
ശ്രീകൃഷ്ണപുരം ∙ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ നിലവിളിക്കുന്നിലെ മാലിന്യം തള്ളലിനെതിരെ നടപടിയെടുക്കേണ്ട അധികൃതർ കണ്ണടച്ചിരിക്കുമ്പോൾ ദുരിതം പേറി വലയുകയാണ് ജനം.
മംഗലാംകുന്നിനും പുഞ്ചപ്പാടത്തിനും ഇടയിലെ നിലവിളിക്കുന്നിൽ ഗർഭനിരോധന ഉറകൾ മുതൽ മീൻ, കോഴി, ശുചിമുറി മാലിന്യം തുടങ്ങി വളർത്തുമൃഗങ്ങളുടെ ജഡം വരെയാണ് തള്ളുന്നത്. അനാശാസ്യത്തിന്റെയും പരസ്യ മദ്യപാനത്തിന്റെയും കേന്ദ്രം കൂടിയാണിവിടം.
കൊതുകും ഈച്ചയും തെരുവുനായ്ക്കളും നിറഞ്ഞിരിക്കുന്നു.
2022 ഫെബ്രുവരി 7നാണ് നിലവിളിക്കുന്നിലെ മാലിന്യപ്രശ്നത്തെക്കുറിച്ചു മലയാള മനോരമ ഇതിനു മുൻപു വാർത്ത നൽകിയത്. രണ്ടര വർഷം കഴിഞ്ഞിട്ടും ഒരു മാറ്റവുമുണ്ടായിട്ടില്ല.
പ്രദേശത്ത് സിസിടിവി ക്യാമറ സ്ഥാപിക്കാമെന്നും വഴിവിളക്കുകളുടെ കുറവു പരിഹരിക്കുമെന്നുമുള്ള അന്നത്തെ വാക്കു പാലിക്കാൻ ശ്രീകൃഷ്ണപുരം ഗ്രാമപ്പഞ്ചായത്തിനു കഴിഞ്ഞിട്ടില്ല. പുഞ്ചപ്പാടം ഭാഗത്തു നിന്നു നിലവിളിക്കുന്നു തുടങ്ങുന്ന പ്രദേശത്ത് പൂക്കോട്ടുകാവ് പഞ്ചായത്താണ്.
അവിടെ പഞ്ചായത്ത് സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഒരു ഭാഗത്തു വനംവകുപ്പിന്റെ സ്ഥലമാണ്. റോഡരികിൽ വീടുകൾ കുറഞ്ഞതും കച്ചവടസ്ഥാപനങ്ങൾ ഇല്ലാത്തതും മാലിന്യം തള്ളുന്നവർക്കു സഹായകമാണ്.
സ്കൂളുകളിലേക്കും അങ്കണവാടിയിലേക്കും കുട്ടികൾ നടന്നുപോകുന്നതു തെരുവുനായ്ക്കളെ പേടിച്ചാണ്.
മൂണ്ടൂർ – തൂത സംസ്ഥാനപാതയായ ഇവിടെ 7 തെരുവുവിളക്കുകളാണുള്ളത്. അതിൽ കത്തുന്നതു രണ്ടെണ്ണം മാത്രം.
രാപകൽ ഭേദമില്ലാതെ ഇവിടെ വാഹനങ്ങൾ നിർത്തിയിടുന്നതു പതിവാണെന്നും ദുരൂഹസാഹചര്യത്തിൽ പലരെയും കാണാറുണ്ടെന്നും പേടി കാരണം പുറത്തു പറയുകയോ പരാതിപ്പെടുകയോ ചെയ്യാറില്ലെന്നും പ്രദേശവാസികൾ പറയുന്നു. നവീകരണം കഴിഞ്ഞതിനു ശേഷം റോഡിന്റെ ഇരുവശത്തും കാടുപിടിച്ചു കിടക്കുകയാണ്.
ഇവിടേക്കാണു മാലിന്യം തള്ളുന്നത്. സ്വന്തം ചെലവിലാണ് പലപ്പോഴും പ്രദേശവാസികൾ കാടു വെട്ടി വൃത്തിയാക്കുന്നത്.
ക്യാമറ ഉടൻ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്
∙ നിലിവിളിക്കുന്നിൽ സിസിടിവി ക്യാമറ ഉടൻ സ്ഥാപിക്കാൻ നടപടിയെടുക്കുമെന്ന് ശ്രീകൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് സി.രാജിത പറഞ്ഞു.
കെൽട്രോൺ അധികൃതർ ഇതിനായി അടുത്ത ദിവസം സ്ഥലം സന്ദർശിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രസിഡന്റ് അറിയിച്ചു. ആകെ 6 ക്യാമറകളാണ് പഞ്ചായത്തിൽ സ്ഥാപിക്കുന്നത്. ഇതിലൊരെണ്ണം നിലവിളിക്കുന്നിലാണ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്.
രണ്ടര വർഷം മുൻപ് ക്യാമറ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന വാക്ക് പാലിച്ചില്ലേയെന്ന ചോദ്യത്തിന് അന്ന് ക്യാമറ സ്ഥാപിക്കാൻ മാർഗനിർദേശം ലഭിച്ചില്ലെന്നായിരുന്നു പ്രസിഡന്റിന്റെ മറുപടി.
എന്നാൽ തൊട്ടടുത്ത് പൂക്കോട്ടുകാവ് പഞ്ചായത്ത് സിസിടിവി ക്യാമറ സ്ഥാപിച്ചിട്ട് ഒരു വർഷത്തിലേറെയായെന്നും പരിസരവാസികൾ പറയുന്നുണ്ട്. വളവും തിരിവുമുള്ള നിലവിളിക്കുന്നിൽ ശ്രീകൃഷ്ണപുരം പഞ്ചായത്ത് ഒരു ക്യാമറ മാത്രം സ്ഥാപിച്ചതു കൊണ്ട് പ്രയോജനമുണ്ടാകിലെന്നും നാട്ടുകാർ അഭിപ്രായപ്പെടുന്നു.
പരിശോധന കർശനമാക്കുമെന്ന് പൊലീസ്
∙ നിലവിളിക്കുന്നിൽ പൊലീസ് പരിശോധന കർശനമാക്കുമെന്നു ശ്രീകൃഷ്ണപുരം പൊലീസ് ഇൻസ്പെക്ടർ എസ്.അനീഷ്. സിസിടിവി ക്യാമറ സ്ഥാപിക്കലാണ് ശാശ്വത പരിഹാരമെന്നും ബന്ധപ്പെട്ട
പഞ്ചായത്തുകൾ ഇതിന് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരസ്യ മദ്യപാനത്തിനുൾപ്പെടെ ഒട്ടേറെ കേസുകൾ പ്രദേശത്ത് നിന്ന് എടുത്തിട്ടുണ്ട്. കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും ഇൻസ്പെക്ടർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]