
കർക്കടകത്തിൽ ആരോഗ്യസംരക്ഷണത്തിന് അമ്മ സൂസമ്മ കർക്കടകമരുന്ന് ഉണ്ടാക്കിയപ്പോൾ സ്മിത ജോസഫ് ആലോചിച്ചത് ഈ മരുന്നിനെ ലേഹ്യമാക്കി വിപണിയിലെത്തിച്ചാലോ എന്നാണ്. കർക്കടകമരുന്ന് എന്നാൽ ചവർപ്പുരുചിയാണ്.
പക്ഷേ, ഇതു ലേഹ്യമാക്കിയപ്പോൾ രുചിയേറി, ആവശ്യക്കാരുടെ നീണ്ടനിരയും.
മൂല്യവർധിത ഉൽപന്ന നിർമാണത്തിലൂടെ വീട്ടിൽതന്നെ സംരംഭം തുടങ്ങിയ സ്മിതയെന്ന വീട്ടമ്മയുടെ വിജയത്തിന് കഠിനാധ്വാനത്തിന്റെ തിളക്കമാണ്. ശ്രീകണ്ഠാപുരം വളക്കൈ എകെജി റോഡിൽ സ്മിത ജോസഫ് എബനേസർ രണ്ടുകൊല്ലം മുൻപാണ് ചക്കയുടെ മൂല്യവർധിത ഉൽപന്ന നിർമാണത്തിലൂടെ സംരംഭക സാധ്യത കണ്ടെത്തുന്നത്.
മലബാർ ജാക്ക്ഫ്രൂട്ട് സൊസൈറ്റിയിലെ 30 സ്ത്രീകളാണ് ചക്കയുൽപന്ന നിർമാണത്തിൽ പരിശീലനം നേടിയത്. ചക്കപ്പൊടി, ഇടിച്ചക്കപ്പൊടി, ചക്കക്കുരുപൊടി, ചക്കക്കുരു അവലോസ്പ്പടി, ചക്കപ്പുട്ട്പൊടി, ചക്കവരട്ടി, ചക്കജാം, സ്ക്വാഷ്, ചക്കമുള്ള ദാഹശമനി എന്നിങ്ങനെ ഒരു ചക്കയെ പൂർണമായും ഭക്ഷ്യയോഗ്യമാക്കി.
ചക്കസീസണിൽ സംഭരിച്ചുവയ്ക്കുന്ന ചക്കച്ചുള കൊണ്ടുള്ള പരീക്ഷണങ്ങൾ തുടർന്നു കൊണ്ടേയിരുന്നു.
എന്നാൽ വെറും ചക്കയിൽമാത്രം ഒതുങ്ങിയാൽ വിപണി വലുതാകില്ലെന്നു കണ്ടപ്പോൾ സ്മിത അമ്മ സൂസമ്മയുടെ സഹായം തേടി. പണ്ടുകാലത്ത് വീടുകളിൽ ഉപയോഗിച്ചിരുന്ന പലതരം പൊടികൾ എങ്ങനെ രുചിയോടെ വിപണിയിലെത്തിക്കാമെന്ന് സൂസമ്മ പറഞ്ഞുകൊടുത്തു.
കപ്പപ്പുട്ടുപൊടി, മധുരക്കിഴങ്ങുപുട്ടുപൊടി, ഇഞ്ചിപ്പൊടി, മഞ്ഞൾപ്പൊടി, കറിവേപ്പിലപ്പൊടി, മുരിങ്ങയിലപൊടി, കാന്താരിമുളകുപൊടി, സവാളപ്പൊടി, കായപ്പൊടി, ഉരുളക്കിഴങ്ങുപൊടി, പോത്ത് ഇടിയിറച്ചി, ബീഫ് അച്ചാർ, മീൻ അച്ചാർ എന്നിങ്ങനെ ഒരു വീട്ടിലേക്കു വേണ്ട
എല്ലാം വിപണിയിലെത്തിച്ചു. അങ്ങനെയാണ് സ്മിതാസ് ഫുഡ് പ്രൊഡക്ട് എന്ന പേരിൽ സ്മിത മാർക്കറ്റിലേക്കെത്തുന്നത്.
കുടുംബശ്രീ, കർഷക കൂട്ടായ്മ എന്നിവയിലൂടെയായിരുന്നു വിൽപന. ഫുഡ് സേഫ്റ്റി ലൈസൻസും പാക്കിങ് ലൈസൻസും നേടി ഉൽപന്നങ്ങൾ കടകളിലുമെത്തി.
വീട്ടിലെ ഡ്രയറിൽതന്നെയാണ് എല്ലാം ഉണക്കുന്നത്. പൊടിക്കാനും യന്ത്രമുണ്ട്.
വിദേശത്തേക്കുപോകുന്നവരാണ് ഉൽപന്നങ്ങൾ കൂടുതൽ വാങ്ങുന്നതെന്ന് സ്മിത പറഞ്ഞു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ ഭർത്താവ് അനീഷ്, മക്കളായ ശിൽപ, ശീതൾ, റോൺ, ഡോൺ എന്നിവരും സഹായത്തിനുണ്ട്.പാഴാക്കി കളയാൻ ഒന്നുമില്ലെന്നാണ് സ്മിത പറയുന്നത്.
മൊബൈലിലും ടിവിയിലും സമയം പാഴാക്കുന്നതുപോലും ഒഴിവാക്കിയാൽ ഒരു വീട്ടമ്മയ്ക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിയുമെന്ന് സ്മിത തെളിയിക്കുന്നു.
വീട്ടുമുറ്റ ത്തെ കറിവേപ്പിലയും മുരിങ്ങയിലയും പണം തരുന്നവയാണെന്നു സ്മിതയ്ക്കു തോന്നിയത് സംരംഭകയുടെ കാഴ്ചപ്പാട് മനസ്സിലുള്ളതുകൊണ്ടായിരുന്നു. അമ്മയുണ്ടാക്കിയ കർക്കടക മരുന്നിൽപോലും മൂല്യവർധിത ഉൽപന്നം കണ്ടെത്താൻ സ്മിതയ്ക്കു സാധിച്ചു.
സാധ്യതകളെ ഉപയോഗപ്പെടുത്തിയാൽ സംരംഭക നമ്മളിലും ഉണ്ടാകുമെന്ന് സ്മിതയുടെ വിജയത്തിൽനി ന്നു പഠിക്കാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]