തൊടുപുഴ∙ പാവപ്പെട്ടവരും സാധാരണക്കാരും ഉൾപ്പെടെ നിത്യേന നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി രോഗികൾ മണിക്കൂറുകൾ കാത്തിരിക്കേണ്ട ഗതികേടിൽ.
ഏറെ ദൂരത്ത് നിന്നു കഷ്ടപ്പെട്ട് എത്തി ചികിത്സ നേടാനാകാതെ മടങ്ങേണ്ടിയും വരുന്നുണ്ട്. 30 ഡോക്ടർമാരടക്കം ഇരുനൂറിലധികം ജീവനക്കാരാണ് ആശുപത്രിയിലുള്ളത്. ഡോക്ടർമാരിൽ പലരും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഡ്യൂട്ടിക്ക് എത്തുന്നതെന്ന് ആശുപത്രി വികസന സമിതി അംഗങ്ങൾ തന്നെ പറയുന്നു. രാവിലെ 8 മുതൽ ഒരു മണി വരെയാണ് ഡോക്ടർമാരുടെ ഡ്യൂട്ടി സമയം.
ഇത് പ്രതീക്ഷിച്ച് രോഗികൾ ഒപി ചീട്ടെടുത്ത് ഏഴര മുതൽ അതത് ഡോക്ടർമാരുടെ കാബിനുകൾക്ക് മുന്നിൽ വരി വരിയായി കാത്ത് നിൽക്കും.
ആവശ്യത്തിന് ഇരിപ്പിടം ഇല്ലാത്തതിനാൽ അവശരായ പലരും നിലത്താണ് ഇരിക്കുന്നത്.
എന്നാൽ പല ഡോക്ടർമാരും ഒൻപതും പത്തും മണി ആകുമ്പോഴാണ് ആശുപത്രിയിലേക്ക് എത്തുക. ഇതിൽ തന്നെ ചിലർ ഒന്നോ രണ്ടോ മണിക്കൂറുകൾ മാത്രമാണ് കാബിനിൽ ഇരുന്ന് രോഗികളെ പരിശോധിക്കാറുള്ളൂയെന്നും പരാതിയുണ്ട്.
ഡോക്ടർമാർ കാബിനിൽ ഇല്ലാത്ത കാര്യം തിരക്കുമ്പോൾ ജീവനക്കാർ വ്യക്തമായ മറുപടി നൽകാറുമില്ല. അവധിയുള്ള ഡോക്ടർമാർ എന്ന് വരുമെന്നതിലും കൃത്യമായ വിവരം ലഭിക്കാറില്ല.
ആശുപത്രിയിലെ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെ പല കാര്യങ്ങൾക്കും എന്ന പേരിൽ പണം യഥേഷ്ടമാണ് ചെലവഴിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് പല കാര്യങ്ങളിലും വ്യക്തത കുറവുണ്ടെന്നും ആക്ഷേപമുണ്ട്. കേരളത്തിൽ ജനറൽ ആശുപത്രികൾ ഇല്ലാത്ത ഏക ജില്ലയാണ് ഇടുക്കി.
തൊടുപുഴയിൽ പ്രവർത്തിക്കുന്ന ജില്ലാ ആശുപത്രി എന്നത് തൊടുപുഴ താലൂക്കിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയാണ്. ഇതുകൊണ്ട് തന്നെ ജനങ്ങളുടെ ഏക പ്രതീക്ഷയുമാണ്.
ചെറിയൊരു അസുഖമായി ചെന്നാൽ പോലും കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുന്നതാണ് ഈ ആശുപത്രിയിലെ മറ്റൊരു പ്രശ്നം.
അത്യാഹിത വിഭാഗത്തിലും നിയന്ത്രണമില്ല
ഉച്ച കഴിഞ്ഞാൽ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് അത്യാഹിത വിഭാഗത്തിൽ മാത്രമാണ് ചികിത്സ ലഭിക്കുക. എന്നാൽ പകലും രാത്രിയും വ്യത്യാസമില്ലാതെ നൂറു കണക്കിനു രോഗികൾ ഇവിടെ ചികിത്സ തേടി എത്തുമ്പോൾ ഇവിടെ കയ്യൂക്കുള്ളവൻ കാര്യക്കാരനാകുന്ന സ്ഥിതിയാണ്.
ആദ്യം ചീട്ട് എടുത്ത് നിൽക്കുന്നവരെ തള്ളി മാറ്റി അവസാനം വന്നവൻ ഇടിച്ചു കയറി ഡോക്ടറെ കാണുന്ന സ്ഥിതിയാണ്. ചീട്ട് കൊടുക്കുമ്പോൾ തന്നെ രോഗികൾക്ക് ക്രമ നമ്പർ കൂടി നൽകി ഇത് പ്രകാരം വിളിച്ചാൽ ക്യൂ തെറ്റിക്കലും ഉന്തും തള്ളും ഒഴിവാക്കാമെങ്കിലും ഇതിനൊന്നും ആരുമില്ലാത്ത സഥിതിയാണ്.
ഡോക്ടറുടെ ചുറ്റിലും രോഗികൾ കൂട്ടം കൂടി ചീട്ടും നീട്ടി നിൽക്കുന്നത് പതിവ് കാഴ്ചയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]