
പുൽപള്ളി ∙ സർക്കാർ ഹൈസ്കൂളുകളിൽ മുൻനിരയിലുള്ള കാപ്പിസെറ്റ് മുതലിമാരൻ സ്കുളിലെ വിദ്യാർഥികളുടെ യാത്ര ദുഷ്കരം. സ്വന്തമായി വാഹനമില്ലാത്ത ഇവിടെ ഓട്ടോയിലും ജീപ്പുകളിലുമാണ് കുട്ടികൾ സ്കൂളിലെത്തുന്നത്.
വാഹനത്തിൽ തിങ്ങി ഞെരുങ്ങി മഴയും വെയിലുംകൊണ്ടാണു യാത്ര. സീറ്റിലിരിക്കുന്ന കുട്ടികളുടെ മടിയിലിരുന്നും സ്കൂൾബാഗ് നിലത്തുവച്ചുമുള്ള ദുരിതയാത്ര അസഹ്യമാണെന്നു കുട്ടികൾ പറയുന്നു.
മഴക്കാലത്തെ ഈ യാത്ര പലപ്പോഴും പനിക്കും പകർച്ചവ്യാധിക്കും ഇടയാക്കുന്നു.മുതലിമാരനെന്ന ഗോത്രമൂപ്പൻ കാപ്പിസെറ്റിൽ സംഭാവന ചെയ്ത 5 ഏക്കർ സ്ഥലത്ത് 1981ലാണ് എൽ.പിയായി സ്കൂൾ ആരംഭിച്ചത്.
ഇപ്പോൾ പത്താംക്ലാസ് വരെ 719 കുട്ടികൾ പഠിക്കുന്നു. ഭൗതിക സാഹചര്യങ്ങളുള്ള ഇവടെ ഹയർസെക്കൻഡറി ആരംഭിക്കണമെന്ന ആവശ്യത്തിനു ഏറെക്കാലത്തെ പഴക്കമുണ്ട്.
പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലെ കുട്ടികളാണിവിടെ വിദ്യാഭ്യാസം തേടുന്നത്. മൊത്തം കുട്ടികളിൽ 35 ശതമാനം പേരും ഗോത്രവിദ്യാർഥികൾ.
കർണാടകാതിർത്തിയിലെ ഗോത്രഊരുകളിലെ കുട്ടികളും ഹൈസ്കൂൾ വിദ്യാഭ്യാസം തേടുന്നത് ഇവിടെയാണ്.
ഗതാഗതസൗകര്യം കുറഞ്ഞ കാപ്പിസെറ്റിൽ പ്രവർത്തിക്കുന്ന സ്കൂളിലേക്ക് കുട്ടികളെയെത്തിക്കാൻ അധ്യാപകരും വൻതുക മുടക്കുന്നുണ്ട്.സ്കൂളിന്റെ പുരോഗതി ലക്ഷ്യമാക്കി ഇവിടുത്തെ എല്ലാ അധ്യാപകരുടെയും മക്കൾ പഠിക്കുന്നത് ഇതേ സ്കൂളിലാണ്. കുറെവർഷങ്ങളായി നൂറുമേനി വിജയംനേടുന്ന സ്കൂളിനുസ്വന്തമായി ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പിടിഎ പലവട്ടം ജനപ്രതിനിധികൾക്ക് അപേക്ഷ നൽകിയിരുന്നു.
മുള്ളൻകൊല്ലി പഞ്ചായത്തും ഈ ആവശ്യമുന്നയിച്ച് എംപി ഓഫിസിനെ സമീപിച്ചിരുന്നു.
കുറച്ചുകുട്ടികൾ മാത്രമുള്ള ചില സ്കൂളുകളിൽ മൂന്നുംനാലും വാഹനങ്ങളുള്ളപ്പോഴാണ് കാപ്പിസെറ്റ് സ്കൂളിനൊരു വാഹനം നൽകാൻ ജില്ലയിലെ ജനപ്രതിനിധികളാരും തയാറാവാത്തത്.കൂലിവേലക്കാരും ഗോത്രവിഭാഗക്കാരുമായ രക്ഷിതാക്കൾക്ക് സ്കൂൾ വാഹനം വാങ്ങാൻ ഒരുനിവൃത്തിയുമില്ല. ഏതെങ്കിലും സന്നദ്ധ സംഘടനകളോ, സ്ഥാപനങ്ങളോ തങ്ങളുടെ യാത്രാദുരിതം പരിഹരിക്കാൻ തയാറാകുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ കുരുന്നുകൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]