
തിരുവനന്തപുരം ∙ 20 വർഷം മുൻപൊരു സെപ്റ്റംബർ. ആക്രി വസ്തുക്കൾ വിൽക്കുന്ന കടയിലെ ചുമട്ടു ജോലി കഴിഞ്ഞ് അത്താഴമുണ്ണാൻ എത്തുന്ന ഏക മകനെയും കാത്തിരിക്കുകയായിരുന്നു ആ അമ്മ. മകൻ എത്താത്തതിനാൽ അമ്മ ചോറുണ്ടില്ല, ഉറങ്ങിയുമില്ല.
വീട്ടുമുറ്റത്തെ പടിയിലിരുന്ന അമ്മയുടെ മുന്നിലെത്തിയത് ഇരുമ്പു പൈപ്പുകൊണ്ട് ഉരുട്ടിയ മകന്റെ ചതഞ്ഞരഞ്ഞ ശരീരം. രണ്ടു പതിറ്റാണ്ടു മുൻപ് തുടങ്ങിയ കരമന നെടുങ്കാട് പള്ളിത്താനം ‘ശിവശൈലത്തിൽ’ ജെ.പ്രഭാവതിഅമ്മ(74)യുടെ കണ്ണീർ ഇപ്പോഴും തോർന്നിട്ടില്ല. 2005 സെപ്റ്റംബർ 27.
അന്ന് കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസമായിരുന്നു. ഉച്ചയ്ക്ക് രണ്ടിനാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് സമീപത്തെ പാർക്കിൽനിന്ന് മോഷണ പശ്ചാത്തലമുള്ള മറ്റൊരാൾക്കൊപ്പം ഉദയകുമാറിനെ പൊലീസ് പിടിച്ചത്. ഉദയന്റെ കയ്യിൽ 4020 രൂപയുണ്ടായിരുന്നു.
അത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു ചോദ്യം ചെയ്യൽ. തുടയിലെ രക്തധമനികൾ പൊട്ടി 2005 സെപ്റ്റംബർ 27ന് രാത്രി പത്തരയോടെയാണു ഉദയൻ മരിച്ചത്. ഉദയനെ ക്രൂരമായ ലോക്കപ്പ് മർദനത്തിന് ഇരയാക്കി കൊന്നുവെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ.
‘എന്റെ ഗുണ്ടകൾ ഒരുത്തനെ തല്ലിക്കൊന്നിട്ടിട്ടുണ്ട്’–സ്കൂളിൽ സഹപാഠിയായിരുന്ന മേലുദ്യോഗസ്ഥനോടു ഫോർട്ട് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായിരുന്ന വിജയകുമാർ ഫോണിൽ പറഞ്ഞ വാചകമാണ് ഉരുട്ടിക്കൊലക്കേസിൽ സിബിഐക്ക് നിർണായകമായത്.
ഇതു മുഖ്യതെളിവിൽ ഒന്നായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. 22 ഗുരുതര പരുക്കുകൾ ഉദയകുമാറിന്റെ മൃതദേഹത്തിൽ കണ്ടെത്തിയതും ഇതിന് ഉപയോഗിച്ച പൈപ്പ് കോടതിയിൽ തിരിച്ചറിഞ്ഞതും തെളിവായി . മരിക്കുന്നതിന് 24 മണിക്കൂർ മുൻപാണ് മാരക മർദനമേറ്റതെന്നു ഡോക്ടർ മൊഴി നൽകി.
2018 ജൂലൈ 25ന് സിബിഐ കോടതി പ്രതികളെ ശിക്ഷിച്ചപ്പോൾ ആശ്വസിച്ചു. ഇന്നലെ ഹൈക്കോടതി വിധി വന്നതോടെ പ്രഭാവതി അമ്മ വീണ്ടും കണ്ണീരിലായി.
നിയമപോരാട്ടം തുടരാനാണ് പ്രഭാവതി അമ്മയുടെയും തുടക്കം മുതൽ കേസ് നടത്താൻ പ്രഭാവതിയമ്മക്കൊപ്പം നിന്ന നിലവിലെ ഡപ്യൂട്ടി മേയർ പി.കെ.രാജുവിന്റെയും തീരുമാനം. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പി.കെ.രാജു പറഞ്ഞു.
‘മകനുവേണ്ടി ഇനിയും ജീവിക്കും’
എന്റെ മകൻ മരിച്ച ശേഷം എനിക്കുറങ്ങാൻ കഴിഞ്ഞിട്ടില്ല.
കണ്ണടച്ചാൽ അവന്റെ മുഖം തെളിയും. അമ്മാ..
എന്നുള്ള വിളിയും മുഴങ്ങും. എന്റെ ഒറ്റപ്പെട്ട
ജീവിതത്തിൽ എന്റെ മകൻ എന്നുമെത്താറുണ്ട്. എന്റെ മകന് നീതി കിട്ടുന്നതിനു വേണ്ടി 3 ക്ഷേത്രങ്ങൾ വിളക്കുവയ്ക്കാമെന്ന് നേർച്ചയുണ്ടായിരുന്നു. വിളക്കുകളെല്ലാം വാങ്ങിവച്ചിരുന്നു.
അത് അടുക്കി വയ്ക്കുന്നതിനിടെയാണ് ഇന്നലെ കോടതി വിധി അറിഞ്ഞത്. എന്റെ മകനു വേണ്ടി ഞാൻ ജീവിച്ചു.
കുഞ്ഞിന് 2 മാസമുള്ളപ്പോൾ എന്റെ ഭർത്താവ് എന്നെ ഉപേക്ഷിച്ചു. അവനെ വളർത്തി ഞാൻ വലുതാക്കി.
ഇന്നും എന്റെ മകനു വേണ്ടി ജീവിക്കുന്നു. മരിക്കും വരെയും അവനു വേണ്ടി ജീവിക്കും.
നെടുങ്കാട് സർക്കാർ അനുവദിച്ച 7 സെന്റിലെ വീട്ടിൽ സഹോദരൻ പി.മോഹനൻ നായർക്കൊപ്പമാണ് പ്രഭാവതിഅമ്മ ഇപ്പോൾ താമസിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]