യതയുണ്ട്. തെന്നൽ കൂടുന്നതനുസരിച്ച് മഴവിൽ ആകൃതിയിലുള്ള ഭാഗത്തിനകത്തെ മണ്ണും പാറകളും മരങ്ങളും താഴേക്കു പതിക്കും.
ഇതായിരിക്കാം ചുരത്തിലും സംഭവിച്ചതെന്നാണ് ദാസിന്റെ അഭിപ്രായം.
വിള്ളലുണ്ടായ ഭാഗം അതിന്റെ സ്വാഭാവിക സന്തുലിതാവസ്ഥ വീണ്ടെടുക്കുന്നതുവരെ അപകട സാധ്യത നിലനിൽക്കും.
വിള്ളലുകളോടു ചേർന്ന ഭാഗത്തു മുകളിലായി ഇനിയും പാറകളോ മരങ്ങളോ ഉണ്ടെങ്കിൽ വീണ്ടും ഇടിഞ്ഞു താഴേക്ക് വരാനുള്ള സാധ്യത കൂടുതലാണ്. ഇൗ സാഹചര്യത്തിൽ, വിള്ളലുണ്ടായ ഭാഗത്ത് വിശദ പരിശോധന നടത്തി ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പി.യു.ദാസ് പറഞ്ഞു.
താരതമ്യേന സുരക്ഷിതമായ പ്രദേശങ്ങളായ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ പോലും 2019ൽ സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്.
സാധാരണയായി പ്രതിദിന മഴയുടെ അളവ് 250 മില്ലിമീറ്ററിലധികം പിന്നിടുമ്പോഴാണ് മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത കൂടുതൽ. മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സാഹചര്യവും ഇതാണ്.
ഉരുൾപൊട്ടലിനു മുൻപുള്ള 2 ദിവസങ്ങളിലായി 577 മില്ലിമീറ്റർ മഴയാണു മുണ്ടക്കൈ–ചൂരൽമല മേഖലകളിൽ രേഖപ്പെടുത്തിയത്.
2019ലെ പുത്തുമല മണ്ണിടിച്ചിലുണ്ടായതും സമാനമായ രീതിയിൽ മഴ പെയ്തപ്പോഴാണ്. അന്നു 551 മില്ലിമീറ്റർ മഴയാണു പുത്തുമല, പച്ചക്കാട് മേഖലകളിൽ രേഖപ്പെടുത്തിയത്.
ഇത്തവണ മഴ ശക്തമായിരുന്നെങ്കിലും 250 മില്ലി മീറ്ററലധികം മഴ പെയ്തത് തൊണ്ടർനാട് പഞ്ചായത്തിൽ മാത്രമാണ്–253 മില്ലിമീറ്റർ. ചുരം ഉൾപ്പെടുന്ന ലക്കിടി മേഖലയിൽ ഇത്തവണ ഒരുദിവസം പെയ്ത ഏറ്റവും കൂടിയ മഴ 200–220 മില്ലിമീറ്റർ വരെയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]