
കൽപറ്റ ∙ താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്ര ഏതുനിമിഷവും പാതിവഴിയിൽ മുടങ്ങിയേക്കാം. വാഹനത്തിരക്ക് അത്രയും കൂടുതലാണ്.
വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. ഇവയെല്ലാം കൂടി പരിഗണിച്ച് കാലാനുസൃതമായ വികസനപ്രവർത്തനങ്ങൾ നടത്തേണ്ടിയിരിക്കുന്നു.
കേരളത്തിലെ പ്രധാന പാതകളിൽ ഏറ്റവും ദുർബലമായ വഴിയായി താമരശ്ശേരി ചുരം മാറിയിരിക്കുന്നു. കഴിഞ്ഞദിവസമുണ്ടായ വൻ മണ്ണിടിച്ചിലും തുടർന്നുണ്ടായ ഗതാഗത നിരോധനവും ഈ പ്രശ്നത്തിന് എത്രയും വേഗം ശാശ്വതപരിഹാരമുണ്ടാക്കാൻ വഴിതെളിക്കുമോയെന്നു കണ്ടറിയണം.
മലമുകളിൽനിന്ന് ഉരുണ്ടുവീഴുന്ന പാറക്കഷണമോ യന്ത്രത്തകരാർ മൂലം നിന്നുപോകുന്ന ലോറിയോ റോഡരികിൽ വാ പിളർന്നിരിക്കുന്ന ഓവുചാലിൽ വീണുണ്ടാകാവുന്ന അപകടമോ ചുരം യാത്ര മുടക്കാവുന്ന സ്ഥിതിയാണ്. ശക്തമായ മഴപ്പെയ്ത്തില്ലാത്തപ്പോഴുണ്ടായ വൻ മണ്ണിടിച്ചിൽ ചുരം യാത്രയുടെ സുരക്ഷിതത്വം എത്രമാത്രമുണ്ടെന്ന ചോദ്യം ഉയർത്തുന്നു.
വരാനിരിക്കുന്നത് വൻ പ്രതിസന്ധി
ചുരത്തിൽ വൻ ഗതാഗതത്തിരക്കുള്ള ദിവസങ്ങളാണു വരാനിരിക്കുന്നത്.
29 മുതൽ ഓണാവധിയാണ്. വയനാട്ടിലേക്കു വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങും.
വാഹനങ്ങളുടെ എണ്ണം കൂടുന്നതോടൊപ്പം ചുരത്തിന്റെ ദുർബലാവസ്ഥയും വൻ വെല്ലുവിളിയുയർത്തുന്നുണ്ട്. ചുരം യാത്ര ദുഷ്കരമാകുന്നതു മൂലം വിനോദസഞ്ചാരികൾ ഇക്കുറി വയനാട് യാത്ര ഒഴിവാക്കിയാൽ ജില്ലയുടെ ടൂറിസം മേഖലയ്ക്കു വൻ തിരിച്ചടിയാകുകയും ചെയ്യും.
ഇതെല്ലാം പരിഗണിച്ചുകൊണ്ടാകണം പരിഹാര മാർഗങ്ങൾ ആവിഷ്കരിക്കാൻ. ഭൂമിശാസ്ത്രപരമായി ചുരം സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ്.
എന്നാൽ, ഈ പാതയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ വയനാട് ജില്ലയാണ്.
വയനാടിന്റെ സമ്പദ്വ്യവസ്ഥയുടെ ആണിക്കല്ലാണു ചുരമെന്നു പറയാം. ടൂറിസം, കാർഷിക ഉൽപന്നങ്ങളുടെ വിപണനം, നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത എന്നിവയെല്ലാം ചുരം വഴിയുള്ള ഗതാഗതത്തെ ആശ്രയിച്ചാണിരിക്കുന്നതും.
മലബാറിലേക്കു മാത്രമല്ല, കേരളത്തിലേക്കാകെയുള്ള ചരക്കുഗതാഗതത്തിലും പ്രധാന സ്ഥാനമുള്ള പാതയാണ് താമരശ്ശേരി ചുരം. എന്നാൽ, അധികാരപരിധിയുടെ വിഭജനം ചുരം നേരിടുന്ന ശാപമായി മാറിയിരിക്കുന്നു.
വയനാടിന്റെ ആവശ്യവും കോഴിക്കോടിന്റെ ഭൂമിയുമായി ചുരം നിലകൊള്ളുമ്പോൾ രണ്ടു ജില്ലകൾക്കുമിടയിൽ ആർക്കും ഉത്തരവാദിത്തമില്ലാത്ത ഒരിടമായി ഈ പാത മാറുന്നു. ഭരണകൂടവും ജനപ്രതിനിധികളും പുലർത്തുന്ന അവഗണനയാണ് ചുരത്തിലെ ഗതാഗതക്കുരുക്ക് അടക്കമുള്ള ദുരിതങ്ങൾ പരിഹരിക്കാനാകാത്തവിധം സങ്കീർണമാക്കുന്നത്.
കടലാസിലൊതുങ്ങി വാഗ്ദാനങ്ങൾ
ചുരത്തിലെ ഗതാഗതക്കുരുക്കിനു പ്രധാന കാരണങ്ങളിലൊന്ന് വാഹനങ്ങൾ തകരാറിലാകുന്നതാണ്.
ഇതുണ്ടാക്കുന്ന ഗതാഗതക്കുരുക്ക് വേഗത്തിൽ പരിഹരിക്കാൻ ചുരത്തിനു മുകളിൽ ലക്കിടിയിലും താഴെ അടിവാരത്തും റിക്കവറി ക്രെയിനുകൾ സ്ഥാപിക്കുക എന്നതുമാത്രമാണ് പോംവഴി. ഈ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പദ്ധതി നടപ്പാക്കുമെന്ന് കോഴിക്കോട്–വയനാട് ജില്ലാ ഭരണകൂടങ്ങൾ പലതവണ ഉറപ്പുനൽകിയിട്ടും കടലാസിൽ ഒതുങ്ങുന്നത് എന്തുകൊണ്ടാണ്? അധികൃതരുടെ നിസ്സംഗത മൂലം രോഗികളും വിദ്യാർഥികളും സാധാരണക്കാരും വഴിയിൽ കുടുങ്ങുന്നതിന് എന്നാണൊരു പരിഹാരമുണ്ടാകുക? അവധി ദിവസങ്ങളിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപെടുത്തിയതാണെങ്കിലും ഇപ്പോൾ നടപ്പിലാകുന്നില്ല.
ചുരത്തിലെ ഓരോ വളവിലും ഗതാഗതനിയന്ത്രണത്തിനു പൊലീസിനെ വിന്യസിക്കും, വ്യൂ പോയിന്റുകളിലെ അനധികൃത പാർക്കിങ് തടയും തുടങ്ങിയ പ്രഖ്യാപനങ്ങളും വെറുതെയായി.
വേണം ചുരം വികസന അതോറിറ്റി
കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂടങ്ങളെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തിക്കൊണ്ട് ചുരത്തിന്റെ പരിപാലനത്തിനും വികസനത്തിനും നിയന്ത്രണത്തിനുമായി പ്രത്യേക അതോറിറ്റി രൂപീകരിക്കണം. ഈ അതോറിറ്റിക്ക് സ്വന്തമായി ഫണ്ട് അനുവദിക്കുകയും തീരുമാനങ്ങൾ എടുക്കാൻ അധികാരം നൽകുകയും വേണം.
ചില പരിഹാരമാർഗങ്ങൾ
1 .
സമയക്രമീകരണം, ഗതാഗതനിയന്ത്രണം
ചരക്കുലോറികൾ പോലുള്ള ഭാരവാഹനങ്ങൾക്ക് ദിവസത്തിലെ ഏറ്റവും തിരക്കേറിയ സമയങ്ങളിൽ (ഉദാഹരണത്തിന്, രാവിലെ 8 മുതൽ 11 വരെ, വൈകിട്ട് 4 മുതൽ 7 വരെ) നിയന്ത്രണം ഏർപ്പെടുത്തുക. വലിയ കണ്ടെയ്നർ ലോറികൾക്കും പഴക്കം ചെന്ന വാഹനങ്ങൾക്കും രാത്രികാലങ്ങളിൽ മാത്രം (ഉദാഹരണത്തിന്, രാത്രി 10 മണിക്ക് ശേഷം) പ്രവേശനം അനുവദിക്കുക.
അടിവാരത്തും ലക്കിടിയിലും ഇതു കർശനമായി നടപ്പാക്കാൻ പൊലീസ്, മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കണം
2. ‘ചുരം മിത്ര’ സന്നദ്ധസേന
അടിവാരത്തും ലക്കിടിയിലുമുള്ള നാട്ടുകാർ, ടാക്സി ഡ്രൈവർമാർ, കച്ചവടക്കാർ എന്നിവരെ ഉൾപെടുത്തി സന്നദ്ധസേന രൂപീകരിക്കുക.
ഒരു വാഹനം കേടായാൽ പൊലീസോ മറ്റ് സംവിധാനങ്ങളോ എത്തുന്നതിന് മുൻപ് പ്രാഥമിക സഹായങ്ങൾ നൽകാനും ഗതാഗതം നിയന്ത്രിക്കാനും വിവരങ്ങൾ കൈമാറാനും ഇവർക്ക് കഴിയും. സേനാംഗങ്ങൾക്കു പ്രത്യേക പരിശീലനവും തിരിച്ചറിയൽ കാർഡും നൽകാം.
3.
തത്സമയ വിവരങ്ങൾക്കായി ‘ചുരം അപ്ഡേറ്റ്’ സംവിധാനം
ചുരത്തിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് യാത്രക്കാർക്ക് തത്സമയം വിവരം നൽകാൻ ഹെൽപ്ലൈൻ നമ്പർ സംവിധാനമൊരുക്കുക. അടിവാരത്തും വൈത്തിരിയിലും ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിച്ച് “ചുരം: ഗതാഗതം സുഗമം” അല്ലെങ്കിൽ “ചുരം: കുരുക്കുണ്ട്, യാത്ര ഒഴിവാക്കുക” എന്നിങ്ങനെയുള്ള വിവരങ്ങൾ നൽകുന്നത് യാത്രക്കാർക്ക് ഏറെ സഹായകമാകും.
4 .
‘ലേ-ബൈ’ ബേകളും വീതി കൂട്ടലും വാഹനം കേടായാൽ മറ്റുള്ളവയ്ക്ക് കടന്നുപോകാൻ പാകത്തിൽ റോഡിന് വശത്തേക്ക് ഒതുക്കിയിടാൻ സൗകര്യമുള്ള ‘ലേ-ബൈ’ ബേകൾ (Lay-by bays) സൗകര്യപ്രദമായ ഇടങ്ങളിൽ നിർമ്മിക്കുക. ഇത് ഗതാഗതം പൂർണമായി സ്തംഭിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.
ചുരത്തിലെ ദുഷ്കര വളവുകളായ 6,7,8 എന്നിവ വീതികൂട്ടാൻ നടപടിയുണ്ടാകണം.
5. സിസിടിവി നിരീക്ഷണ സംവിധാനം
ചുരത്തിലെ 9 ഹെയർപിൻ വളവുകളിലും പ്രധാന സ്ഥലങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ച് അടിവാരത്തും ലക്കിടിയിലും കൺട്രോൾ റൂം സജ്ജമാക്കുക.
വാഹനം നിന്നുപോയാൽ ഉടൻ തന്നെ അറിയാനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും ഇതുവഴി സാധിക്കും. ഗതാഗതക്കുരുക്കിന്റെ വ്യാപ്തി മനസ്സിലാക്കി വാഹനങ്ങൾ വഴിതിരിച്ചുവിടാനുമാകും.
ശാശ്വത പരിഹാരങ്ങൾ
∙ചിപ്പിലിത്തോട്–മരുതിലാവ്–തളിപ്പുഴ ഉൾപെടെയുള്ള ചുരം ബദൽപാതകൾ എത്രയും വേഗം യാഥാർഥ്യമാക്കുക.
∙അടിവാരം–ലക്കിടി കേബിൾ കാർ / റോപ്വേ പദ്ധതി ആരംഭിക്കുക. ∙ചുരം വികസനത്തിനും വൈദ്യുതീകരണത്തിനു പോലും തടസ്സം സൃഷ്ടിക്കുന്ന വനംവകുപ്പ് പിടിവാശി ഒഴിവാക്കാൻ രാഷ്ട്രീയ തീരുമാനം ഉണ്ടാകണം.
∙തുരങ്കപ്പാത നിർമാണം വേഗത്തിലാക്കുക …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]