
ഇരിട്ടി ∙ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ അയ്യൻകുന്ന് പഞ്ചായത്തിലെ വാഴയിൽ സെന്റ് ജൂഡ് നഗർ പാലം തകർന്നിട്ടു 3 വർഷം. പഞ്ചായത്തിലെ മുണ്ടയാംപറമ്പ്, ആനപ്പന്തി വാർഡുകളെ കോർത്തിണക്കുന്ന ജീപ്പ് പാലം തകർന്നു പ്രദേശവാസികൾ ദുരിതത്തിലായിട്ടും അവഗണന തുടർന്ന് അധികൃതർ.
2022 ഓഗസ്റ്റ് 27 ന് രാത്രിയാണ് തകർന്നത്.
സമാന്തര സംവിധാനങ്ങൾ പോലും ഏർപ്പെടുത്താൻ അധികൃതർ തയാറാകാത്ത സാഹചര്യത്തിൽ നാട്ടുകാർ അയ്യൻകുന്ന് പഞ്ചായത്ത് ജനപ്രതിനിധികളുടെ സഹകരണത്തോടെ 1.5 ലക്ഷം രൂപ ചെലവിട്ടു നിർമിച്ച നടപ്പാലവും തകർച്ചയിലായി.
സമീപത്തെ മരത്തിൽ വടംകെട്ടി ബന്ധിച്ചിട്ടുള്ള ഈ നടപ്പാലത്തിലൂടെയാണു പ്രദേശത്തു നിന്നു കുന്നോത്ത്, കിളിയന്തറ, അങ്ങാടിക്കടവ് എന്നിവിടങ്ങളിലെ സ്കൂളുകളിൽ പഠിക്കുന്ന നൂറുകണക്കിനു വിദ്യാർഥികളും പ്രദേശവാസികളും യാത്ര ചെയ്യുന്നത്. വാഹനത്തിൽ സഞ്ചരിക്കണമെങ്കിൽ കൂടുതൽ ദൂരം വളഞ്ഞു ചുറ്റണം.
വി.ടി.മാത്തുക്കുട്ടി കൺവീനറായ ജനകീയ കമ്മിറ്റി മുഖ്യമന്ത്രി, എംപിമാർ എന്നിവർക്കെല്ലാം പുതിയ കോൺക്രീറ്റ് പാലത്തിനായി നിവേദനം നൽകിയിരുന്നു. സണ്ണി ജോസഫ് എംഎൽഎ നിയമസഭയിലും പ്രശ്നം ഉന്നയിച്ചു.
പാലം നിർമാണത്തിനായി 2 തവണ ബോറിങ് നടത്തിയതല്ലാതെ മറ്റു പുരോഗതികളൊന്നും ഉണ്ടായില്ല. മിന്നൽ പ്രളയത്തിൽ പുഴയിലെ കോൺക്രീറ്റ് തൂൺ താഴ്ന്നാണു പാലം തകർന്നത്.
ഒഴുകിപ്പോകാത്ത തൂണുകളിലാണ് താൽക്കാലിക യാത്രയ്ക്കായി നാട്ടുകാർ നിർമിച്ച ഇരുമ്പ് നടപ്പാലം ഉറപ്പിച്ചത്. വെള്ളം ഉയർന്നാൽ ഈ തൂണുകളുടെ മുകളിലേക്കു നടപ്പാലം ഉയർന്നു ഒഴുകിപ്പോകാതിരിക്കാൻ കൂടിയാണ് വടം ഉപയോഗിച്ചുകെട്ടി പ്രതിരോധം തീർത്തിട്ടുള്ളത്.
പുതിയ പാലം നിർമിക്കാത്തതിനാൽ കര ഇടിച്ചിലും രൂക്ഷമാണ്. നാട്ടുകാർ പണിതു; അന്ന് ചെലവ് 1.25 ലക്ഷം രൂപ
1973 ൽ നാട്ടുകാരുടെ കൂട്ടായ്മയിൽ ആണു വാഴയിൽ സെന്റ് ജൂഡ് നഗർ പാലം പണിതത്.
3 തൂണിന്റെ സാധന സാമഗ്രികളുടെ പണം അവിഭക്ത ആറളം – അയ്യൻകുന്ന് പഞ്ചായത്ത് സഹായിച്ചു. കാൽനടപ്പാലം പണിയാൻ ആയിരുന്നു നാട്ടുകാരുടെ കമ്മിറ്റിയുടെ ആദ്യ തീരുമാനം. കാരിത്താസ് ഇന്ത്യ 25000 രൂപ സഹായം നൽകിയപ്പോൾ വീതി കൂട്ടി ജീപ്പ് പാലം പണിയുകയായിരുന്നു.
ആകെ 1.25 ലക്ഷം രൂപ ചെലവിലും 550 പേരുടെ ശ്രമദാനത്തിലും ആണ് 35 മീറ്റർ നീളവും 2.5 മീറ്റർ വീതിയും ഉള്ള പാലം പണിതത്.
ദുരിതത്തിലായി 1000 കുടുംബങ്ങൾ
പാലം തകർന്നതിന്റെ ദുരിതം നേരിടുന്നത് 1000 ത്തോളം കുടുംബങ്ങൾ. മുണ്ടയാംപറമ്പ്, നാട്ടേൽ, തെങ്ങോല, കോളിക്കടവ്, സെന്റ് ജൂഡ് നഗർ, വള്ളിത്തോട്, ഓടിച്ചുകുന്ന്, മുടയിരഞ്ഞി, ആനപ്പന്തി എന്നീ ഗ്രാമങ്ങളിൽ ഉള്ളവർ ഈ പാലം ആശ്രയിച്ചിരുന്നതാണ്.
സെന്റ് ജൂഡ് നഗർ വിശുദ്ധ യൂദാശ്ലീഹായുടെ തീർഥാടന കേന്ദ്രം, മുണ്ടയാംപറമ്പ് തറക്കുമീത്തൽ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ എത്തുന്ന തീർഥാടകർക്കും ഉപകാരപ്പെട്ടിരുന്നു.
കാലവർഷക്കെടുതിയിൽ ഉണ്ടായ അപകടം എന്ന പ്രാധാന്യം കൂടി നൽകി അടിയന്തര സ്വഭാവത്തോടെ പുതിയ പാലം പണിയേണ്ടതായിരുന്നു. നിയമസഭയിലും ഉന്നയിച്ചതാണ്.
2018 ൽ പാർശ്വഭിത്തി തകർന്നപ്പോൾ തന്നെ ബലക്ഷയം ചൂണ്ടിക്കാട്ടി പുതിയ പാലത്തിനായി സർക്കാരിൽ ആവശ്യപ്പെട്ടതാണ്. ശ്രമം തുടരും.
സണ്ണി ജോസഫ് എംഎൽഎ
∙പാലം തകുന്നതിനും 25 വർഷം മുൻപ് ജനകീയ കമ്മിറ്റി രൂപീകരിച്ചു പുതിയ പാലത്തിനായി സർക്കാരിൽ നിവേദനങ്ങൾ നൽകിയതാണ്.
2022 ഓഗസ്റ്റ് 28 ന് രാത്രി 10 നാണ് പാലം തൂൺ പുഴയിലേക്കു താഴ്ന്നത് ശ്രദ്ധയിൽ പെട്ടത്. അതിനും 10 മിനിറ്റ് മുൻപ് കൂടി വാഹനങ്ങൾ പാലത്തിലൂടെ കടന്നുപോയതാണ്.
തലനാഴിയ്ക്കാണ് ദുരന്തം ഒഴിവായത്. പുതിയ പാലം അനുവദിക്കണം.
വി.ടി.മാത്തുക്കുട്ടി, കൺവീനർ, പാലം കമ്മിറ്റി
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]