
തൃശൂർ: കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലം നിറ. വ്യാഴാഴ്ച പകൽ 11 മുതൽ 1.40 വരെയുള്ള ശുഭമുഹൂർത്തത്തിലാണ് ചടങ്ങ്.
ആദ്യ കൊയ്ത്തിന്റെ നെല്ല് ശ്രീ ഗുരുവായൂരപ്പന് സമർപ്പിക്കുന്ന പുണ്യ പ്രസിദ്ധമായ ചടങ്ങിനുള്ള കതിർ കറ്റകൾ നേരത്തെ തന്നെ എത്തിച്ചിരുന്നു. അഴീക്കൽ, മനയം പാരമ്പര്യ അവകാശി കുടുംബാംഗങ്ങൾ ബുധനാഴ്ച രാവിലെ കതിർക്കറ്റകൾ ക്ഷേത്രം കിഴക്കേ ഗോപുരത്തിന് സമീപമെത്തിച്ചു.
ദേവസ്വം ഭരണസമിതി അംഗം സി മനോജാണ് കതിർക്കറ്റകൾ ഏറ്റുവാങ്ങിയത്. അഴീക്കൽ കുടുംബാംഗം വിജയൻ നായർ, മനയം കുടുംബാംഗം കൃഷ്ണകുമാർ, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, അസി.
മാനേജർ സുശീല, സി എസ് ഒ മോഹൻകുമാർ, മറ്റ് ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ഇല്ലം നിറയുടെ തുടർച്ചയായുള്ള ഈ വർഷത്തെ തൃപ്പുത്തരി സെപ്റ്റംബർ 2 ചൊവ്വാഴ്ച പകൽ 9.16 മുതൽ 9.56 വരെയുള്ള മുഹൂർത്തത്തിൽ നടക്കും.
തൃപ്പുത്തരി ദിവസം ഭക്തജനങ്ങൾക്കായി 1200 ലിറ്റർ പുത്തരി പായസം തയ്യാറാക്കും. ഒരു ലിറ്ററിന് 240 രൂപയാകും നിരക്ക്.
മിനിമം കാൽ ലിറ്റർ പായസത്തിന് 60 രൂപയാകും നിരക്ക്. ഒരാൾക്ക് പരമാവധി 2 ടിക്കറ്റ് അനുവദിക്കും.
പുത്തരി പായസം തയ്യാറാക്കുന്നതിനുള്ള എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. പുത്തരി പായസം കൂടുതൽ സ്വാദിഷ്ടമാക്കുന്നതിന് 2200 എണ്ണം കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിക്കുമെന്നാണ് ഭരണസമിതി അറിയിച്ചിട്ടുള്ളത്.
കതിർക്കറ്റ സമർപ്പണം, കൃഷ്ണൻ കുട്ടിക്ക് ഭഗവദ് നിയോഗം വർഷങ്ങൾക്ക് മുൻപാണ് കൃഷ്ണൻ കുട്ടി തന്റെ പാടം ശ്രീഗുരുവായൂരപ്പന് സമർപ്പിച്ചത്. അധ്വാനഭാരത്താൽ ആ മണ്ണിൽ വിത്തെറിഞ്ഞു.
പൊന്നിൻ കതിർക്കറ്റകൾ വിരിയിച്ചു. സ്വന്തം ചെലവിൽ അവ ഗുരുവായൂരപ്പ സന്നിധിയിലെത്തിച്ചു.
മൂന്നാം വർഷവും ഗുരുവായൂർ ഇല്ലം നിറക്ക് കതിർക്കറ്റകൾ നൽകി കൃഷ്ണൻ കുട്ടി ആത്മസമർപ്പണത്തിന്റെ നിറവിലായി. തൃശൂർ പഴുന്നാന ആലാട്ടു വീട്ടിൽ കൃഷ്ണൻ കുട്ടിയ്ക്ക് ഇല്ലം നിറയ്ക്കുള്ള കറ്റകൾ എത്തിയ്ക്കുക ഗുരുവായുരപ്പ നിയോഗമാണ്.
അദ്ദേഹവും കുടുംബവും 30 സെന്റ് വരുന്ന പാടം ഗുരുവായൂരപ്പന് നേരത്തെ സമർപ്പിച്ചതാണ്. ഇത്തവണയും കൃഷ്ണൻ കുട്ടി ആ പതിവ് തുടർന്നു.
ബുധനാഴ്ച്ച കാലത്ത് 350 കറ്റകളുമായി കൃഷ്ണൻ കുട്ടി ഗുരുവായൂരിൽ എത്തി. കിഴക്കേ ഗോപുരത്തിനു സമീപം പ്രത്യേകം തയ്യാറാക്കിയ തട്ടിൽ അദ്ദേഹം കതിർ കറ്റകൾ സമർപ്പിച്ചു.
ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ കറ്റകൾ ഏറ്റുവാങ്ങി. ദർശനത്തിന് ശേഷം അദ്ദേഹത്തിന് കളഭം, കദളിപ്പഴം പഞ്ചസാര തിരുമുടിമാല എന്നിവയടങ്ങിയ ശ്രീ ഗുരുവായൂരപ്പന്റെ പ്രസാദങ്ങൾ നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]