രാജകുമാരി∙ ഭൂപതിവ് നിയമ ഭേദഗതി ചട്ടങ്ങളുടെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതോടെ ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് ഭരണപക്ഷവും ഭൂപ്രശ്നങ്ങൾ സങ്കീർണമാകുമെന്ന് പ്രതിപക്ഷവും. ഭൂപതിവ് നിയമ ഭേദഗതിയിൽ പ്രധാനമായും 2 ചട്ടങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്. 1.
കൃഷിക്കും വീട് നിർമാണത്തിനുമായി പതിച്ചു നൽകിയ ഭൂമിയിൽ ഇതുവരെ വക മാറ്റിയുള്ള വിനിയോഗം ക്രമവൽക്കരിച്ച് നൽകുക,
2. പതിച്ചു നൽകിയ ഭൂമിയിൽ ജീവനോപാധി ലക്ഷ്യമാക്കിയുള്ള വിനിയോഗത്തിന് അനുമതി നൽകുക.
ഇതിൽ ആദ്യത്തെ ചട്ടമനുസരിച്ച് സർക്കാർ ഭൂപതിവ് നിയമ ഭേദഗതി വിജ്ഞാപനം ചെയ്ത 2024 ജൂൺ 7 വരെയുള്ള ചട്ട
ലംഘന നിർമാണങ്ങൾ ഫീസ് ഇൗടാക്കി ക്രമവൽക്കരിച്ച് നൽകും. രണ്ടാമത്തെ ചട്ടം തുടർന്ന് പരിഗണിക്കുമെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്.
എന്നാൽ പട്ടയ ഭൂമിയുടെ സ്വതന്ത്ര വിനിയോഗമെന്ന കർഷകരുടെ ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും എല്ലാ നികുതിയും അടച്ച്, ചട്ടങ്ങൾ പാലിച്ച് അനുമതിയോടെ വാണിജ്യാവശ്യത്തിന് കെട്ടിടം നിർമിച്ചവരെയെല്ലാം കുറ്റക്കാരായി കണക്കാക്കി വൻതുക പിഴ ചുമത്തി നിർമാണങ്ങൾ ക്രമവൽക്കരിച്ചു നൽകാനുള്ള നീക്കം ഭൂവുടമകളോടുള്ള വെല്ലുവിളിയാണെന്നും കർഷക സംഘടനകൾ ആരോപിക്കുന്നു.
സർക്കാർ സാധാരണക്കാർക്ക് ഒപ്പമെന്ന് വ്യക്തം: കേരള കോൺഗ്രസ് (എം)
നെടുങ്കണ്ടം ∙ നിയമ ഭേദഗതിയും ചട്ടരൂപീകരണവും സാധ്യമാക്കിയ എൽഡിഎഫ് സർക്കാരിന് അഭിനന്ദനങ്ങൾ അറിയിച്ച് കേരള കോൺഗ്രസ് (എം) ഇടുക്കി ജില്ലാ കമ്മിറ്റി. ചട്ടപ്രകാരം നിലവിലുള്ള മുഴുവൻ വീടുകളും സൗജന്യമായി ക്രമവൽക്കരിക്കാൻ കഴിയും. കൂടാതെ 3000 ചതുരശ്ര അടി വരെയുള്ള വാണിജ്യ നിർമിതികൾ ഫീസ് ഈടാക്കാതെ ക്രമവൽക്കരിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, സർക്കാർ കെട്ടിടങ്ങൾ തുടങ്ങിയവ ഫീസ് ഇല്ലാതെ ക്രമവൽക്കരിക്കുന്നതും സർക്കാർ സാധാരണക്കാരനോട് ഒപ്പമാണെന്ന സന്ദേശമാണ് നൽകുന്നതെന്ന് ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു.
ഇടുക്കിയിലെ ഭൂപ്രശ്നങ്ങളും കോടതി ഇടപെടലുകളും നാൾ വഴികൾ
∙ മൂന്നാർ മേഖലയിലെ കയ്യേറ്റങ്ങളും അനധികൃത നിർമാണങ്ങളും തടയാൻ നടപടിയാവശ്യപ്പെട്ട് പരിസ്ഥിതി സംഘടന നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ 2010 ജനുവരി 21ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പേരിൽ ജില്ലയിലെ 8 വില്ലേജുകളിൽ നിർമാണ പ്രവർത്തനങ്ങൾക്ക് എൻഒസി നിർബന്ധമാക്കി റവന്യു വകുപ്പ് ഉത്തരവിറക്കി.
∙ 2016ൽ രണ്ടാം മൈലിൽ എൻഒസി ഇല്ലാതെയുള്ള റിസോർട്ട് നിർമാണത്തിനെതിരെയുള്ള ഹർജിയിൽ ഭൂപതിവ് ചട്ടലംഘനം നടന്നതായി സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ വിശദീകരണം നൽകി.
തുടർന്ന് കർശന നടപടി വേണമെന്നു കോടതി നിർദേശിച്ചു. സമാനമായ പല കേസുകളിലും കോടതിയുടെ ഇടപെടലുണ്ടായി.
8 വില്ലേജുകളിലെ 303 ചട്ടലംഘന നിർമാണങ്ങൾക്കെതിരെ റവന്യു വകുപ്പ് നടപടിയുമായി മുന്നോട്ടു പോയതോടെ അതിജീവന പോരാട്ടവേദിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധങ്ങൾക്ക് തുടക്കമായി.
∙ 2019ൽ ഇടുക്കി ജില്ലയിലെ 8 വില്ലേജുകളിലെ നിർമാണ നിയന്ത്രണം ചോദ്യം ചെയ്തു വീണ്ടും ഹൈക്കോടതിയിൽ ഹർജി. കോടതി സർക്കാരിനോട് വിശദീകരണം തേടി.
2019 ഓഗസ്റ്റ് 22ന് നിർമാണ നിയന്ത്രണം ഇടുക്കി ജില്ലയിലാകെ വ്യാപിപ്പിച്ച് റവന്യു വകുപ്പ് ഉത്തരവിറങ്ങി. കർഷക സംഘടനകളും ഭരണ, പ്രതിപക്ഷ സംഘടനകളും വൻ പ്രക്ഷോഭങ്ങളും ഹർത്താലുകളും നടത്തി.
2019 ഡിസംബർ 19ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേർന്നു. ഭൂപതിവ് നിയമം ഭേദഗതി ചെയ്യണമെന്ന് യോഗം ഐകകണ്ഠേന ആവശ്യപ്പെട്ടു.
∙ 2020ൽ ഭൂപതിവ് നിയമ ഭേദഗതി വൈകുന്നുവെന്ന് ആരോപിച്ചു വീണ്ടും ഹൈക്കോടതിയിൽ അതിജീവന പോരാട്ട
വേദിയുടെ ഹർജി. ഒന്നുകിൽ ചട്ടലംഘനത്തിനെതിരെയുള്ള നടപടികൾ റദ്ദാക്കുക, അല്ലെങ്കിൽ നിർമാണ നിയന്ത്രണം കേരളം മുഴുവൻ ബാധകമാക്കുക എന്നതായിരുന്നു ഹർജിയിലെ ആവശ്യം.
ഭൂപതിവ് നിയമ ഭേദഗതി സർക്കാരിന്റെ പരിഗണനയിലാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പക്ഷേ തുടർ നടപടികളുണ്ടായില്ല.
ഭൂപതിവ് നിയമം സംസ്ഥാനത്താകെ ബാധകമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സർക്കാർ ഇത് നടപ്പാക്കാത്തതിനാൽ ഹർജിക്കാർ കോടതിയലക്ഷ്യ ഹർജി നൽകി.
ഇതിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീൽ കോടതി തള്ളി.
∙ 2021–22ൽ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ പ്രത്യേകാനുമതി ഹർജി നൽകി. സുപ്രീംകോടതി പല തവണ കേസ് പരിഗണിച്ചപ്പോഴും ചട്ട
ഭേദഗതി സർക്കാരിന്റെ പരിഗണനയിലാണെന്ന് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. അവസാനം ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയും ശരി വച്ചതോടെ ഭൂപതിവ് നിയമ ഭേദഗതിക്ക് സർക്കാർ നിർബന്ധിതരായി.
ഭൂപതിവ് നിയമഭേദഗതി ബില്ലിന്റെ നാൾവഴികൾ
∙ 2023 ഓഗസ്റ്റിൽ നിയമഭേദഗതിയുടെ കരട് നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
∙ 2023 സെപ്റ്റംബർ 14ന് ഭൂപതിവ് നിയമഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. ബിൽ നിയമസഭ ഐകകണ്ഠ്യേന പാസാക്കി.
എന്നാൽ സർക്കാരുമായുള്ള പോര് തുടർന്നതിനാൽ ഗവർണർ ബില്ലിൽ ഒപ്പു വച്ചില്ല. ∙ 2024 ഏപ്രിൽ 27ന് ഗവർണർ ബില്ലിൽ ഒപ്പു വച്ചു.
∙ 2024 ജൂൺ 7ന് സർക്കാർ ഭൂപതിവ് നിയമഭേദഗതി വിജ്ഞാപനം ചെയ്തു. ∙ 2025 ജൂണിൽ ഭൂപതിവ് നിയമഭേദഗതിയുടെ കരട് ചട്ടങ്ങൾക്ക് അന്തിമ രൂപമായി.
∙ 2025 ഓഗസ്റ്റ് 27ന് ഭൂപതിവ് നിയമഭേദഗതിയുടെ കരട് ചട്ടങ്ങൾ മന്ത്രിസഭാ യോഗം അംഗീകരിച്ചു.
ലക്ഷ്യം പണപ്പിരിവ്, പിൻവലിക്കണം: ഡീൻ കുര്യാക്കോസ് എംപി
കട്ടപ്പന ∙ ചട്ടം ഭേദഗതിയിലൂടെ ജനങ്ങളെ കൊള്ളയടിക്കാൻ അനുവദിക്കില്ലെന്ന് ഡീൻ കുര്യാക്കോസ് എംപി. പട്ടയ വസ്തുവിൽ നിർമിച്ചിരിക്കുന്ന കെട്ടിടങ്ങൾ വ്യവസ്ഥകൾ ലംഘിച്ചാണെന്നു ചൂണ്ടിക്കാട്ടി അവ ക്രമവൽക്കരിക്കാൻ പ്രത്യേക വകുപ്പുകൾ കൂട്ടിച്ചേർത്തുള്ള ഭേദഗതിക്ക് അംഗീകാരം നൽകിയതിലൂടെ വൻ പണപ്പിരിവാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്. സർക്കാരിന്റെ അനുമതിയോടെ നിർമിച്ച കെട്ടിടങ്ങൾക്കുമേൽ പലതട്ടുകളിലായി കൂടുതൽ ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത് അന്യായമാണ്.
ഫീസ് നിർണയിക്കുന്ന ഉദ്യോഗസ്ഥർ വൻ പണപ്പിരിവു നടത്തും.
സിപിഎം നേതാക്കളും ഉന്നത നേതൃത്വവും അതിന്റെ പങ്കുപറ്റുകാരായി മാറും. അന്യായമായ ചട്ടഭേദഗതി പിൻവലിക്കണം.
2019 ഓഗസ്റ്റ് 23നാണ് പട്ടയ വസ്തുവിൽ മറ്റു നിർമാണങ്ങൾ അനുവദിക്കില്ലെന്നും അങ്ങനെ നിർമിച്ചിട്ടുള്ളവ കണ്ടുകെട്ടി പാട്ടത്തിനു നൽകുമെന്നുമുള്ള കരിനിയമം അടിച്ചേൽപിച്ചത്. ആറു പതിറ്റാണ്ടത്തെ പ്രതിസന്ധി പരിഹരിച്ചെന്നു മുഖ്യമന്ത്രി അവകാശപ്പെടുമ്പോൾ പ്രശ്നങ്ങൾ സൃഷ്ടിച്ച് ജനങ്ങളെ കൂടുതൽ കുഴപ്പത്തിലാക്കിയതിന്റെ ക്രെഡിറ്റും അദ്ദേഹത്തിനു സ്വന്തമാണ്.
ഫീസ് ഈടാക്കുന്നതിനോടും യോജിപ്പില്ല. പട്ടയ വസ്തുവിൽ കാലാനുസൃതമായ നിർമാണങ്ങൾ അനുവദിക്കുമെന്ന ഭേദഗതി വരുത്തേണ്ട
ഭാഗത്ത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുകയും ഭാവിയിൽ സമ്പൂർണ നിർമാണ നിരോധനം അടിച്ചേൽപിക്കുകയും ചെയ്യുന്ന സർക്കാരിനെതിരെ യുഡിഎഫ് ശക്തമായ സമരം ആരംഭിക്കുമെന്നു യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ എന്നിവർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]